തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ യുടെ ആറാം ദിനത്തിന് മാറ്റു കൂട്ടി സമകാലിക ഇന്ത്യൻ സിനിമയിലെ തന്നെ വേറിട്ട മുഖമായ പായൽ കപാഡിയ പങ്കെടുത്ത 'ഇൻ കോൺവെർസേഷൻ' പരിപാടി. നിള തിയേറ്ററിൽ നടന്ന പരിപാടിക്ക് വമ്പിച്ച പ്രേക്ഷക പങ്കാളിത്തമാണ് ഉണ്ടായത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പരിപാടിയിൽ മോഡറേറ്ററായി.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഉരുക്കു വനിതയായി കപാഡിയയെ വിശേഷിപ്പിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പുരോഗമന സമൂഹത്തെ രൂപപ്പെടുത്താനുള്ള ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് പായൽ എന്നും കൂട്ടിച്ചേർത്തു. സിനിമയോടും സമൂഹത്തോടും മനുഷ്യരാശിയോടുമുള്ള പായലിന്റെ പ്രതിബദ്ധതയ്ക്ക് അഭിവാദ്യമർപ്പിച്ച പ്രേംകുമാർ തിരിതെളിച്ചത് സർഗാത്മകതയുടെയും ചലച്ചിത്ര ഭാഷ്യങ്ങളുടെയും ഉജ്ജ്വലമായ ചർച്ചയ്ക്കായിരുന്നു.
എല്ലാ മനുഷ്യരുടെ ഉള്ളിലും സ്ത്രീയും പുരുഷനും ഉണ്ടെന്നും എന്നാൽ വ്യക്തിപരമായ രാഷ്ട്രീയത്തിൽ ഊന്നിയാണ് ആളുകൾ വിഷയങ്ങളെ നോക്കിക്കാണുന്നതെന്നും പായൽ കപാഡിയ വ്യക്തമാക്കി. സ്ത്രീപക്ഷ സിനിമകൾ മികവോടെ ചെയ്യാൻ കഴിയുന്നത് സ്ത്രീകൾക്ക് തന്നെയാണോ എന്ന ചോദ്യത്തിനായിരുന്നു പായലിന്റെ ഈ മറുപടി.
വിദ്യാർഥിയായിരുന്ന കാലത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കേരളത്തിന്റെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വച്ചിത്ര മേളയിൽ തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച പായൽ ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ 'പ്രഭയായി നിനച്ചതെല്ലാം' പ്രദർശിപ്പിക്കുന്നതിലും അതിയായ സന്തോഷം പ്രകടിപ്പിച്ചു. തനിക്ക് സുപരിചിതമല്ലാത്ത മലയാള ഭാഷ ഉപയോഗിച്ചുള്ള ചിത്രീകരണത്തിൽ സഹായകമായത് ചിത്രത്തിന് സംഭാഷണം എഴുതിയ നസീമിന്റെയും റോബിന്റെയും സഹകരണമാണെന്നു പായൽ പറഞ്ഞു. പരിചിതമല്ലാത്ത ഭാഷയിൽ ചിത്രം സംവിധാനം ചെയ്തത് വ്യത്യസ്തമായ അനുഭവമായി. ചിത്രകാരി കൂടിയായ തന്റെ അമ്മയുടെ സ്വാധീനത്തെ കുറിച്ച് പറഞ്ഞ പായൽ അമ്മയോടൊത്തുള്ള ഓർമ്മകൾ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഡോക്യുമെന്ററി ചിത്രങ്ങളിൽ നിന്ന് ഫീച്ചർ ചിത്രങ്ങളിലേക്കുള്ള പരിണാമത്തെ കുറിച്ച് ആരാഞ്ഞപ്പോൾ ഫിക്ഷനും നോൺ ഫിക്ഷനും തമ്മിലുള്ള അതിരുകൾ നേർത്തതാണെന്നും രണ്ടും തനിക്ക് ഒരു പോലെ ആണെന്നും ആയിരുന്നു പായലിന്റെ മറുപടി.
കാൻ ചലച്ചിത്ര മേളയിലെ പ്രസിദ്ധമായ ഗ്രാൻഡ് പ്രി പുരസ്‌കാരം ലഭിച്ച 'പ്രഭയായി നിനച്ചതെല്ലാം' എന്ന ചിത്രം കടന്നു പോയ ഘട്ടങ്ങളെ കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും അതിൽ സംഗീതം വഹിക്കുന്ന പ്രാധാന്യത്തെ കുറിച്ചും പായൽ വിവരിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ പ്രഭ, കനി കുസൃതി, ഛായ കദം തുടങ്ങിയവർക്കായി നടത്തിയ വർക്ക് ഷോപ്പിനെ കുറിച്ചും പായൽ സൂചിപ്പിച്ചു. ചലച്ചിത്ര മേളകളിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് വ്യവസ്ഥിതികളിലും സ്ത്രീ സംവിധായകരുടെ പ്രാതിനിധ്യമില്ലായ്മ, സ്വതന്ത്ര സംവിധായകരും സ്വതന്ത്ര ചലച്ചിത്ര മേഖലയും നേരിടുന്ന വെല്ലുവിളികൾ, ചലച്ചിത്ര മേളകൾ നേരിടുന്ന സെന്‌സർഷിപ് പ്രശ്‌നങ്ങൾ എന്നിവയെയൊക്കെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളാണ് പായൽ മുന്നോട്ട് വെച്ചത്.
പ്രഭയായി നിനച്ചതെല്ലാം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.