Image

അഭിമന്യു കൊലപാതക കേസ്; റിപ്പോർട്ട് തേടി ഹൈക്കോടതി

Published on 20 December, 2024
അഭിമന്യു കൊലപാതക കേസ്; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണു കോടതി നടപടി. റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് ജനുവരി 17ന് വീണ്ടും പരിഗണിക്കും.

കേസിൽ കുറ്റപത്രം നൽകി ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞവർഷം അവസാനം വിചാരണ ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ കോടതിയിൽനിന്ന്‌ നഷ്ടമായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചു. കേസിലെ നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളേജ് വിദ്യാർഥികളാണ്.

എല്ലാവരും പഠനം പൂർത്തിയാക്കി കോളേജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമൻസ് നൽകാൻ പോലും ബുദ്ധിമുട്ടാണ്. കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരിൽ പലരെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക