ഒരു നൂറ്റാണ്ട് പിന്നിട്ട മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ഒരു സുപ്രധാന നിലപാടെടുത്തിരിക്കുകയാണ്. കേരളത്തിലെ ഓര്‍ത്തഡോക്സ്, യാക്കോബായ വിശ്വാസികളുടെ വേര്‍തിരിച്ചുള്ള കണക്കെടുക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. എറണാകുളം, പാലക്കാട് ജില്ലകളിലെ തര്‍ക്കത്തിലുള്ള ആറ് പള്ളികളുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 29, 30 തീയതികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ച കോടതി, അതുവരെ തല്‍സ്ഥിതി തുടരാനും നിര്‍ദേശിച്ചു.
ഓരോ പഞ്ചായത്തിലെയും മലങ്കര പള്ളികളുടെ എണ്ണം, ഓരോ വിഭാഗത്തില്‍പ്പെട്ട വിശ്വാസികളുടെ എണ്ണം, നിലവിലെ ഭരണം ആര്‍ക്ക് തുടങ്ങിയവയാണ് സുപ്രീം കോടതിക്ക് നല്‍കേണ്ടത്. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണനിര്‍വഹണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എറണാകുളം ഓടക്കാലി സെയ്ന്റ് മേരീസ് പള്ളി, പുളിന്താനം സെയ്ന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളി, മഴുവന്നൂര്‍ സെയ്ന്റ് തോമസ് പള്ളി, പാലക്കാട്ടെ മംഗലം ഡാം സെയ്ന്റ് മേരീസ് പള്ളി, എരിക്കില്‍ചിറ സെയ്ന്റ് മേരീസ് പള്ളി, ചെറുകുന്നം സെയ്ന്റ് തോമസ് പള്ളി എന്നീ പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനായിരുന്നു ഇടക്കാല ഉത്തരവ്. സെമിത്തേരിയും മറ്റും ഉപയോഗിക്കുന്നതിന് സഭാ ഭരണഘടന അംഗീകരിക്കുന്നുവെന്ന് പ്രതിജ്ഞയെടുപ്പിക്കാന്‍ മറ്റുവിഭാഗങ്ങളെ നിര്‍ബന്ധിക്കരുതെന്നും ഓര്‍ത്തഡോക്സ് സഭയോട് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ആറുപള്ളികളിലും തല്‍സ്ഥിതി തുടരാനാണ് ഇപ്പോള്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹര്‍ജികള്‍ വീണ്ടും പരിഗണിച്ച് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഭരണത്തില്‍ നിലവിലെ സ്ഥിതി തുടരണം. ആറ് പള്ളികള്‍ കൈമാറണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ ഇരുവിഭാഗത്തിനും പ്രയാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആറ് പള്ളികളില്‍ യാക്കോബായ വിശ്വാസികളാണ് കൂടുതലെന്ന് വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പക്ഷേ, സംസ്ഥാനത്തെ മുഴുവന്‍ മലങ്കര പള്ളികളിലെയും കണക്ക് നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പള്ളികള്‍ കൈമാറാനാകില്ലെന്നും കൈമാറിയാല്‍ ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നും യാക്കോബായ സഭ അഭിഭാഷകന്‍ വാദിച്ചു. പള്ളികള്‍ ഏറ്റെടുത്താല്‍ സെമിത്തേരികളില്‍ യാക്കോബായ പുരോഹിതരെ അനുവദിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭയും കോടതിയെ അറിയിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അനിഷ്ട സംഭവങ്ങളുണ്ടാകരുതെന്നും ഉണ്ടായാല്‍ സംസ്ഥാനത്തിന് ഇടപെടാമെന്നും കോടതി പറഞ്ഞു.
ഈ സാഹചര്യത്തില്‍ നീതി നിഷേധിക്കപ്പെടുന്നതുള്‍പ്പെടെ കേള്‍ക്കാന്‍ കോടതി സന്നദ്ധമാതുന്നവെന്നത് വലിയ ആശ്വാസമാണെന്ന് യാക്കോബായ സഭയും, കോടതി നിര്‍ദേശത്തോട് സഹകരിക്കുമെന്നും, പ്രതികൂല വിധിയുണ്ടായാല്‍ പ്രശ്നങ്ങളുണ്ടാകുന്ന നിലപാടില്ലെന്ന് ഓര്‍ത്തഡോക്സ് സഭയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഇടപെട്ടും സംസ്ഥാന സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമാവാതെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും തമ്മിലുള്ള തര്‍ക്കം 100 വര്‍ഷമായി തുടരുകയാണ്. 2017-ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ ഒരു നൂറ്റാണ്ടോളം നീളുന്ന തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ് വേണ്ടതെന്നാണ് യാക്കോബായ സഭയുടെ നിലപാട്.
ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണ് കേരളത്തിലെ യാക്കോബായ സഭയെങ്കില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസഭയാണ് ഓര്‍ത്തഡോക്സ് സഭ. 1958-ലും 1995-ലും ഉണ്ടായ കോടതി വിധിയിലൂടെ തര്‍ക്കം തീര്‍പ്പാക്കിയിരുന്നെങ്കിലും മധ്യകേരളത്തിലടക്കമുള്ള പല പള്ളികളുടെയും നിയന്ത്രണമാണ് തര്‍ക്കം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഓര്‍ത്തഡോക്സ്-യാക്കോബായ കേസില്‍ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017-ല്‍ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. 1934-ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സുപ്രീംകോടതി വിധി നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാണ്. ഇതോടെ തര്‍ക്കം പരിഹരിക്കപ്പെടുകയല്ല കൂടുതല്‍ തീവ്രമാവുകയാണ് ഉണ്ടായത്. ഈ തര്‍ക്കങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, പോലീസ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്.
സഭാതര്‍ക്കത്തിന്റെ അടിസ്ഥാനം അധികാരവും സമ്പത്തും കയ്യടക്കാന്‍ ഇരു ചേരികള്‍ നടത്തിയ ശ്രമം മാത്രമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. അധികാരവും സമ്പത്തും കൈവിടാന്‍ ഇരു പക്ഷവും തയ്യാറാകാത്തതുകൊണ്ട് തന്നെയാണ് തര്‍ക്കപരിഹാരം അനിശ്ചിതമായി നീണ്ടുപോകുന്നത്. വിശ്വാസത്തിലും ആരാധനാക്രമത്തിലും വേഷത്തിലും ഒരു വത്യാസവും ഇരു വിഭാഗവും തമ്മിലില്ലെന്നിരിക്കെ പ്രശ്നം രമ്യമായി ഒത്തുതീരാത്തതില്‍ വിശ്വാസികള്‍ക്ക് കടുത്ത ആശങ്കയാണുള്ളത്.
ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സഭാ തര്‍ക്കമെന്നത് ഒരു വാകാരിക പ്രശ്നമാണ്. അതിനാല്‍ത്തന്നെ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രസ്നത്തില്‍ ഇടപെടാല്‍ വൈമുഖ്യമുണ്ട്. ഇരു വിഭാഗത്തിലും ശക്തമായ വോട്ടുബാങ്കുണ്ടെന്നതുതന്നെ കാരണം. വിഷയത്തില്‍ ഇരുവിഭാഗക്കാരെയും പിണക്കുന്നത് തിരഞ്ഞടുപ്പുകളില്‍ ദോഷം ചെയ്യുമെന്നതിനാല്‍ കാര്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുന്നില്ല.
സഭാ തര്‍ക്കം ഏതുവിധേനയും പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആകമാന സുറിയാനി തലവന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ ശക്തമായ ആവശ്യവും സഭാ തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ വഴിയൊരുക്കുന്ന തരത്തിലുള്ളതാണ്. പള്ളി വഴക്കിന്റെ പേരില്‍ സമുദായത്തെ ഒന്നാകെ മറ്റു സമുദായക്കാര്‍ വിലകുറച്ചു കാണുന്നതും പുതു തലമുറയ്ക്ക് ഇത്തരം സഭാ തര്‍ക്കത്തില്‍ കാര്യമായ താല്‍പര്യമില്ലാത്തതും പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു സഭകളിലെയും നേതൃത്വങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്.
കോടതികയറിയ സഭാതര്‍ക്കത്തില്‍ പുതുതലമുറയ്ക്കാകട്ടെ യാതൊരു താത്പര്യവുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവാഞ്ചലിക്കല്‍ സഭകളിലേക്ക് വിശ്വാസികള്‍ ചേക്കേറുന്നതും സഭാ നേതൃത്വങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇരു വിഭാഗവും ചര്‍ച്ചയ്ക്കും തര്‍ക്കം പരിഹരിക്കാനും തയാറാണെന്ന് ആവര്‍ത്തിക്കുമ്പോഴും ഇതിനുള്ള നടപടികള്‍ വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് യാഥാര്‍ഥ്യം.