കോഴിക്കോട്: എഴുത്തുകാരന് എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണ്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായര്‍.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
'ഓര്‍മയുണ്ട്, സംസാരിക്കാനാവുന്നില്ല, ഗുരുതരാവസ്ഥയില്‍ തന്നെ'; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശേരി
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എഴുത്തുകാരന് എം എന്‍ കാരശ്ശേരി. അദ്ദേഹം ഐസിയുവിലാണ്. അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി എംടിക്ക് ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എന്‍ കാരശ്ശേരി.
'എംടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം ഗുരുതരാവസ്ഥയിലാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്.നഴ്സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. നഴ്സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന് പറഞ്ഞു. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു.ഒരു പ്രതികരണവുമില്ല. നഴ്സ് വന്ന്് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രാണവായു കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്'- എം എന്‍ കാരശ്ശേരി പറഞ്ഞു.
‘പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. ശരീരത്തിന്റെ ക്ഷീണം കൊണ്ടും മയക്കം കൊണ്ടുമായിരിക്കാം കണ്ണ് തുറക്കാതിരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ മക്കളോട് സംസാരിച്ചു. ഓര്‍മ്മയും കഥയുമൊക്ക ഉണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഉള്ളതായിട്ട് തോന്നിയില്ല.’കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.