പ്രതിപക്ഷ നേതൃസ്ഥാനവും കെ.പി.സി.സി പ്രസിഡന്റ്പദവുമൊക്കെ നഷ്ടപ്പെട്ട് കോണ്‍ഗ്രസിലെ വനവാസ കാലത്തുനിന്ന് മോക്ഷംനേടി രമേശ് ചെത്തിന്നല താക്കോല്‍ സ്ഥാനത്തേയ്ക്കുള്ള യാത്രയിലാണ്. കേരളത്തിലെ പ്രബല സമുദായിക സംഘടനകളായ എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും ആശീര്‍വാദത്തോടെ കളത്തിലിറങ്ങി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിക്കലാണ് കൗശല രാഷ്ട്രീയക്കാരനായ രമേശിന്റെ ഉന്നം. കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്ന കാലത്തും എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് നേതൃത്വം രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും പരിപാടികളിലേയ്ക്ക് ചെന്നിത്തലയ്ക്ക് ഒരേസമയം ക്ഷണം ലഭിച്ചിരിക്കുകയാണ്. ഈ മാസം 28-ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്ന് പുറപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യുന്നതിനായാണ് എസ്.എന്‍.ഡി.പിയുടെ ക്ഷണമെങ്കില്‍ ജനുവരി 2-ന് മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താനാണ് എന്‍.എസ്.എസ് ചെന്നിത്തലയെ വിളിച്ചിരിക്കുന്നത്. അതേസമയം, വി.ഡി സതീശന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണം ലഭിച്ചതും ഇതേ സമയത്തുതന്നെയെന്നത് യാദൃശ്ചികവുമല്ല.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള നായര്‍-ഈഴവ സമുദായ സംഘടനകള്‍ രമേശ് ചെന്നിത്തലയെ നെഞ്ചോട് ചേര്‍ത്തതോടെ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിനുള്ള മുഹൂര്‍ത്തം കുറിക്കപ്പെട്ടു. എന്‍.എസ്.എസുമായുള്ള രമേശിന്റെ 11 വര്‍ഷത്തെ അകല്‍ച്ചയ്ക്കാണ് അന്ത്യമാകുന്നത്. 2013-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുകുമാരന്‍ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശമാണിത് എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എന്‍.എസ്.എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകന്നത്.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കാനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരിക്കാനും കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചത് അദ്ദേഹത്തിന് സ്വന്തം സമുദായത്തിന്റെ പോലും പിന്തുണ ഇല്ലെന്ന് വാദിച്ചുകൊണ്ടാണ്. അവര്‍ക്ക് കാലം നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ എന്‍.എസ്.എസിന്റെ ക്ഷണക്കത്തിലൂടെ കൊടുത്തിരിക്കുന്നതെന്ന് രമേശ് പക്ഷക്കാര്‍ പറയുന്നു.
ഒരിക്കല്‍ 'സംഘിത്തല' എന്ന് കോണ്‍ഗ്രസുകാര്‍ പോലും ആക്ഷേപിച്ച് മൂലയ്ക്കിരുത്തിയ രമേശ് ചെന്നിത്തല മണിയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് സമയോജിതമായി പ്രതികരിച്ച് രംഗത്തുണ്ട്. സംയമനത്തോടെയുള്ള ചെന്നിത്തലയുടെ വാക്കുകള്‍ക്ക് പഴയതിനേക്കാള്‍ സ്വീകാര്യത ഇപ്പോഴുണ്ട്താനും. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഈ പക്വത ഇല്ലെന്നാണ് പൊതുവികാരം സൂചിപ്പിക്കുന്നത്.
തന്ത്രപരമായി പ്രതികരിക്കാനുള്ള രാഷ്ട്രീയ പക്വത ഇല്ലെന്ന് വി.ഡി സതിശന്റെ മുനമ്പം വിഷയത്തിലെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന സതീശന്റെ പരാമര്‍ശം മുസ്ലീം ലീഗിന്റെ നീരസത്തിനിടയാക്കിയിരുന്നു. സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന് കേരള രാഷ്ട്രീയത്തില്‍ പ്രതിസന്ധികളുണ്ടായിരുന്നു. ലീഡര്‍ ഉയര്‍ത്തെഴുന്നേറ്റപോലെ അദ്ദേഹം തന്റെ ചൂണ്ടുവിരലില്‍ പിടിച്ച് നടത്തി വളര്‍ത്തിയ മാനസ പുത്രനും സംഭവിക്കുമെന്നാണ് രമേശ് ക്യാമ്പിലെ ഉല്‍സാഹം വ്യക്തമാക്കുന്നത്.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ കെ കരുണാകരന്‍ ചങ്ങനാശേരി പെരുന്നയിലെ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുന്നത് പതിവായിരുന്നു. അക്കാലത്ത് പി.കെ നാരായണപ്പണിക്കരായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി. പുഷ്പാര്‍ച്ചനയും കഴിഞ്ഞ് നാരായണപ്പണിക്കരുമായി അടച്ചിട്ട മുറിയില്‍ ഇരുന്ന് കുശലപ്രശ്നം നടത്തിയ ശേഷമേ ലീഡര്‍ മടങ്ങുമായിരുന്നുള്ളൂ. അതിന്റെ ഫലം തിരഞ്ഞെടുപ്പിലുണ്ടായിട്ടുമുണ്ട്.
ഏതാണ്ട് കെ കരുണാകരനും പി.കെ നാരായണപ്പണിക്കരും തമ്മിലുള്ള ബന്ധം പോലെയാണ് രമേശ് ചെന്നിത്തലയും ജി സുകുമാരന്‍ നായരും തമ്മിലുള്ള സൗഹൃദം ഇപ്പോള്‍ പുഷ്‌കലമായിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നമ്പാന്‍ കൊള്ളാവുന്ന വ്യക്തി രമേശ് ചെന്നിത്തലയാണ്, വി.ഡി സതീശന്‍ അല്ല എന്നാണ് പെരുന്നയില്‍ നിന്നുള്ള സൂചന.
ചേര്‍ത്തലയില്‍ നിന്നും ഇത്തരത്തില്‍ പച്ചയ്ക്ക് തന്നെ പറഞ്ഞിരിക്കുകയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ''പക്വതയില്ലാതെ നാക്കുകൊണ്ട് വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആള്‍...'' എന്നാണ് വി.ഡി സതീശനെ വെള്ളാപ്പള്ളി ഇന്നലെ വിശേഷിപ്പിച്ചത്. അതേ നാവുകൊണ്ട്, ''ഇരുത്തംവന്ന രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രമേശിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു...'' എന്നും പറഞ്ഞു.
വി.ഡി സതീശനോടുള്ള എതിര്‍പ്പാണ് ഭൂരിപക്ഷ സമുദായ സംഘടനകള്‍ക്ക് രമേശ് ചെന്നിത്തലയോടുള്ള അടുപ്പത്തിന്റെ അടിസ്ഥാനം. രമേശിനൊപ്പമെന്ന് അവര്‍ പരസ്യ നിലപാടെടുക്കുന്നു. മന്നം ജയന്തി ആഘോഷത്തില്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതിനെ വെള്ളാപ്പള്ളി സ്വാഗതം ചെയ്തിട്ടുമുണ്ട്. പല വിഷയങ്ങളിലും ഭിന്നിച്ചു നില്‍ക്കുന്ന എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വി.ഡി സതീശനെ എതിര്‍ക്കുന്നതില്‍ ഒരുമിക്കുന്നുവെന്നതാണ് കൗതുകകരം. ഇരു സാമുദായിക സംഘടനകള്‍ക്കും ''ഏത് നായരോടാണ് പ്രിയം...'' എന്ന് വ്യക്തമായിക്കഴിഞ്ഞ സ്ഥിതിക്ക് വി.ഡി സതീഷന്റെ മാമാമണ്‍ ഇഫക്ട് എത്രത്തോളമുണ്ടെന്ന് കണ്ടറിയണം.
മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫെബ്രുവരി 15-ാം തീയതി നടക്കുന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കാനാണ് വി.ഡി സതീശനെ ക്ഷണിച്ചിരിക്കുന്നത്. 130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ അവസരം ലഭിക്കാറുള്ളു. സുവിശേഷ യോഗങ്ങളായതിനാല്‍ ക്രൈസ്തവരല്ലാത്തവര്‍ പ്രസംഗിച്ചിട്ടുള്ളതും അപൂര്‍വംതന്നെ.
1935-ല്‍ എബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ ക്ഷണപ്രകാരം പത്രാധിപരും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്ന സി.വി. കുഞ്ഞിരാമന്‍ പ്രസംഗിച്ചിരുന്നു. ജാതിസമ്പ്രദായത്തിന്റെ പേരില്‍ ഈഴവരുടെ കൂട്ട മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കണ്‍വെന്‍ഷനില്‍ സി.വി പങ്കിട്ടത് പിന്നീട് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. പിറ്റേവര്‍ഷത്തെ ക്ഷേത്ര പ്രവേശന വിളംബരം നടത്താന്‍ ഈ പ്രസംഗവും ഒരു കാരണമായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും 1974-ല്‍ യൂ ഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം പ്രസംഗിച്ചിരുന്നു. സഭകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ഏറെ അകന്നുനിന്നിരുന്ന കാലമായിരുന്നു അത്. ക്രൈസ്തവദര്‍ശനത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ എങ്ങനെ കാണുന്നെന്ന് വിശദീകരിക്കുന്നതായിരുന്നു അച്യുതമേനോന്റെ പ്രസംഗം. മുന്‍വര്‍ഷം ശശി തരൂരും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. യുവജനങ്ങളുടെ കുടിയേറ്റമായിരുന്നു വിഷയം.
പ്രതിപക്ഷനേതാവായശേഷം വിവിധ ക്രൈസ്തവസഭാ കണ്‍വെന്‍ഷനുകളില്‍ വി.ഡി സതീശന്‍ പങ്കെടുത്തിട്ടുണ്ട്. ബൈബിള്‍ ധാരാളമായി ഉദ്ധരിച്ചും ക്രൈസ്തവവീക്ഷണത്തെ സാമൂഹികപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചുമുള്ള പ്രസംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാരാമാണ്‍ കണ്‍വെന്‍ഷനില്‍ സതീശന്റെ സാന്നിധ്യം അദ്ദേഹത്തിന്റ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എത്രമേല്‍ തുണയ്ക്കുമെന്നറിയാന്‍ 2026 വരെ സഞ്ചരിക്കേണ്ടതില്ല. ചെന്നിത്തലയ്ക്കും സതീശനും കൂടാതെ കെ സുധാകരന്‍, കെ.സി വേണുഗോപാല്‍ ആദിയായവരും മുഖ്യമന്ത്രി മോഹ ക്യൂവിലുണ്ട്.