Image

നാലു വർഷ ബിരുദ പ്രോഗ്രാം: റെക്കോർഡ് വേഗത്തിൽ ഫലപ്രഖ്യാപനം പൂർത്തീകരിച്ച് കേരളത്തിലെ ആദ്യ സർവകലാശാലയായി കണ്ണൂർ സർവകലാശാല

Published on 20 December, 2024
നാലു വർഷ ബിരുദ പ്രോഗ്രാം: റെക്കോർഡ് വേഗത്തിൽ  ഫലപ്രഖ്യാപനം പൂർത്തീകരിച്ച് കേരളത്തിലെ ആദ്യ സർവകലാശാലയായി കണ്ണൂർ സർവകലാശാല

സംസ്ഥാനത്തു നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ സെമെസ്റ്റർ പരീക്ഷ ഫല പ്രഖ്യാപനം റെക്കോർഡ് വേഗത്തിൽ  പൂർത്തീകരിച്ച കണ്ണൂർ സർവകലാശാല എഫ് വൈ യൂ ജി ഫലപ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി. മറ്റു സർവകലാശാലകളിൽ നിന്നു വ്യത്യസ്തമായി ആദ്യ സെമസ്റ്ററിൽ തന്നെ ഓൺലൈൻ ചോദ്യ ബാങ്കിന്റെ സഹായത്തോടെ പരീക്ഷ പൂർത്തീകരിച്ചു എന്ന പ്രത്യേകതയും കണ്ണൂർ സർവകലാശാലയ്ക്കുണ്ട്. 

 കൂടാതെ കെ റീപ്‌ എന്ന സമഗ്ര സോഫ്റ്റ്‌ വെയർ ഉപയോഗിച്ച് കൊണ്ടു വിദ്യാർത്ഥികളുടെ രെജിസ്ട്രേഷൻ, പരീക്ഷ രെജിസ്ട്രേഷൻ, വിദ്യാർത്ഥികളുടെ വ്യക്തിഗത ടൈം ടേബിൾ ഉൾപ്പെടുത്തിയുള്ള ഹാൾ ടിക്കറ്റ് വിതരണം, ഇന്റെർണൽ, പ്രാക്ടികം, എക്സ്റ്റർണൽ മാർക്ക്‌ എൻട്രി, അധ്യാപകരുടെ കോഴ്സ് മാപ്പിങ്, റിസൾട്ട്‌ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ പൂർത്തീകരിച്ചു. നാലു വർഷ ബിരുദ കോഴ്‌സുകൾ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും സമഗ്രമായ രീതിയിൽ കൈകാര്യം ചെയ്യുന്ന രീതിയിൽ, സംസ്ഥാന സർക്കാർ അസാപ്പിന്റെ ചുമതലയിൽ നടപ്പാക്കുന്ന കെ റീപ്‌ എന്ന സമഗ്ര സോഫ്റ്റ്‌വെയർ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിലാണ് കണ്ണൂർ സർവകലാശാലയിൽ നടപ്പാക്കിയത്. 

 തുടക്കമെന്നുള്ള രീതിയിൽ ഉയർന്ന പരാതികൾ പരിഹരിക്കാനുള്ള,   കെ റീപ്‌ ഉദ്യോഗസ്ഥരും ഐ ടി ജീവനക്കാരും ഉൾപ്പെടുന്ന പരാതി പരിഹാര സമിതി ഐ ടി ഡയറക്ടരുടെ നേതൃത്വത്തിൽ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും ആദ്യ ഘട്ടത്തിൽ ഉയർന്ന പരാതികൾ സമയബന്ധിതമായി  പരിഹരിക്കുകയും ചെയ്തു. സാധാരണ അവലംബിക്കുന്ന രീതികളിൽ നിന്നു വ്യത്യസ്തമായി സമയ ക്രമത്തിൽ കുറവ് വരുത്താൻ കെ റീപ്‌ ഉപയോഗിച്ചത് കൊണ്ടു സാധിക്കുകയും പരീക്ഷകൾ പൂർത്തീകരിച്ചു 12 ദിവസം കൊണ്ടു ഫല പ്രഖ്യാപനം നടത്താൻ സർവകലാശാലക്കു സാധിക്കുകയും ചെയ്തു . പതിവിൽ നിന്നു വ്യത്യസ്തമായി കേന്ദ്രീകൃത മൂല്യനിർണയത്തിനു പകരം അതാതു കോളേജുകളിൽ തന്നെയാണ് മൂല്യ നിർണയം പൂർത്തീകരിച്ചത്. 

കണ്ണൂർ യൂണിവേഴ്സിറ്റി അധ്യാപകനായ ഡോ. മുരളീധരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൊണ്ടാണ് ഓൺലൈൻ ചോദ്യ ബാങ്കുകൾ തയ്യാറാക്കിയത്. അതിനായി വികേന്ദ്രീകൃത ശില്പശാലകൾ വ്യത്യസ്ത കോളേജുകളിൽ വിവിധങ്ങളായ പഠന ബോർഡുകളുടെ സഹായത്തോടെ പൂർത്തീകരിക്കുകയും ചോദ്യങ്ങളുടെ സ്ക്രീനിംഗ് ബന്ധപ്പെട്ട വിഷയ വിദഗ്ധർ നടത്തുകയും ചെയ്തു. 272 കോഴ്സുകളിലായി അമ്പതിനായിരത്തിൽ അധികം ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യ ബാങ്കുകളാണ് ആയിരത്തിലധികം അധ്യാപകർ പങ്കെടുത്തു കൊണ്ടു ഉണ്ടാക്കിയെടുത്തത്. 

അങ്ങനെ നിർമ്മിക്കപ്പെട്ട ചോദ്യ ബാങ്കുകളിൽ നിന്നാണ് ചോദ്യ പേപ്പറുകൾ തയ്യാറാക്കപെട്ടതും, പ്രസ്തുത ചോദ്യ പേപ്പറുകൾ ഓൺലൈൻ ആയി കോളേജുകളിലേക്ക് വിതരണം ചെയ്യപെട്ടതും. നാലു വർഷ ബിരുദ പദ്ധതിയുടെ ഭാഗമായി  ആദ്യ സംരംഭമായിട്ടും മുൻ മാതൃകകൾ ഇല്ലാതിരുന്നിട്ടും സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ ഏറ്റവും ചുരുക്കം പരാതികൾക്കു മാത്രം ഇട നൽകിക്കൊണ്ടാണ് സമഗ്രമായ മാറ്റത്തിലൂടെ കണ്ണൂർ സർവകലാശാല വിജയകരമായി  ഫല പ്രഖ്യാപനം പൂർത്തീകരിച്ചത്.  .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക