'മാര്‍ക്കോ' സൂര്യന് കീഴിലുള്ള സകല തിന്‍മകളുടെയും വിളനിലമായ സാക്ഷാല്‍ നരകത്തിന്റെ തന്നെ കാവല്‍ക്കാരനാണെന്ന് തോന്നിക്കുന്ന വിധത്തില്‍ ചോരയില്‍ കുതിരുന്ന യുദ്ധങ്ങള്‍ തീര്‍ക്കുന്നവന്‍. ജോര്‍ജ്ജ് പീറ്റര്‍ സര്‍വാധിപതിയായി അടക്കി വാഴുന്ന കുടുംബത്തില്‍ തികഞ്ഞ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളുന്ന ഒരുവന്‍. അതാണ് മാര്‍ക്കോ. അടാട്ട് കുടുംബത്തിലെ അനുസരണയുള്ള നായ എന്ന#ാണ് അയാളെ വിശേഷിപ്പിക്കുന്നത്. ജോര്‍ജ്ജിന് രണ്ട് സഹോദരങ്ങളുണ്ട്. ആന്‍സിയും വിക്ടറും. ജോര്‍ജ്ജിന്റെ അപ്പന്‍ മാര്‍ക്കോ സീനിയര്‍ ആ കുടുംബത്തിലേക്ക് എടുത്തു വളര്‍ത്തിയ കുട്ടിയാണ് മാര്‍ക്കോ. ജോര്ജ്ജും വിക്ടറും ഒഴികെ അടാട്ട് കുടുംബത്തിലെ മറ്റാര്‍ക്കും മാര്‍ക്കോയോട് വലിയ കാര്യമൊന്നുമില്ല. കാരണം അയാളുടെ എന്തിനും പോന്ന സ്വഭാവം തന്നെ. കൊല്ലും കൊലയുമായി ചോരപ്പുഴകള്‍ മാത്രമാണ് സ്‌ക്രീനില്‍.
നായകന്‍ മാര്‍ക്കോ എന്ന കഥാപാത്രമായി ഉണ്ണിമുകുന്ദന്റെ എന്‍ട്രിയോടെ തിയേറ്ററില്‍ കൈയ്യടികള്‍ നിറയുകയാണ്. ''യു ആര്‍ ഡീലിങ്ങ് വിത്ത് ദ് റോങ്ങ് റോങ്ങ് പഴ്‌സണ്‍' എന്ന ഡയലോഗും വിരലിലില്‍ ചുറ്റിത്തിയിരിയുന്ന പിസ്റ്റളുമായി മാര്‍ക്കോയുടെ എന്‍ട്രി തന്നെ കിടിലനാണ്. കെട്ടിലും മട്ടിലും ലുക്കിലും സ്വാഗിലും എന്നു വേണ്ട അപാരമായ സ്‌ക്രീന്‍ പ്രസന്‍സോടെ വയലന്‍സും കൊലയുമായി അഴിഞ്ഞാടുന്ന ഉണ്ണിമുകുന്ദന്റെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നീട്ടിവളര്‍ത്തിയ മുടിയും ചന്ദനക്കുറിയും മാറ്റി വച്ച് മലയാളത്തില്‍ നിന്നല്ല, പാന്‍ ഇന്‍ഡ്യന്‍ ലെവലിലേക്ക് വരെ ഉയരാന്‍ കഴിയുന്ന തരത്തില്‍ ഒരു വില്ലനായി തകര്‍ത്തഭിനയിച്ചിട്ടുണ്ട് ഈ നടന്‍. ആക്ഷന് രംഗങ്ങളില്‍ അതിഗംഭീ പ്രകടനം തന്നെ പുറത്തെടുക്കാന്‍ ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇടവേളയ്ക്ക് മുമ്പുള്ള സാത്താന്റെ സമാനമായ ആക്ഷന്‍. നായകന്റെ ഹീറോയിസം കാണിക്കാന്‍ മാത്രമായി ഒരു സീനും എഴുതി ചേര്‍ത്തിട്ടില്ല. എല്ലാം കഥയ്ക്കനുസരിച്ച് മാത്രം.
സമീപകാലത്തൊന്നും ഒരു മലയാള സിനിമയില്‍ ഇത്രമാത്രം വയലന്‍സ് അരങ്ങേറിയിട്ടില്ല. തമിഴിലും ഹിന്ദിയിലുമില്ല. അനിമല്‍ പോലും ഇതിന് പിന്നിലേ നില്‍ക്കൂ. സാധാരണ പ്രേക്ഷകന്റെ ചോരയുറഞ്ഞ് പോകുന്ന വിധത്തിലുളള വയലന്‍സാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അവസാന രംഗങ്ങളില്‍.
ജോര്‍ജ്ജ് പീറ്ററായി സിദ്ദിഖും കളം നിറയുന്നുണ്ട്. കഥാപാത്രത്തിന്റെ ഗാംഭീര്യവും ക്രൂരതയുമെല്ലാം വളരെ വിശാലമായി തന്നെ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ജോര്‍ജ്ജ് പീറ്ററിന്റെ ബിസിനസ് പങ്കാളിയായി ടോണി ഐസക് എന്ന കഥാപാത്രമായി ജഗദീഷും മിന്നുന്ന പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. മലയാള സിനിമയില്‍ ഒരു കാലത്ത് കോമഡിയുടെ മുഖമായിരുന്ന ജഗദീഷ് ക്യാരക്ടര്‍ റോളിലേക്ക് മാറിയപ്പോഴും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണ്. നോക്കിലും ഡയലോഗ് ഡെലിവറിയിലും ടോണി ഐസക്കിനെ പോലൊരു കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ പരകായ പ്രവേശം നടത്താന്‍ ജഗദീഷിന് അനായാസം സാധിച്ചത് അദ്ദേഹത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നു.
ടോണി ഐസക്കിന്റെ മകന്‍ റസ്സലിനെ അവതരിപ്പിച്ച പുതുമുഖം അഭിമന്യു ഷമ്മി മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. നടന്‍ ഷമ്മി തിലകന്റെ മകന് അഭിനയം വഴങ്ങിയില്ലെങ്കിലേ അതിശയമുള്ളൂ. അരങ്ങേറ്റം ഗംഭീരമാക്കിയതിലൂടെ തിലകന്റെ കുടുംബത്തില്‍ നിന്നും അഭിനയ ലോകത്തേക്ക് ഒരാള്‍ കൂടി എന്നു പറയാം. ഇടവേളയ്ക്ക് ശേഷം എത്തുന്ന വില്ലന്‍ കബീര്‍ ദുഹന്‍ സിങ്ങ്, ആന്‍സണ്‍ പോള്‍, അജിത്ത് കോശി, അര്‍ജ്ജുന്‍ നന്ദ കുമാര്‍, ശ്രീജിത്ത് രവി, സജിത രവി, ബോളിവുഡ് താരം
യുക്തി തരേജ, മാസ്റ്റര്‍ റയാന്‍, വിപിന്‍ കുമാര്‍ എന്നിവരും തങ്ങളുടെ ഖഥാപാത്രത്തോട് നീതി പുലര്‍ത്തി.
മാര്‍ക്കോയുടെ ചടുലവേഗത്തിന് ഒപ്പം നിന്നു കൊണ്ട് കഥയുടെ മൂഡിനൊത്ത പഞ്ച്‌സൃഷ്ടിക്കാന്‍ ഛായാഗ്രാഹകന്‍ സെല്‍വരാജിന് കഴിഞ്ഞു. വിദേശ നിലവാരത്തിലുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ കൊണ്ട് പ്രേക്ഷകരുടെ#െ കൈയ്യടി നേടുന്ന ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്‌സ്റ്റണ്‍, കഥയുടെ മൂഡിനൊത്ത സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ രവി ബസൂര്‍ എന്നിവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
ആക്ഷന്റെയും മേക്കിങ്ങിന്റെയും കാര്യത്തില്‍ മലയാളത്തില്‍ ഇതു വരെ ഇറങ്ങിയിട്ടുള്ള എല്ലാ സിനിമകളെയും കടത്തി വെട്ടുന്ന ചിത്രമാണ് 'മാര്‍ക്കോ'. ഇത് തിയേറ്ററില്‍ തന്നെ കാണണം.