യുഎസ് ഗവൺമെന്റ് അടച്ചു പൂട്ടുന്നത് ഒഴിവാക്കുന്നതിനു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച വ്യവസ്ഥകൾ യുഎസ് ഹൗസ് വോട്ടിനിട്ടു തള്ളി. ഇരു പാർട്ടികളും ചേർന്ന് ധാരണയിൽ രൂപം നൽകിയ ബിൽ ഉപേക്ഷിച്ചാണ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌ക്കിന്റെ സഹായത്തോടെ നിർദേശിച്ച പുതിയ ബിൽ റിപ്പബ്ലിക്കൻ സ്പീക്കർ മൈക്ക് ജോൺസൺ അവതരിപ്പിച്ചത്.
ഡെമോക്രാറ്റിക് പാർട്ടി ഒന്നടങ്കം 'ട്രംപ്-മസ്‌ക്' ബില്ലിനെ എതിർത്തപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് 38 അംഗങ്ങൾ ട്രംപിനെ തള്ളി അവരോടൊപ്പം കൂടി. 235 പേർ എതിർത്ത് തോൽപിച്ച ബില്ലിനെ അനുകൂലിക്കാൻ 174 പേരാണ് ഉണ്ടായിരുന്നത്. 20 അംഗങ്ങൾ വോട്ട് ചെയ്‌തില്ല. രണ്ടു ഡെമോക്രറ്റുകൾ ബില്ലിനെ അനുകൂലിച്ചപ്പോൾ ഒരാൾ 'പ്രെസെന്റ്' മാത്രം രേഖപ്പെടുത്തി.
മൂന്ന് മാസം ഭരണയന്ത്രം ഓടിക്കാനുളള ബില്ലിൽ കാർഷിക സഹായം കൂട്ടുകയും രണ്ടു വർഷത്തെ വായ്‌പാ നിരോധനം കൊണ്ടുവരികയും ചെയ്തിരുന്നു.
എന്നാൽ തൊഴിൽ ചെയ്തു ജീവിക്കുന്ന സ്ത്രീകൾക്കും രോഗികളായ കുട്ടികൾക്കും സഹായം ആവശ്യമുള്ള മറ്റു പലർക്കും ബിൽ യാതൊന്നും നൽകുന്നില്ലെന്ന് 10 വർഷത്തിലധികം ഹൗസിൽ നമ്പർ 2 ഡെമോക്രാറ്റ് ആയ റെപ്. സ്റ്റീനി ഹോയർ (മെരിലാൻഡ്) ചൂണ്ടിക്കാട്ടി.
ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് പറഞ്ഞു: "മസ്‌ക്-ജോൺസൺ നിർദേശം ചിരിക്കാൻ മാത്രമുള്ളതാണ്. കടുത്ത മാഗാ റിപ്പബ്ലിക്കന്മാർ ഗവൺമെന്റിനെ അടച്ചു പൂട്ടിക്കാൻ ശ്രമിക്കയാണ്."
മസ്‌കിന്റെയും വിവേക് രാമസ്വാമിയുടെയും നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളിലാണ് 1,500 പേജ് ഉണ്ടായിരുന്ന ബിൽ കുട്ടയിലെറിഞ്ഞു 114 പേജ് ബിൽ കൊണ്ടുവന്നത്.
ബിൽ പാസാകാത്ത സാഹചര്യത്തിൽ ശനിയാഴ്ച്ച അർധരാത്രി ഗവൺമെന്റ് അടച്ചു പൂട്ടേണ്ടി വരും.
US House kills Trump-sponsored spending bill