Image

മരണം പ്രവചിക്കുന്ന തിരുമേനി (നമുക്കുചുറ്റും - 6: സുധീർ പണിക്കവീട്ടിൽ)

Published on 18 December, 2024
മരണം പ്രവചിക്കുന്ന തിരുമേനി (നമുക്കുചുറ്റും - 6: സുധീർ പണിക്കവീട്ടിൽ)

വിശ്വാസങ്ങളേക്കാൾ ഓരോ പുണ്യസ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ് എന്നെ എപ്പോഴും ആകർഷിച്ചിട്ടുള്ളത്‌. പാപനാശിനിയിൽ പോയി ബലിയിട്ടാൽ പിതൃക്കൾക്ക് സ്വർഗ്ഗപ്രാപ്തി അല്ലെങ്കിൽ ഭഗവാനിൽ ലയിച്ച് മോക്ഷം കിട്ടുമെന്നൊക്കെ വിശ്വാസമുള്ളവർ പറയുന്നതിനെ നമ്മൾ എന്തിനു എതിർക്കുന്നു. എനിക്ക് അവിടെ ചെല്ലുമ്പോൾ അവാച്യമായ ഒരു അനുഭൂതി ഉണ്ടാകാറുണ്ട്. അഹം ബ്രഹ്മാസ്മി എന്ന മഹാവചനപ്രകാരം എന്റെ ഉള്ളിൽ ദൈവം ഉള്ളതുകൊണ്ടായിരിക്കുമോ ഞാൻ ആനന്ദം അനുഭവിക്കുന്നത്,  അറിഞ്ഞുകൂടാ. ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണുവാണ്. സമീപത്തുള്ള തൃശ്ശിലശ്ശേരിയിൽ ശിവന്റെ അമ്പലം ഉണ്ട്. അവിടെ വിളക്ക് വച്ച് പാപനാശിനിയിൽ കുളിച്ചു പിതൃക്കൾക്ക് ബലിതർപ്പണത്തിനുശേഷം മഹാവിഷ്ണുവിനെ വണങ്ങുക എന്നാണ് ചടങ്ങു. ഇതെല്ലാം അറിയുന്ന ഒരാൾ അവിടെ നിന്നും കൂടി. എന്തെങ്കിലും പാരിതോഷികം പ്രതീക്ഷിച്ചാണ് കൂടെ വന്നിട്ടുള്ളത്. അങ്ങനെ കർമ്മങ്ങൾ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരാൾ വിളിക്കുന്നു. താടിയും തലയും പൂണൂൽധാരിയുമായ ഒരാൾ. ദൈവചൈതന്യം കളിയാടുന്ന മുഖമുള്ള ഒരു വൃദ്ധൻ. 
“എന്നെ ചൂണ്ടി ഇങ്ങോട്ട് വരിക.” കൂടെയുള്ള ആൾ പറഞ്ഞു ചെല്ലൂ ചെല്ലൂ തിരുമേനി ത്രികാലജ്ഞാനിയാണ്. അയാളുടെ അടുത്ത് ചെന്നപ്പോൾ അയാൾ അടിമുടി ഒന്ന് നോക്കി. എന്താ നക്ഷത്രം? അത് പറഞ്ഞപ്പോൾ ജന്മമാസം ഏതാണ് എന്ന ചോദ്യം വന്നു. അതും പറഞ്ഞപ്പോൾ അദ്ദേഹം ചെറുതായി പുഞ്ചിരിച്ചു.  എന്നിട്ട് പറഞ്ഞു.. അടുത്ത പിറന്നാൾ  തികക്കില്ലല്ലോ. “എന്ന് വച്ചാൽ” എന്ന എന്റെ ചോദ്യത്തിന് അടുത്ത പിറന്നാളിന് ഇവിടെ ഉണ്ടാകില്ല എന്ന് തന്നെ. ശരിയാണ് ഞാൻ അമേരിക്കയിൽ ആയിരിക്കും. അദ്ദേഹത്തിന് അൽപ്പം കോപം വന്നു. ഇവിടെ എന്ന് ഉദേശിച്ചത് ഈ ഭൂമിയിൽ എന്നാണു. ഓ ഞാൻ മരിച്ചുപോകുമെന്നാണോ? വെറുതെ പോയ എന്നെ വിളിച്ച് മരണകാരണം അറിയിക്കേണ്ട എന്ത് കാര്യമാണ് നിങ്ങൾക്ക്. ദക്ഷിണ വല്ലതും കൂടുതൽ വേണമെങ്കിൽ അത് പറഞ്ഞാൽ പോരെ. മരണത്തെ എനിക്ക്  ഭയമില്ല. അതും പറഞ്ഞു അദ്ദേഹത്തോട് വിട വാങ്ങി നടക്കുമ്പോൾ കൂടെയുള്ള ആൾ പറഞ്ഞു അദ്ദേഹം പറഞ്ഞാൽ അച്ചട്ടാണ്. എനിക്ക് ചിരിയാണ് വന്നത്. മരണം മനുഷ്യന് ഒരിക്കലും വ്യകതമായി പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം പറയുന്നു എന്റെ അടുത്ത പിറന്നാളിന് ഞാൻ ഉണ്ടാകില്ലെന്ന്. അത് വരെ ഉണ്ടാകുമല്ലോ എന്ന് കൂടെയുള്ള ആളിനോട് പറഞ്ഞു വീട്ടിലേക്ക് മടങ്ങി. 

വീട്ടിൽ വന്നു സഹോദരിയോട് വിവരം പറഞ്ഞപ്പോൾ അവൾ പരിഭ്രമിക്കാൻ തുടങ്ങി. അവൾക്കാണെങ്കിൽ അമ്പലവും പൂജയും പ്രാർത്ഥനയും വളരെ പ്രധാനമാണ്. അവൾ പറഞ്ഞു ശിവകോവിലിൽ പോയി തൊഴണം.  ഞാനപ്പോൾ മാർക്കണ്ഡേയന്റെ കഥ ഓർക്കുകയായിരുന്നു.  കുട്ടികൾ ഇല്ലാതിരുന്ന ദൈവവിശ്വാസികളായ ദമ്പതിമാർക്ക് വരം കിട്ടുന്നു. ഒരു പുത്രനെ തരാം. പക്ഷെ അവൻ പതിനാറു വയസ്സ് വരെ മാത്രമേ ജീവിക്കയുള്ളു. അയാൾ ശിവഭക്‌തനായി വളർന്നു. പതിനാറാമത്തെ വയസ്സിൽ തന്നെ കൊണ്ടുപോകാൻ കാലൻ വരുമെന്നറിഞ്ഞു അദ്ദേഹം ശിവന്റെ കോവിലിൽ ശിവലിംഗത്തിൽ കെട്ടിപിടിച്ചിരുന്നു. അദ്ദേഹത്തെ  കൊണ്ടുപോകാൻ വന്ന കാലന്മാർ ശ്രദ്ധിക്കാതെ കയർ എറിഞ്ഞപ്പോൾ അത് ശിവലിംഗത്തെയും ചുറ്റിക്കളഞ്ഞു. കോപിഷ്ഠനായ ശിവൻ യമനെ നിഗ്രഹിച്ചു. ദേവന്മാരുടെ അപേക്ഷപ്രകാരം മാർക്കണ്ഡേയന് എന്നും പതിനാറു വയസ്സായിരിക്കും അദ്ദേഹത്തിന് മരണമില്ല എന്ന വ്യവസ്ഥയിൽ യമനെ പുനരുജ്ജീവിപ്പിച്ചു.  പിറന്നാളിന്റെ തലേന്നാൾ ശിവന്റെ കോവിലിൽ പോയി ഭജനമിരിക്കാമെന്നവളോട് പറഞ്ഞപ്പോൾ അവൾ പ്രതികരിച്ചില്ല. അവളിൽ ദുഃഖം ഉറഞ്ഞു കൂടാൻ തുടങ്ങി. ഞാൻ ശിവകോവിലിൽ പോയി ശിവനെ തൊഴുന്നതും യമകിങ്കരന്മാർ എന്നെ കുരുക്കാൻ  കയറിടുന്നതും ശിവൻ തൃക്കൺ തുറന്നു യമനെ നിഗ്രഹിക്കുന്നതും അവൾ ഭാവനയിൽ കാണുകയായിരിക്കും. പ്രിയപ്പെട്ടവരേ വിട്ടുപിരിയുക എത്ര സങ്കടകരം. ഏതോ ഒരു വൃദ്ധ നമ്പൂതിരി പ്രവചിച്ച കാര്യം ഓർത്ത് നമ്മൾ എന്തിനു ദുഖിക്കണം എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു.. 

മരണം മുൻകൂട്ടി അറിഞ്ഞാൽ ഓരോരുത്തരിലും ഉണ്ടാകുന്ന പ്രതികരണങ്ങൾ എങ്ങനെയിരിക്കുമെന്നാലോചിച്ചപ്പോൾ പലതും മനസ്സിൽ തെളിഞ്ഞു. ഞാൻ എന്റെ മരണം മനസ്സിൽ ആലോചിച്ച്  ആഘോഷിച്ചു. പത്രക്കാർ "സുധീർ കുമാർ അന്തരിച്ചു" എന്ന വാർത്ത കൊടുത്തേക്കാം. ആ ശബ്ദം നിലച്ചുപോയി, ആ തൂലിക ഇനി  ചലിക്കില്ലെന്നൊക്കെ സ്നേഹമുള്ള മറ്റു എഴുത്തുകാർ എഴുതിയേക്കാം. ഭാര്യ തലമുണ്ഡനം ചെയ്തു ശുഭ്ര വേഷധാരിയായി ശേഷിച്ച കാലം കഴിച്ചേക്കാം. പക്ഷെ അവർക്കറിയാം “നിന്റെ ഗിത്താറിൻ  മാറിൽ എത്ര കമ്പിയെന്നു” പാടി അവർക്ക് ചുറ്റും എപ്പോഴും വട്ടം കറങ്ങുന്ന കവിഹൃദയമുള്ളവൻ കവിതകൾ പാടി അദൃശ്യനായി കൂടെ ഉണ്ടാകുമെന്നു. പക്ഷെ നിത്യദുഃഖം ബാധിക്കുന്നത് കുറെ സ്നേഹസ്വരൂപിണികളെ ആയിരിക്കും. പ്രേമപൂജാ  നേർച്ചയുമായി പ്രതിദിനം വന്നെത്തുന്നവർ. അവർ ദേവതമാരോ മനുഷ്യരോ? അവർ വരാറുണ്ട്. അവർ സങ്കലപ്പസുഷമകളിൽ അഭിരമിക്കുന്നവർ. കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും ഓരോ ദിവസത്തെയും മനോഹരമാക്കുന്ന ജാലവിദ്യക്കാരനെ കണ്ണൻ എന്നും ദേവദേവൻ എന്നും അഭിസംബോധന ചെയ്യുന്നവർ. അവർണ്ണനീയമായ അനുഭൂതികൾ പകർന്നു അവരെ ആഹ്ളാദിപ്പിക്കുന്നവനുമായി (regale) എന്ത് ബന്ധം എന്ന് ചോദിച്ചാൽ മറുപടി അറിയാത്തവർ. അവരെ എന്തിനു പറയുന്നു. എനിക്കും അറിയില്ല. നിർമ്മലരാഗത്തിന്റെ തുഷാരം പുൽത്തുമ്പുകളിൽ നിന്നും സൂര്യരസ്മികൾക്ക് കടുപ്പം കൂടുമ്പോൾ ഉരുകി പോകുന്നു. നിർവചിക്കാനാവാത്ത ജീവിത പുലരികൾ.

 എന്നാലും പ്രായഭേദമെന്യേ ഒഴുകിയെത്തുന്ന സ്നേഹസരസ്സുകൾ. മഞ്ഞും കുളിരുമായിട്ടാണ് പിറന്നാൾ മാസം വന്നെത്തുന്നത്. അന്നോ അതിനു മുന്നെയോ ആണോ യമദേവൻ പ്രസാദിക്കുന്നത് എന്നറിയില്ല. ഒരു പക്ഷെ അങ്ങനെ സംഭവിച്ചാൽ പിറന്നാൾ അടുക്കുമ്പോൾ സ്നേഹസ്വരൂപിണികൾ നിറഞ്ഞ കണ്ണുകളോടെ, തീരാത്ത വേദനയോടെ ജയചന്ദ്രനെക്കാൾ ആർദ്രമായി പാടാവുന്ന വരികൾ തെളിഞ്ഞു വന്നു. “മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു, നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ.” ദിവ്യമായ പ്രണയത്തിന്റെ മാരിവിൽവർണ്ണങ്ങൾ തൂവുന്ന കഥകളും കവിതകളും എഴുതി മനുഷ്യമനസ്സുകളിൽ നിലക്കാത്ത മോഹങ്ങൾ നിറയ്ക്കുന്നതുകൊണ്ട് എനിക്ക് ലഭിക്കുന്നത് നരകമായിരിക്കും. അവിടേക്ക് ആ മനസ്വിനിമാരുടെ ഗാനവീചികൾ എത്തുമോ എന്തോ. അതുകൊണ്ട് ഇപ്പോൾ അതൊക്കെ സങ്കൽപ്പിച്ച് ആനന്ദിക്കാം.
ശുഭം

 

Join WhatsApp News
Santhosh Pillai 2024-12-19 04:06:53
രാമന്റെ കഥകൾ പറയുവാനും കേൾക്കുവാനും ഭക്തർ ഉള്ള കാലത്തോളം ഹനുമാൻ സ്വാമിയും ജീവിച്ചിരിക്കും എന്ന് കേട്ടിട്ടുണ്ട്. അതുപോലെ പ്രണയണികൾ ഉള്ളകാലത്തോളം അങ്ങയും ജീവിച്ചിരിക്കും. സ്നേഹസ്വരൂപിണികൾ ഉള്ളപ്പോൾ അവിടം സ്വർഗ്ഗം തന്നെ. അതെ ഈ പ്രപഞ്ചം നിലനിൽക്കുന്നതു തന്നെ പ്രേമത്തിനെ ആധാരമാക്കിയല്ലേ? ഭൂമിക്ക് അമ്പിളിയോട് പ്രേമം, ആദിത്യന് എല്ലാ ഗ്രഹങ്ങളോടും പ്രണയും! അങ്ങനെ അങ്ങനെ--- വയലാർ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഇതിഹാസങ്ങൾ ജനിക്കും മുമ്പേ ഈശ്വരൻ ജനിക്കും മുമ്പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി പ്രേമം
Abdul 2024-12-19 04:49:03
Sweet dreams keep you go than believing priest.
American Mollakka 2024-12-19 21:24:20
ഞമ്മളൊക്കെ എപ്പോ മയ്യത്താകുമെന്നു ചിന്തിച്ചാൽ ഒരു അന്തവുമില്ല. ഞമ്മന്റെ രണ്ടാമത്തെ ബീവി അടുത്ത് ബരുമ്പോൾ നെയ്‌ച്ചോറിന്റെ ഒരു ബാസനയാണ് മറ്റേ രണ്ടു ബീവിമാർക്കും അത്തറിന്റെ മണം. ഞമ്മക്ക് ജീബിതം മടുത്തിട്ടില്ല ബീവിമാരുടെ കൈബള കിലുക്കവും പാദസര പാട്ടുമൊക്കെ ഇമ്മടെ ദാസേട്ടന്റെ പാട്ടു ഓർമ്മിപ്പിക്കും സംകൃത പമഗരി തംഗ തുംഗ തധിം ഗിണ തിം കൃത തിമികിട മേളം -മലക്കുകൾ ഞമ്മളെ ഊഞ്ഞാലിൽ ആട്ടുന്ന സുഖം അപ്പോൾ. എന്തിനാണ് മയ്യത്തിനെപ്പറ്റി ചിന്തിക്കുന്നത് ഞമ്മള് പടച്ചോനോട് സുധീർ സാഹിബ് കുറെ നാൾ കൂടി ജീബിച്ചിരിക്കാൻ വേണ്ടി ദുവ യാചിക്കുന്നു. അദ്ദേഹം ഇങ്ങനെയൊക്കെ എയുതി ഞമ്മക്ക് പെരുത്ത് സന്തോശം തരട്ടെ.എല്ലാ ബായനക്കാർക്കും മരിക്കാതിരിക്കാനുള്ള കൃപ പടച്ചോൻ നൽകട്ടെ.
എം.പി. ഷീല 2024-12-21 14:52:37
കള്ള തിരുമേനി😄
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക