തിരുവനന്തപുരം: 29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി അവസാന ഓപ്പൺ ഫോറം ചർച്ച ടാഗോർ തീയേറ്ററിൽ നടന്നു. ആഗോളവത്കരിക്കപ്പെട്ട സിനിമാമേളകൾ സമകാലിക സിനിമയിൽ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു ചർച്ച.
വില്ലേജ് റോക്സ്റ്റാർസ് എന്ന ചിത്രത്തിന്റെ സംവിധായിക റീമ ദാസിന്റെ വാക്കുകളിലാണ് ചർച്ച ആരംഭിച്ചത്. ചലച്ചിത്ര മേളകളിലൂടെ തുടങ്ങിയ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചാണ് റീമ സംസാരിച്ചത്. ആദ്യ കാലങ്ങളിൽ വലിയ ബജറ്റ് സിനിമകൾ തന്റെ സ്വപ്നമായിരുന്നില്ലെന്നും കലാസൃഷ്ടി എന്ന നിലയിൽ മാത്രമാണ് സിനിമയെ കണ്ടതെന്നും അവർ പറഞ്ഞു. 'ആക്ട് ഗ്ലോബൽ ,തിങ്ക് ലോക്കൽ' എന്ന പാട്രിക് ജഡ്ഡിസ്‌ന്റെ വാക്കുകളെ ഉദ്ധരിച്ചാണ് റിമ തന്റെ സിനിമാ പ്രയാണത്തെ വിശദീകരിച്ചത്.
വിവിധ കാഴ്ചപ്പാടുകളുള്ള ജനങ്ങൾ ഒത്തുകൂടുന്ന ചലച്ചിത്രമേളകൾ സ്വപ്നം കാണാനുള്ള ഇടം കൂടെയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ഒരുകൂട്ടം ചലച്ചിത്രപ്രേമികൾ ഒരേമനസോടെ സദസിലിരുന്ന് ചിത്രം കാണുന്ന വൈകാരിക നിമിഷങ്ങളാണ് ചലച്ചിത്രമേളകളെ വിജയിപ്പിക്കുന്നതെന്നും അതുനിലനിൽക്കുന്നിടത്തോളം ചലച്ചിത്രമേളയുടെ പ്രാധ്യാന്യം കുറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളകൾ സിനിമയുടെ വാണിജ്യപരമായ പ്രചാരണത്തിനുകൂടെ സഹായകരമാകുന്നുവെന്നു ക്യൂറേറ്റർ ആയ ഫെർണാണ്ടോ ബ്രെന്നെർ അഭിപ്രായപ്പെട്ടു. മികച്ച സിനിമകൾ കാണികളിലേക്കെത്തിക്കുന്നതിൽ ചലച്ചിത്രമേള ഒരു ജാലകമായാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെർലിൻ, വെനീസ്, കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ പോലെ മികച്ചതാകാൻ ഐ.എഫ്.എഫ്.കെയ്ക്കും സാധിക്കുമെന്ന് ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം അഭിപ്രായപ്പെട്ടു. സിനിമാപ്രേമികളെയും സിനിമാപ്രവർത്തകരെയും ഒന്നിച്ചു കൊണ്ടുപോയി രണ്ടു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്ലാറ്റ്ഫോം ചലച്ചിത്രമേളകൾ ഒരുക്കുന്നുണ്ട് എന്നും സെല്ലം പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷം ഒ.ടി.ടിയിലും ഹോം തീയേറ്ററിലും ഏറെ സൗകര്യത്തോടെ ചിത്രങ്ങൾ കാണാൻ അവസരം ലഭിക്കുന്ന ഈ കാലഘട്ടത്തിലും ചലച്ചിത്രമേളയുടെ പ്രസക്തി ഒട്ടും കുറയുന്നില്ലെന്നു ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് പറഞ്ഞു. വരുന്ന 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേള കൂടുതൽ മികച്ചതാക്കാനുള്ള ആലോചനകൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ മേളയിൽ പങ്കെടുത്ത 15000 ത്തോളം ഡെലിഗേറ്റുകളെക്കാൾ ജനപങ്കാളിത്തം വരും മേളയിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ ബന്ധമാണ് ഡെലിഗേറ്റുകളുമായി ഉള്ളതെന്നും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മേളയുടെ വിജയത്തെ ഉയർത്തുന്ന അവരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. വിവിധ തലങ്ങൾ നിറഞ്ഞതാണ് തീയറ്ററിലെ സിനിമാ അനുഭവമെന്നും അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുമെന്നും റീജണൽ എഫ്.എഫ്.എസ്.ഐ സെക്രട്ടറി റെജി എം.ഡി പറഞ്ഞു.