കൊച്ചി: എറണാകുളം കോതമംഗലത്തെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ രണ്ടാനമ്മ അനീഷ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പിതാവ് അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ വിട്ടയച്ചു. തുടക്കത്തിൽ സംശയമുണ്ടായിരുന്നെങ്കിലും ആറു വയസുകാരിയുടേത് ദുർമന്ത്രവാദ കൊലയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് നെല്ലിക്കുഴിയിലെ വീട്ടിൽ ആറു വയസുകാരിയായ മുസ്‌കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചുള്ള കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചു. അനീഷയ്ക്ക് അജാസ്ഖാനുമായുള്ള ബന്ധത്തിൽ രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. പുറമെ അനീഷ ഗർഭിണിയാണ്. ഈ കുട്ടികൾക്ക് ഭാവിയിൽ ആറു വയസുകാരി പ്രശ്നമായി മാറുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ പിതാവ് അജാസ് ഖാൻ ജോലിക്കായി പോയിരുന്നു. പിന്നാലെയാണ് അനീഷ മുസ്കാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകൾ മുസ്കനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇയാളുടെ ആദ്യഭാര്യയിലെ മകളാണ് മരണപ്പെട്ട 6 വയസ്സുകാരി.അജാസിന്റെ രണ്ടാം ഭാര്യയാണ് കേസിലെ പ്രതി നിഷ എന്ന് വിളിപ്പേരുള്ള അനിഷ.
ഭർത്താവിന്റെ ആദ്യ ഭാര്യയിലുണ്ടായ മുസ്‌കാന്‍ തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് നിഷയുടേയും രണ്ടാം വിവാഹമാണ്.