ബെംഗളൂരു: ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു – മുംബൈ ദേശീയ പാതയിൽ നീലമംഗലയിൽ വെച്ചായിരുന്നു അപകടം. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.
ചരക്ക് സാമഗ്രികൾ കയറ്റിയ കണ്ടെയ്‌നർ ലോറി സമാന്തരമായി യാത്ര ചെയ്ത കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട കാർ പൂർണമായും തകർന്നു. വിജയപുര ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിനിരയായത്.
അമിതമായി ഭാരം കയറ്റിയതാണ് ലോറി മറയാൻ കാരണമെന്നാണ് നിഗമനം. ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.