Image

ഓരോ ക്രിസ്‌മസ്‌ ആഘോഷവും ഓരോ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 20 December, 2024
ഓരോ ക്രിസ്‌മസ്‌ ആഘോഷവും  ഓരോ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

ഡിസംബർ മാസം എനിക്ക് പ്രിയപ്പെട്ടതാകുന്നത് ആഘോഷങ്ങളെ കൊണ്ടും സമ്മാനങ്ങളെ കൊണ്ടും നിറം പകരുന്ന   മാസം ആയതുകൊണ്ട് മാത്രമല്ല. പ്രകൃതി തന്നെ നിരവധി മനോഹരങ്ങളായ ദൃശ്യങ്ങളെ മിഴികള്‍ക്കും  ഹൃദയത്തിനുമേകുന്ന  ഒരു മാസം കൂടിയാണ് ഡിസംബർ. ഓരോ   ക്രിസ്‌മസ്‌ ആഘോഷങ്ങളും   കണ്ണഞ്ചിപ്പിക്കുന്നതാണ്, എവിടെയും   ദീപാലങ്കാരങ്ങൾ   വിസ്മയം  തീർക്കുന്നു.  മിന്നുന്ന ലൈറ്റുകളും 'ഐക്കണിക് സ്കൈലൈനും ഈ മനോഹര    നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

മഞ്ഞണിഞ്ഞ മലകളും പ്രണയ പരവശരായ് ഈണങ്ങള്‍ മൂളുന്ന പക്ഷികളും തെളിഞ്ഞ നീലാകാശവും അതിന്റെ മടിയില്‍ അലസഗമനം ചെയ്യുന്ന വെണ്‍മേഘങ്ങളും, മേഘങ്ങള്‍ക്ക് കുറുകെ വരി തെറ്റാതെ പോകുന്ന ദേശാടനക്കിളികളുമായി മഞ്ഞു കാലത്ത് ഭൂമി തരളിതയാകുന്നു. പ്രകൃതി തന്റെ അഴകിന്റെ അലകള്‍ ഒന്നൊന്നായ് വിടര്‍ത്തുകയാണ്. മഞ്ഞു കാലം മടങ്ങി പോകുന്നതും ഭൂമിക്ക് മനോഹരമായൊരു വസന്തം സമ്മാനിച്ചു കൊണ്ടാണ്.

അതെ, ക്രിസ്‌മസ് കാലം കരുതലിന്റെ, പങ്കിടലിന്റെ, സ്നേഹത്തിന്റെ, സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ  ഓർമ്മപ്പെടുത്തൽ കൂടിയാണ്. ക്രിസ്മസ് സീസണിൽ ഏറ്റവും അധികം സമ്മാനങ്ങൾ കിട്ടുന്നത് കുട്ടികൾക്കാണ്. ആരെങ്കിലും എന്തെങ്കിലും സമ്മാനവുമായി വരുമെന്ന് വെറുതെ മോഹിച്ചിരുന്ന ബാല്യം ...  മഞ്ഞു പുതഞ്ഞ പാതയില്‍   മണി മുഴക്കവുമായി ഒരു അപ്പൂപ്പന്‍ സമ്മാന സഞ്ചിയുമായ്‌ ഭൂമിയില്‍ തന്റെ പാദത്തെ സ്പര്‍ശിക്കാതെ തേരിലേറി വരുമെന്ന് വിശ്വസിച്ച കാലം. നിദ്രയിലാണ്ട കുട്ടികൾക്ക് മുന്നിലെത്തി അടര്‍ന്നു വീഴുന്ന മഞ്ഞ് കണക്കാക്കാതെ   സമ്മാനപ്പൊതികൾ  ഉറങ്ങി കിടക്കുന്ന കുട്ടിയുടെ കിടക്കയിലോ, ക്രിസ്തുമസ് ട്രീയുടെ അടിയിലോ നിശ്ശബ്ദം നിക്ഷേപിച്ചു അടുത്ത വീടിനെ ലക്ഷ്യമാക്കി നീങ്ങുന്ന ക്രിസ്തുമസ് ഫാദറിനെ സ്വപ്നം കണ്ടിരുന്ന   കാലം. ഉറക്കത്തില്‍ നിന്നും ഉണരുന്ന കുട്ടി സമ്മാനപ്പൊതി  കണ്ട് ആഹ്ലാദത്തോടെ തുള്ളിച്ചാടുന്നു...

കുട്ടിക്കാലത്തു എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ചില സ്വപ്‌നങ്ങൾ. ക്രിസ്തുമസ് ഫാദർ സമ്മാനപ്പൊതികളുമായ് രാവിന്റെ ഏതോ യാമത്തില്‍ വരുമെന്നുള്ള ചിന്ത ഉള്ളിലെ മോഹത്തിനെ തഴുകികൊണ്ട് മറ്റുള്ള കുട്ടികളെ പോലെ ഞാനും   ഉറക്കം വരാതെ കിടക്കുമ്പോള്‍ ജനാലകൾക്കു അപ്പുറം  കലമാനുകളുടെ കുളമ്പടി  കേള്‍ക്കുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു.

മേഘങ്ങളേക്കാള്‍ വേഗത്തില്‍ മറയുന്ന വർഷങ്ങൾ, ഏറെ മഞ്ഞു കാലങ്ങളെ സമ്മാനിച്ചിട്ടും ഞാനെന്റെ പഴയ സ്വപ്നം കാണുന്നത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. ബാല്യത്തിലെ ശീലങ്ങളോ ചിന്തകളോ ഒരിക്കലും എന്നെ വിട്ടു പോയില്ല. അതിനാലാകാം വര്‍ഷങ്ങള്‍ പോകുന്തോറും എന്നിലെ കുട്ടി എന്നോടൊപ്പം യാത്ര തുടര്‍ന്നത് . സമ്മാനങ്ങള്‍ വലുതോ ചെറുതോ ആകട്ടെ അത് കൊടുക്കുന്ന ആളിനും കിട്ടുന്ന ആളിനും ഉണ്ടാക്കുന്ന ആഹ്ലാദം ഒരു പക്ഷെ ആ പൊതിക്കുള്ളിലെ സമ്മാനത്തേക്കാള്‍ മൂല്യമുള്ളതായിരിക്കും എന്ന് ഞാന്‍ തിരിച്ചറിയുന്നു. ആദ്യമായി കാണുന്ന കുഞ്ഞിനായാലും സുഹൃത്തിനായാലും, പ്രണയിനിക്കായാലും ഒരു കുഞ്ഞു പൊതി സമ്മാനിച്ചു കൊണ്ട് ഒരു നല്ല ബന്ധം തുടങ്ങുന്നത് മനുഷ്യമനസ്സിന്റെ ലോല വികാരമായ സന്തോഷത്തെയാണ്‌ വ്യാഖ്യാനിക്കുന്നത്.

ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യ ജീവിതത്തെ സന്തോഷകരമാക്കാൻ സഹായിക്കുന്ന   ഘടകങ്ങൾ ആണ്. അത് നമ്മുടെ ജീവിതത്തിന്   മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഇടവേളകള്‍ പോലെയാണ്.  സ്നേഹവും, സൗഹാര്‍ദ്ദവും, ആര്‍ദ്രതയും, പ്രണയവും എല്ലാം സമ്മാനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നവയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുന്പ് പുല്‍ക്കുടിലില്‍ പിറന്ന ദിവ്യാത്മാവിനെ കാണാന്‍ കിഴക്ക് നിന്നുള്ള രാജാക്കന്മാര്‍ പാരിതോഷികങ്ങളുമായി നക്ഷത്രങ്ങള്‍ തെളിച്ച വഴിയിലൂടെ പോയതും ആ കുഞ്ഞുപാദങ്ങളില്‍ ഭയഭക്തിയോടെ അതെല്ലാം അര്‍പ്പിച്ചതുമെല്ലാം ചരിത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. പരസ്പ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് ഇന്നും തുടര്‍ന്ന് പോരുന്നത്   ഇതിന്റെ പ്രതീകമായാണ്. ആഘോഷങ്ങള്‍ സമ്മാനങ്ങളുടെ പെരുമഴയായും സമ്മാനങ്ങള്‍ മനുഷ്യമനസ്സിലേക്കൊഴുകുന്ന സ്നേഹധാരയായും മാറട്ടെ എന്നാശിക്കുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക