തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മൂന്ന് ആനിമേഷൻ ചിത്രങ്ങൾക്കും മികച്ച പ്രതികരണം. എ ബോട്ട് ഇൻ ദ ഗാർഡൻ, ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റ്, ചിക്കൻ ഫോർ ലിൻഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷൻ സിനിമകൾ മേളയിൽ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.
ആനിമേഷൻ ചിത്രങ്ങൾക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷൻ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നൽകേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിയാറാ മാൾട്ടയും സെബാസ്റ്റ്യൻ ലോഡെൻബാക്കും ചേർന്ന് സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമാണ് ചിക്കൻ ഫോർ ലിൻഡ. പാചകമറിയാത്ത പോളിറ്റ്, മകൾ ലിൻഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കൻ വിഭവം തയ്യാറാക്കാൻ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാർ പുരസ്‌കാരവും മാഞ്ചസ്റ്റർ ആനിമേഷൻ ഫെസ്റ്റിവലിൽ മികച്ച ആനിമേഷൻ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കൻ ഫോർ ലിൻഡയ്ക്ക്.
ജീൻ ഫ്രാൻസ്വ സംവിധാനം ചെയ്ത എ ബോട്ട് ഇൻ ദ ഗാർഡൻ, സർഗാത്മക സ്വപ്നങ്ങൾ കാണുന്ന ഫ്രാൻസ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാൻ ചലച്ചിത്രമേള ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
പരസ്പര വ്യത്യാസം മറയ്ക്കാൻ തല കടലാസുസഞ്ചികൾ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാൻ ശുക്ല സംവിധാനം ചെയ്ത 'ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റി'ൽ പറയുന്നത്. 2024ൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.