ബര്‍ലിന്‍ :ജർമനിയിലെ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു കുട്ടിയുമുള്ളതായാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കാർ ആൾകൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം മുന്നോട്ടു നീങ്ങി. സംഭവത്തിന്റെ ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാറോടിച്ച അൻപതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതൽ ജർമനിയിൽ സ്ഥിരതാമസമാക്കിയ ഇയാൾ ഡോക്ടറായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തിൽ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതി താമസിക്കുന്ന ബേൺബർഗ് കേന്ദ്രീകരിച്ചും പൊലീസിന്റെ പരിശോധന തുടരുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സർക്കാർ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കൽ റീഫും പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ന് മക്ഡെബർഗ് സന്ദർശിക്കുമെന്നാണ് സൂചന. മക്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഉടൻ രാജിവയ്ക്കണമെന്ന് ഇലോൺ മസ്ക് എക്സിലൂടെ ആവശ്യപ്പെട്ടു.
2016 ഡിസംബർ 19 ന് ബര്‍ലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇറ്റലിയിലേക്കു കടന്ന തുനീസിയയിൽ നിന്നുള്ള അഭയാര്‍ത്ഥിയായ അനീസ് അംരിയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊലപ്പെടുത്തി. 2016 ലെ ആക്രമണത്തിന്റെ എട്ടാം വാർഷികത്തിന്റെ പിറ്റേന്നാണ് സമാനമായ സംഭവം.