തിരുവനന്തപുരം: സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.മികച്ച ദൃശ്യാനുഭവം നൽകിയ മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആൻ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് സംവിധായിക പായൽ കപാഡിയക്കാണ്. ആകെ പ്രദർശിപ്പിച്ച 177 സിനിമകളിൽ 40 ൽ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് നമ്മുടെ ആദ്യ നായിക പി കെ റോസിയാണ്.
സ്ത്രീപക്ഷ കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ച മേള ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി മാറിയത് ഏറെ സന്തോഷം നൽകുന്നു.ചലച്ചിത്ര പ്രവർത്തകരുടെ അഭൂതപൂർവമായ പങ്കാളിത്തവും നിർലോഭമായ സഹകരണവും മേളയെ വൻ വിജയമാക്കി തീർത്തു. ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു ആശംസിച്ചു. അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങൾക്കൊപ്പമാണ് ഈ ചലച്ചിത്രമേള. മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നുതന്നെ അത് വ്യക്തമാണ്.ഭരണ സംവിധാനത്തിന്റെ അടിച്ചമർത്തപ്പെടലുകൾക്ക് വിധേയരായവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ജാഫർ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്നസ്സ് ആ നിരയിലുള്ളതാണ്. വനിതകളുടെ അവകാശപോരാട്ടങ്ങൾ പറഞ്ഞ ‘സീഡ്‌സ് ഓഫ് ദി സേക്രഡ് ഫിഗ്‘, ക്വീർ രാഷ്ട്രീയം പ്രമേയമായ ’യങ് ഹേർട്ട്സ്‘, ’എമിലിയ പരേസ്‘, പാരിസ്ഥിതിക വിഷയങ്ങൾ പറഞ്ഞ ’വില്ലേജ് റോക്ക് സ്റ്റാർസ് -2‘ എന്നീ ചിത്രങ്ങൾ മേളയിൽ ശ്രദ്ധേയമായി. മൂന്നാം ലോക രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വിഷയങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാൻ മേളയിലൂടെ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. ഒട്ടു മിക്കചിത്രങ്ങളും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടത് ജനപങ്കാളിത്തത്തിന്റെ തെളിവാണ്. മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളും മനുഷ്യർ തമ്മിലുള്ള രാഷ്ട്രീയ. സംഘർഷങ്ങളും പ്രമേയയ മേളയിലെ ചിത്രങ്ങൾ, വ്യക്തമായ രാഷ്ട്രീയ ബോധമുള്ള പുതു തലമുറയ്ക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാന നഗരി കാലദേശങ്ങൾ കടന്നുള്ള അഭ്രപാളിയിലെ അത്ഭുതങ്ങൾ കാണുകയായിരുന്നെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത് മാത്രമല്ല സിനിമ കാണുന്നതും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനമാണ്.മേളയിൽ പങ്കെടുത്തവർ,മേളയിലെ രക്തദാന പരിപാടിയുടെ ഭാഗമായത് ചലച്ചിത്ര പ്രവർത്തനം മാനവികതയുടെ കരുത്താണെന്ന് ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
സംവിധായിക പായൽ കപാഡിയയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’, മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം 'മാലു'വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സംവിധായകൻ പെഡ്രോ ഫ്രെയ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ ചിത്രം 'മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സി'ന്റെ സംവിധായകൻ ഫർഷാദ് ഹഷമിക്കാണ്. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം 'ദ ഹൈപ്പർബോറിയൻസി'ന്റെ സംവിധായകരായ ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസീനയും സ്വന്തമാക്കി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ചിത്രത്തിന്റെ കലാസംവിധായിക നതാലിയ ഗെയ്സ് ഏറ്റുവാങ്ങി.
മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. സിനിമ പുരസ്കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്.അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം 'മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്' എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള
എഫ്എഫ്എസ്ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.
റവന്യുവകുപ്പ് മന്ത്രി കെ.രാജൻ അർമേനിയൻ ചലച്ചിത്ര സംവിധായകരായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിച്ചു. 29-ാമത് ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തി. ജൂറി അംഗങ്ങൾക്കുള്ള പുരസ്കാരം മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി.സുരേഷ് കുമാർ എന്നിവർ വിതരണം ചെയ്തു.മാധ്യമ പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. തീയേറ്ററുകൾക്കുള്ള പുരസ്കാരങ്ങൾ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ കെ മധുപാൽ നൽകി.
സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു . ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖ ഭാഷണം നടത്തി . അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .ചലച്ചിത്ര വികസന കോർപറേഷൻ എം ഡി വി എസ് പ്രിയദർശൻ , സംവിധായകനും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സോഹൻ സീനുലാൽ എന്നിവർ പങ്കെടുത്തു. അതോടൊപ്പം മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 2025 ഡിസംബർ 12 മുതൽ 19 വരെ നടക്കുമെന്ന് സോഹൻ സീനുലാൽ പ്രഖ്യാപിച്ചു. സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ബ്രസീലിയൻ ചിത്രം ‘മാലു‘ നിശാഗാന്ധിയിൽ പ്രദർശിപ്പിച്ചു.സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ കച്ചേരി നടന്നു .