Image

സ്മരണാഞ്ജലി.... കെ എൻ ജഗന്നാഥവർമ്മ(1939-2016) : പ്രസാദ് എണ്ണയ്ക്കാട്

Published on 20 December, 2024
സ്മരണാഞ്ജലി.... കെ എൻ ജഗന്നാഥവർമ്മ(1939-2016) : പ്രസാദ് എണ്ണയ്ക്കാട്

മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ താരവും റിട്ട.പോലീസ് ഉദ്യോഗസ്ഥനും കഥകളി കലാകാരനുമായിരുന്ന കെ.എൻ.ജഗന്നാഥ വർമ്മ ഓർമ്മയായിട്ട് എട്ടാണ്ട്. 1978 മുതൽ മൂന്നു പതിറ്റാണ്ടിലധികം മലയാള ചലച്ചിത്ര വേദിയിൽ നിറഞ്ഞു നിന്ന ജഗന്നാഥ വർമ്മ 250-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ന്യൂഡൽഹി(1987), തന്ത്രം(1988), ലേലം(1997), പത്രം(1999) എന്നിവയാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്ത സിനിമകൾ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2016 ഡിസംബർ 20ന് നിര്യാതനായി.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വാരനാട് എന്ന ഗ്രാമത്തിൽ തെക്കേടത്ത് കോവിലകം കേരള വർമ്മ തമ്പുരാൻ്റെയും കാട്ടുങ്കൽ കോവിലകം അംബാലികയുടേയും മൂന്നാമത്തെ മകനായി 1939 മെയ് ഒന്നിന് ജനിച്ചു. രവീന്ദ്രനാഥ്, മല്ലീനാഥ്, സുരേന്ദ്രനാഥ്, പ്രഭാവതി എന്നിവർ സഹോദരങ്ങളാണ്. ചേർത്തലയിലെ മുര്യനാട്ട് എൽ.പി.സ്കൂൾ, ഗവ.ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ വർമ്മ ആലപ്പുഴ സനാതന ധർമ്മ കോളേജിൽ നിന്നു ബിരുദവും തിരുവനന്തപുരം എം.ജി.കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി പഠനം പൂർത്തിയാക്കി.963-ൽ കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി ചേർന്ന ജഗന്നാഥ വർമ്മ 33 വർഷത്തെ സർവീസിനു ശേഷം 1994-ൽ എസ്.പിയായിട്ടാണ് (സൂപ്രണ്ടൻറ് ഓഫ് പോലീസ്) വിരമിച്ചത്.

1978-ൽ ഹൃദയബന്ധങ്ങൾ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രം റിലീസാകാത്തതിനെ തുടർന്ന് 1978-ൽ തന്നെ പുറത്തിറങ്ങിയ മാറ്റൊലി എന്ന സിനിമയാണ് ജഗന്നാഥ വർമ്മയുടെ ആദ്യ സിനിമ. പിന്നീട് മൂന്നു പതിറ്റാണ്ടിലധികം മലയാള ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായിരുന്നു. 2013-ൽ ഡോൾസ് എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ കലാകാരൻ കൂടിയാണ് ജഗന്നാഥ വർമ്മ. പള്ളിപ്പുറം ഗോപാലൻ നായരും ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണനുമാണ് അദ്ദേഹത്തിൻ്റെ ഗുരുക്കന്മാർ. 2013-ൽ 74-മത്തെ വയസിലാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2016 ഡിസംബർ 20ന് ജഗന്നാഥ വർമ്മ അന്തരിച്ചു.സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

തൃശൂർ ജില്ലയിലെ അഞ്ചേരിമഠം കുടുംബാംഗമായ ശാന്ത വർമ്മയാണ് ഭാര്യ. മനു വർമ്മ, പ്രിയ എന്നിവർ മക്കളും സിന്ധു വർമ്മ, സംവിധായകൻ വിജി തമ്പി എന്നിവർ മരുമക്കളുമാണ്.മനുവർമ്മയും ഭാര്യ സിന്ധുവർമ്മയും ചലച്ചിത്ര-സീരിയൽ അഭിനേതാക്കളാണ്.

ചലച്ചിത്ര വികസനകോർപ്പറേഷനിൽ കുച്ചുകാലം ചീഫ് സെക്യൂരിറ്റി ഓഫീസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.അക്കാലത്ത് അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാൻകഴിഞ്ഞു.
ബഹുമുഖ പ്രതിഭയായിരുന്ന വർമ്മാസാറിൻ്റെ
ഓർമ്മക്കുമുമ്പിൽ പ്രണാമം.!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക