എല്ലാവർക്കും സന്തോഷമുള്ള കാലമാണ് ക്രിസ്തുമസ് ദിനങ്ങൾ. കൊച്ചു കുട്ടികൾക്ക് മാത്രമല്ല, എല്ലാ പ്രായക്കാർക്കും സമ്മാനങ്ങൾ ഇഷ്ടമാണ്. സമ്മാനം കിട്ടുന്നതിൽ സന്തോഷിക്കാത്തവരായി ആരും ഉണ്ടാകില്ല. ചെറുപ്രായത്തിൽ നമുക്കോരോരുത്തർക്കും കിട്ടിയ ചില സമ്മാനങ്ങളൊന്നും ഒരിക്കലും മറക്കില്ല. ഒന്നോർത്താൽ സമ്മാനങ്ങളുടെ പെരുമഴയാണ് നമ്മുടെ ജീവിതം.
വേനൽ അവധിക്കാലത്ത് അമ്മവീട്ടിൽ വിരുന്ന് പോയിട്ട് തിരികെ വരുമ്പോൾ സമ്മാനമായി കിട്ടിയിരുന്ന പുതിയ ഉടുപ്പും പാൻ്റും ഒരു ജോടി ചെരുപ്പും ഇന്നും വിലപ്പെട്ടതാണ്. നിങ്ങൾക്ക് ആദ്യമായി കിട്ടിയ സമ്മാനം ഓർമ്മയുണ്ടോ ? ആദ്യമായി കിട്ടിയ സമ്മാനം നമ്മൂടെ ഓർമ്മ ഉറയ്‌ക്കുന്നതിന് മുൻപ് കിട്ടിയതാകാം. എങ്കിലും നമ്മുടെ പ്രീയപ്പെട്ടൊരാൾ ആദ്യമായി നൽകിയ സമ്മാനം മറക്കുവാനിടയില്ല. അന്നൊക്കെ ഓരോ ദിവസവും ക്രിസ്തുമസ് കാർഡുകളുമായി വരുന്ന പോസ്റ്റുമാനെ കാത്തിരുന്നിട്ടുണ്ട്. കിട്ടുന്ന ആശംസാ കാർഡുകളൊക്കെ കൂട്ടുകാരെ കാണിക്കാൻ എന്തൊരാവേശമായിരുന്നു. അങ്ങനെ ഓർത്തെടുത്താൽ ചെറുതും വലുതുമായ എത്ര എത്ര സമ്മാനങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.
സമ്മാനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നാണ് ക്രിസ്ത്മസിൻ്റെ കഥയും ആരംഭിക്കുന്നത്. സമ്മാനങ്ങളൊക്കെ ഭാവിയിലേക്ക് ദിശ ചൂണ്ടുന്നുവയാണ്. ബേത്ലഹേമിൽ ജനിച്ച യേശുക്കുഞ്ഞിനെ കാണാൻ കിഴക്കു നിന്നു വന്ന ജ്ഞാനികൾ പുൽത്തൊട്ടിലിൽ കിടന്ന യേശുക്കുഞ്ഞിൻ്റെ കാൽക്കൽ പൊന്ന്, മൂര്, കുന്തിരുക്കം എന്നിവ സമ്മനമായി അർപ്പിച്ചു. ഈ സമ്മാനങ്ങൾ ആ കുഞ്ഞിൻ്റെ ഭാവിയിലേക്ക് തന്നെയാണ് ദിശ ചൂണ്ടുന്നത്.
പൊന്ന് - ഇത് അന്നും ഇന്നും വിലപ്പേട്ട വസ്തു തന്നെയാണ്. പൊന്ന് ഹൃദയത്തിലെ രാജാവിനുള്ളതാണ്. അത് ദൈവീക, രാജകീയ അധികാരത്തെ വെളിപ്പെടുത്തുന്നു. മൂര് - ഇത് ഇത്തിരി വിഷമിപ്പിക്കുന്ന സമ്മാനമാകാം. കാൽവരിയിലേക്കുള്ള നിയോഗത്തിൻ്റെ നിഴലായി മൂരിനെ കാണാം. മൂര് / മീറ യേശുവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. കുത്തിരുക്കം - കുന്തിരുക്കം യേശുവിലുള്ള ദൈവീകതയെ, ദൈവീക പരിശുദ്ധിയെ വെളിപെടുത്തുന്നു. ഇത് പൗരോഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉണ്ണിയേശുവിനെ കാണാനായി യാത്ര പുറപ്പെട്ട ആർത്തബാൻ എന്നു പേരുള്ള നാലാമത്തെ ജ്ഞാനിയുടെ കഥ വളരെ പ്രചാരത്തിലുള്ളതാണ്. നാലാമൻ ഒരുങ്ങി വന്നപ്പോഴേക്കും മറ്റു മൂന്നു പേരും യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു. യേശുക്കുഞ്ഞിന് സമ്മാനമായി കൊടുക്കാൻ തനിക്കുണ്ടായിരുന്നതൊക്കെയും വിറ്റ് വിലയേറിയ മൂന്ന് മുത്തുകളുമായാണ് നാലാമൻ യാത്ര തുടങ്ങിയത്. സമയത്ത് എത്താൻ സാധിക്കാഞ്ഞതിനാൽ കൂട്ടുകാരൊക്കെ യേശുക്കുഞ്ഞിനെ കണ്ട് മടങ്ങിയിട്ടും. ആർത്തബാന് ബെത്ലഹേമിൽ എത്താനായില്ല.
യേശുക്കുഞ്ഞിന് കൊടുക്കാനായി സമ്മാനമായി കരുതിയ ഒരു മുത്ത് വിറ്റ് യാത്രയ്‌ക്ക് ആവശ്യമുള്ള സാധനങ്ങളും ആഹാരസാധനങ്ങളും വാങ്ങി. വഴിയാത്രയിൽ രണ്ടാമത്തെ മുത്ത് വിറ്റ് ഒരു രോഗിയെ സഹായിക്കേണ്ടി വന്നു. മൂന്നാമത്തെ മുത്ത് വിറ്റ് ഒരു അടിമയെ രക്ഷിച്ചു. അർത്തബാന്റെ യാത്ര 33 വർഷം നീണ്ടു പോയി. രക്ഷകനെ ഗാൽഗോത്തായിലേക്ക് കൊണ്ട് പോകുമ്പോൾ യേശുവിനെ ദൂരെ നിന്ന് കാണുന്നെങ്കിലും സമ്മാനമായി കൊടുക്കാൻ ഒന്നും തന്നെ കയ്യിലുണ്ടായിരുന്നില്ല. സമ്മാനമായി കരുതിയിരുന്ന മുത്തുകൾ മറ്റു പല അത്യാവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടി വന്നു. ഈ എളിയവരിൽ ഒരുവന് ചെയ്തതിരിക്കുന്നതൊക്കെയും എനിക്കാണ് ചെയ്തിരിക്കുന്നതെന്ന യേശുവിന്റെ സ്വരം അവന് സ്വാന്തനമേകി. യേശുവിനെ തേടിയുള്ള നമ്മുടെ ജീവിത യാത്രയിൽ നാം അശരണരെയും ആലംബഹീനരേയും സഹായിക്കേണ്ടത് ആവശ്യമാണ്. അതും യേശുവിനുള്ള സമ്മാനം തന്നെയാണ്.
ഇന്ന് ക്രിസ്തുമസ് ആഘോഷോങ്ങളൊക്കെ വാണിജ്യവൽക്കരിച്ചു എന്ന പരാതി ഉയർന്നു കേൾക്കാം. ക്രിസ്തു ഇല്ലാതെ എന്ത് ക്രിസ്തുമസ്. കാലിത്തൊഴുത്തിലെ കീറ്റു ശീലയിൽ പൊതിഞ്ഞ് നമുക്ക് നൽകപ്പെട്ട യേശുക്കുഞ്ഞു തന്നെയാണ് ക്രിസ്തുമസിൻ്റെ ഏറ്റവും വലിയ സമ്മാനം. ദൈവം ഭൂമിയിലെ എല്ലാ മനുഷ്യർക്കുമായി യേശുക്കുഞ്ഞിനെ സമ്മാനമായി നൽകി. യേശുവിലൂടെ ലഭിക്കുന്ന രക്ഷയാണ് ലോകത്തിന് ലഭിച്ച വലിയ സമ്മാനം.
ക്രിസ്തുമസ് പപ്പാ നൽകുന്ന സമ്മാനത്തിനായ് കുട്ടികൾ കാത്തിരിക്കാറുണ്ട്. വീടിൻ്റെ ചിമ്മിനിയിലൂടെ, പുകക്കുഴലിലൂടെ അദൃശ്യനായ ഒരു സാന്താക്ലോസ് നൽകുന്ന സമ്മാനം. സമ്മാനം കൊടുക്കുമ്പോൾ കൊടുക്കുന്നവൻ സദൃശ്യനായിരിക്കുന്ന വലിയ സങ്കലപമാണ് സാന്താക്ളോസ് നൽകുന്നത്. ആരു കൊടുത്തു എന്നതിനേക്കാൾ ആവശ്യത്തിലിരിക്കുന്ന ഒരുവന് ഉപകാരപ്പെടുന്ന ഒരു സമ്മാനം വലിയ ആശ്വാസമാകും.
നമുക്ക് ലഭിച്ച ചില സമ്മാനങ്ങളോന്നും നാം തുറന്നു നോക്കിയിട്ടില്ല. നമുക്കു ചുറ്റും ഉള്ളവർ, നമ്മുടെ കുടുംബം, നമ്മുടെ പ്രീയപ്പെട്ടവർ ഇവരൊക്കെ നമുക്ക് ലഭിച്ച അമൂല്യ ഉപഹാരങ്ങളാണ്. നമുക്ക് ലഭിച്ച പ്രിയപ്പെട്ടവരെ നാം ഇനിയും വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലെന്നത് എത്ര സങ്കടകരമാണ്. നമ്മൾ നമുക്ക് ലഭിച്ച സമ്മാനങ്ങൾ, അവസരങ്ങൾ, സാഹചര്യങ്ങൾ ഇവയൊന്നും വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടില്ല.
നമുക്ക് ലഭിച്ച അല്ലെങ്കിൽ ലഭിച്ചേക്കാവുന്ന സമ്മാനങ്ങളേക്കുറിച്ച് മാത്രം ആലോചിക്കാതെ നമുക്ക് കൊടുക്കുവാനാകുന്ന സമ്മാനത്തേക്കുറിച്ചും ആലോചിക്കണം. നമുക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം എന്താണ് ? അത് നമ്മുടെ ജീവിതം തന്നെയാണ്.
ഒരു വലിയ ദൗത്യവും ഏൽപ്പിച്ചാണ് ദൈവം നമ്മെ ഓരോരുത്തരേയും ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്, ഈ ജീവിതം മനോഹരമായി ജീവിച്ച് യജമാനൻ ആഗ്രഹിക്കുന്നതു പോലെ മുപ്പത് അറുപത് നൂറുമേനി ഫലം കായിക്കുന്ന, ഫലദായക ജീവിതമായി മാറണം നമ്മുടെ ഓരോരുത്തരുടേയും ജീവിതം. അതാണ് നമ്മുടെ ജീവൻ്റെ ഉടയവന് നമ്മുടെ ജീവിതം കൊണ്ട് തിരിച്ചു നൽകാൻ പറ്റുന്ന വലിയ സമ്മാനം.
ബ്ലേത്ലഹേമിൽ ലഭിച്ച സമ്മാനം കാൽവരി മലമുകളിൽ "ഇതാ എൻ്റെ ശരീരം" എന്നു പറഞ്ഞ് നമുക്കായ്, നമ്മുടെ പാപങ്ങൾക്കായ് ഈ ലോകത്തിനായ് നൽകിയപ്പോഴാണ് തൻ്റെ ദൗത്യം പൂർത്തിയായത്. നമുക്കായ് നൽകപ്പെട്ടിരിക്കുന്ന ആ ക്രിസ്തു എന്ന സമ്മാനം നാം സ്വീകരിക്കുന്നതിലൂടെ, ക്രിസ്തുവിനെ പൊതിഞ്ഞിരിക്കുന്ന ചുരുളുകൾ നാം കൂടുതൽ അറിയുന്നതിലൂടെ ഈ ക്രിസ്തുമസ് ആഘോഷങ്ങൾ സ്വാർത്ഥകമാവുകയാണ്.
ഇന്നലെകളിൽ ആഘോഷങ്ങളോക്കെ വളരെ ലളിതമായിരുന്നു. ഇന്ന് ആഘോഷങ്ങളൊക്കെ ആർഭാടത്തിൻ്റെ കൊടുമുടി കയറുകയാണ്. വളരെ ലളിതമായി ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ഈ ലോകത്ത്ത്തിൻ്റെ രക്ഷകനായി ജാതനായ യേശുക്കുഞ്ഞിന് നൽകാനാവുന്ന വിലയേറിയ സമ്മാനം നൽകാനായി നമുക്കാകണം. അത് പ്രഭ ചൊരിയുന്ന നമ്മുടെ ജീവിതം തന്നെയാണ്. അതിനായ് ദൈവം നമ്മെ സഹായിക്കട്ടേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.