Image

'ഭരണം തുടങ്ങിക്കഴിഞ്ഞ' മസ്‌ക് സ്‌പെൻഡിങ് ബില്ലിൽ ട്രംപിനെ ശക്തമായി സ്വാധീനിച്ചു (പിപിഎം)

Published on 20 December, 2024
'ഭരണം തുടങ്ങിക്കഴിഞ്ഞ' മസ്‌ക് സ്‌പെൻഡിങ് ബില്ലിൽ ട്രംപിനെ ശക്തമായി സ്വാധീനിച്ചു (പിപിഎം)

ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌കിനെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗവൺമെന്റിന്റെ പാഴ്‌വ്യയം കുറയ്ക്കാനുള്ള ജോലി ഏല്പിച്ചതു 'മഹാനായ എലോൺ മസ്‌ക്' എന്നു വിശേഷിപ്പിച്ചു കൊണ്ടാണ്. യുഎസ് ആറ്റം ബോംബ് നിർമിച്ച മൻഹാട്ടൻ പദ്ധതി പോലെ ഒന്നായിരിക്കും മസ്‌ക് ആവിഷ്കരിക്കുക എന്നും ട്രംപ് പറഞ്ഞു. ഈയാഴ്ച്ച യുഎസ് കോൺഗ്രസിൽ ചെലവുകൾ തീർപ്പാക്കുന്ന ബിൽ വന്നപ്പോൾ മസ്‌ക് ആ പദ്ധതിക്കു തുടക്കമിട്ടത് തന്റെ എക്സ് സാമൂഹ്യ മാധ്യമത്തിൽ വാചക കസർത്തു നടത്തിയാണെന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടുന്നു.

ട്രംപ് അധികാരമേൽക്കാൻ ഇനിയും ഒരു മാസം ബാക്കിയുണ്ടെങ്കിലും ബുധനാഴ്ച്ച നേരം പുലരും മുൻപ് മസ്‌ക് റിപ്പബ്ലിക്കൻ പാർട്ടിയോട് ആജ്ഞാപിച്ചു തുടങ്ങി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ കൂടി പിന്തുണ നൽകിയ ഉഭയകക്ഷി ബില്ലിൽ നിന്നു പിന്മാറിയില്ലെങ്കിൽ പ്രതികാര നടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പാർട്ടി അംഗങ്ങളെ താക്കീതു ചെയ്തു.

രാജ്യത്തു അധികാര ശ്രേണിയിൽ മൂന്നാമനായ ജോൺസൺ ബുധനാഴ്ച മസ്‌കിനോട് ഇക്കാര്യത്തിൽ ഇടപെടരുതെന്നു നിർദേശിച്ചു എന്നോർക്കണം. എന്നാൽ മസ്‌ക് ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകാൻ മടിച്ചില്ല. യുക്രൈന് $3 ബില്യൺ ഉൾക്കൊള്ളിച്ചിട്ടുണ്ട്, വാഷിംഗ്‌ടണിൽ പുതിയ സ്റ്റേഡിയത്തിനു പണം നീക്കി വച്ചിട്ടുണ്ട് എന്നിങ്ങനെ പച്ചക്കള്ളങ്ങൾ.

ബുധനാഴ്ച്ച ട്രംപ് ആ ബില്ലിനെ രാജ്യത്തെ ഒറ്റുകൊടുക്കുന്ന നീക്കമെന്ന് വിശേഷിപ്പിക്കയും ചെയ്തു.

ഒരു ജനവിധിയും നേരിട്ടിട്ടില്ലാത്ത മസ്‌ക്, അധികാരമേൽക്കുന്ന പ്രസിഡന്റിന്റെ തീരുമാനങ്ങളെ ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന വിശ്വസ്തനാണെന്നു ഒരിക്കൽ കൂടി തെളിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ ആവട്ടെ, ട്രംപിനെ 96.2 മില്യൺ ആളുകൾ പിന്തുടരുമ്പോൾ മസ്‌കിന്റെ പിന്തുണ 207.9 മില്യൺ ആണ്. പണത്തിന്റെ കാര്യത്തിലോ പറയാനുമില്ല: ബ്ലൂംബെർഗ് ഇൻഡക്സ് അനുസരിച്ചു മസ്‌കിന്റെ ആസ്തി $458 ബില്യൺ ആണെങ്കിൽ ട്രംപിനുള്ളത് വെറും $6.61 ബില്യൺ.

റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ മസ്‌കിനെതിരെ അമർഷം പുകയുന്നു എന്നത് വ്യക്തമാണ്. 38 പേരാണ് 'ട്രംപ്-മസ്‌ക്' ബില്ലിനെ പൊളിക്കാൻ വോട്ട് ചെയ്തത്. അദ്ദേഹം പ്രസിഡന്റായി തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപിക്കാനും പലരും മടിച്ചില്ല.

Musk seen asserting his influence over Trump 
 

Join WhatsApp News
പാവപ്പെട്ടവൻ 2024-12-21 01:08:44
ചുരുക്കിപ്പറഞ്ഞാൽ ഇനി ഏതാനുംപണക്കാർ പറയുന്നത് മാത്രമേ ഈ രാജ്യത്തു നടക്കു. ബെസ്റ്റ് കണ്ണബെസ്റ്റ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക