തിരുവനന്തപുരം: മലയാളം സിനിമ ടുഡേ വിഭാഗത്തിലെ 14 സിനിമകളിൽ സ്വതന്ത്ര സിനിമകളുടെ പങ്ക് വലുതാണെന്ന് മലയാളം സിനിമ ടുഡേ വിഭാഗം സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ജിയോ ബേബി. നൂതനമായതും പരീക്ഷണാടിസ്ഥാനത്തിലും നിർമിച്ച ചിത്രങ്ങൾ കൂടുതലായുള്ളത് സ്വതന്ത്ര സിനിമകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മികവാർന്ന ദേശീയ, രാജ്യാന്തര സിനിമകൾ ഇത്തവണത്തെ മേളയിൽ പ്രേക്ഷകർക്കുമുന്നിലെത്തി. ഭാരിച്ച പണച്ചെലവേറിയ ഒന്നല്ല സിനിമ എന്നു ചൂണ്ടികാട്ടുന്നതാണ് ഈ വിഭാഗത്തിൽ വന്ന കാമദേവൻ നക്ഷത്രം കണ്ടു, വട്ടൂസി സോംബി എന്നീ ചിത്രങ്ങൾ. ഐ.എഫ്.എഫ്.കെയ്ക്കു വേണ്ടി മാത്രം സിനിമകൾ നിർമിക്കുന്ന കൂട്ടായ്മകളുണ്ടെന്നത് മേളയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു. നിലവാരമുള്ള കേരളത്തിലെ പ്രേക്ഷകർ വിജയിപ്പിക്കുന്നതും അങ്ങനെയുള്ള ചിത്രങ്ങളാണ്. പലതരം സിനിമകൾ ചെയ്യാൻ പറ്റുന്ന നാട്ടിൽ ജീവിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ഒപ്പം അത് വലിയ ഉത്തരവാദിത്തം കൂടി നൽകുന്നുണ്ട്. ഗംഭീര സിനിമകളാണ് ഇവിടുത്തെ പ്രേക്ഷകർക്ക് വേണ്ടത് എന്ന ബോധ്യം ഉണ്ടായിരുന്നു. എത്രപേർ മേളയിൽ പങ്കെടുത്തു എന്നതിനുമപ്പുറം എത്ര പേർ സിനിമകൾ കാണാൻ കയറുന്നു എന്നതാണ് ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമാണ് നിറഞ്ഞ സദസ്സിൽ പ്രദശനം പുരോഗമിക്കുന്ന സിനിമകൾ എന്നും ജിയോ ബേബി ചൂണ്ടിക്കാട്ടി.
250 ഓളം ചിത്രങ്ങളിൽ നിന്ന് 10 ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ പ്രക്രിയയായിരുന്നുവെന്ന് അന്താരാഷ്ട്ര മത്സര വിഭാഗം സെലക്ഷൻ കമ്മിറ്റി അംഗം ശ്രുതി ശരണ്യം പറയുന്നു. നിത്യേന എട്ടു മുതൽ 15 സിനിമ വരെ കണ്ടാണ് രണ്ടു മാസം കൊണ്ട് എല്ലാ ചിത്രങ്ങളും കണ്ടുതീർത്തത്. അഞ്ചു പേർ അടങ്ങിയ കമ്മിറ്റിയിൽ അവരവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല കാഴ്ച്ചപ്പാടുകളിലൂടെ സഞ്ചരിച്ച് ഒരൊറ്റ ഉത്തരത്തിൽ എത്തുക എന്നത് കഠിനവും അതേസമയം പുതിയ ചിന്തകൾ പകരുന്നതുമായിരുന്നു.
മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, മാലു, എൽബോ തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചത് വ്യക്തിപരമായി സന്തോഷം നൽകി. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതും കഥാപാത്രങ്ങളാൽ മുന്നോട്ടുപോകുന്നതുമായ ഫെമിനിച്ചി ഫാത്തിമ പോലുള്ള സിനിമകൾ
അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്. കുറഞ്ഞ ചെലവിൽ സാധാരണക്കാരുമായി ഒത്തുചേർന്ന് നിർമിച്ച ഫെമിനിച്ചി ഫാത്തിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം കിട്ടുകയും ചെയ്തു. ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം പ്രേക്ഷക ശ്രദ്ധ നേടിയെന്നും തികഞ്ഞ ഉൾകാഴ്ച്ചയുള്ള ഒരു ചലച്ചിത്ര പ്രവർത്തകനാണ് ജയൻ എന്നും ശ്രുതി ശരണ്യം പറഞ്ഞു.
സ്വാഭാവികമായി തെരഞ്ഞെടുക്കപ്പെട്ട വൈവിധ്യമാർന്ന ഒരു കൂട്ടം സിനിമകളാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലുള്ളതെന്ന് സെലക്ഷൻ കമ്മിറ്റി അംഗം ആദിത്യ ശ്രീകൃഷ്ണ പറഞ്ഞു. ജാതിയെക്കുറിച്ച് സംസാരിക്കുന്ന സിനിമകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആജൂർ എന്ന ചിത്രത്തിലൂടെ ബജ്ജിഗ ഭാഷയെ ചലച്ചിത്രാസ്വാദകരിലേക്ക് എത്തിച്ചു. ആദിവാസി സ്ത്രീയുടെ കഥ പറയുന്ന ഹ്യൂമൻസ് ഇൻ ദ ലൂപ്പ് എന്ന ചിത്രവും എടുത്ത് പറയേണ്ടതാണ്. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും വൈരുദ്ധ്യമാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ പ്രദശിപ്പിച്ച അങ്കമ്മാൾ എന്ന ചിത്രത്തിൽ ചർച്ചചെയ്യപ്പെടുന്നതെന്നും ആദിത്യ ശ്രീകൃഷ്ണ പറഞ്ഞു.