ന്യു യോർക്ക് : അമേരിക്കയിൽ സീറോ മലബാർ സഭയുടെ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ചവരിലൊരാളായ ഫാ. ജോസ് കണ്ടത്തിക്കുടി, 79, ന്യു യോർക്കിൽ അന്തരിച്ചു. നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം.
ബ്രോങ്ക്സ് സെന്റ് തോമസ് ഫോറോനാ ചർച്ച് ഇടവക വികാരി സ്ഥാനത്തു നിന്ന് നാല് വര്ഷം മുൻപ് വിരമിച്ച ശേഷം വിർജിനിയയിൽ ട്രാപ്പിസ്റ് മൊണാസ്റ്ററിയിൽ ചാപ്ളെയിനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അതിനു ശേഷം ആരോഗ്യനില മോശമായതോടെ നഴ്‌സിംഗ് ഹോമിലേക്ക് മാറുകയായിരുന്നു.
ചിക്കാഗോ മുതൽ ന്യു യോർക്ക് വരെ വിവിധ പള്ളികൾക്ക് തുടക്കമിട്ട പ്രിയപ്പെട്ട ജോസച്ചൻ, കാൽ നൂറ്റാണ്ട് നാട്ടിൽ പ്രവർത്തിച്ച ശേഷമാണ് അമേരിക്കയിൽ എത്തുന്നത്. മാനന്തവാടി രൂപതയുടെ ചാൻസലറായിരുന്നു.
1945 മെയ് 30-ന് കണ്ടത്തിക്കുടി ജോണ്‍ - ത്രേസ്യക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ചു. 1962-ല്‍ തലശേരി മൈനര്‍ സെമിനാരിയില്‍ ചേരുകയും, തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെമിനാരിയിലും, റോമിലെ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലും പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1971 മാര്‍ച്ച് 27-നു വത്തിക്കാനില്‍ വച്ചു കര്‍ദിനാള്‍ ആഗ്നെലോ റോസ്സിയില്‍ നിന്നു തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്‌തു .
1973-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശേരി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച ജോസച്ചന്‍, കല്പറ്റ, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ ഇടവകകള്‍ ആരംഭിക്കുകയും, വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ കൂനൂര്‍, ബര്‍ളിയാര്‍, അറവന്‍കാട് തുടങ്ങിയ സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിക്കുകയും, വികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
തലശേരി രൂപതയിലെ വിവിധ ആദ്ധ്യാത്മിക മേഖലകളിലും ജോസച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ് പ്രസിന്റെ മാനേജര്‍, മാനന്തവാടി രൂപതാ ചാന്‍സിലര്‍, രൂപതയുടെ സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, തൂങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് 1995-ല്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുക എന്ന ദൗത്യവുമായി, സീറോ മലബാര്‍ ബിഷപ്‌സ് സിനഡിന്റെ തീരുമാന പ്രകാരം അമേരിക്കയിലെത്തുന്നത്. ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ജോസച്ചന്‍ തുടര്‍ന്ന് ന്യൂജഴേസിയിലേയും, ന്യൂയോര്‍ക്കിലേയും വിവിധ സ്ഥലങ്ങളില്‍ താമസിച്ച് സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുകയും വിവിധ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു.
2002 മാര്‍ച്ച് 24-ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സ്ഥാപിക്കുകയും, വികാരിയായി നിയമിതനാകുകയും ചെയ്തു. അന്നു മുതല്‍ ഇടവക ഭരണത്തില്‍ നിന്നും വിരമിച്ച 2020 മെയ് മാസം വരെയും ജോസച്ചന്‍ തന്നെയായിരുന്നു ബ്രോങ്ക്‌സ് ഫൊറോന ഇടവകയുടെ വികാരി. ഇതിനിടയില്‍ ന്യൂയോര്‍ക്കിലും കണക്ടിക്കട്ടിലും വിവിധ സ്ഥലങ്ങളില്‍ സീറോ മലബാര്‍ ഇടവകകളും മിഷനുകളും സ്ഥാപിക്കാനും ജോസച്ചന് കഴിഞ്ഞു.
മൂവാറ്റുപുഴക്കടുത്ത് കല്ലൂര്‍ക്കാട് സ്വദേശിയായ കണ്ടത്തിക്കുടി ജോണിന്റെയും ത്രേസ്യാക്കുട്ടിയുടെയും മൂത്തമകനായ തന്റെ കുടുംബം പാലക്കാട് മണ്ണാര്‍ക്കാടിനടുത്തുളള കാഞ്ഞിരപ്പുഴയില്‍ എത്തിയതും കേട്ടറിവില്ലാത്ത ഒരു കുടിയേറ്റത്തിന്റെ നിയോഗവുമായാണ്-അദ്ദേഹം പറഞ്ഞു .
എബ്രാഹാം കാട്ടുമന പിതാവിന്റെ സമ്മര്‍ദ്ദത്താല്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് തൂങ്കുഴിയാണ് അമേരിക്കന്‍ ദൗത്യത്തിന് അനുമതി നല്‍കുന്നത്. (അതിനിടയിൽ നടന്ന നാടകീയ സംഭവങ്ങൾ താഴെ വായിക്കാം.)
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തലിന്റെ തീരുമാന പ്രകാരമാണ് ന്യൂയോര്‍ക്കിലേക്ക് 1999 ല്‍ എത്തുന്നത്.
ന്യൂജേഴ്‌സി ന്യൂമില്‍ഫോര്‍ഡും ന്യൂയോര്‍ക്കിലെ റോക്‌ലന്‍ഡും കേന്ദ്രീക രിച്ചായിരുന്നു പ്രവര്‍ത്തനം. 2002 ലാണ് ബ്രോങ്ക്‌സില്‍ ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും പളളി സ്വന്തമാക്കുന്നതും സെന്റ്‌തോമസ് സീറോ മലബാര്‍ ചര്‍ച്ച ് എന്ന പേരില്‍ പളളി സ്ഥാപിക്കുന്നതും അവിടെ വികാരിയായി നിയമിക്കപ്പെടുന്നതും.
ചിക്കാഗോയിലെയും ന്യൂയോര്‍ക്കിലെയും പ്രവര്‍ത്തനത്തിലൂടെ പതിനാല് ഇടവകകളാണ് പുതുതായി സ്ഥാപിക്കാനായത്. ചിക്കാഗോയില്‍ മൂന്നും അറ്റ്‌ലാന്റയില്‍ ഒന്നും ന്യൂ യോര്‍ക്ക് ന്യൂജേഴ്‌സി മേഖലകളില്‍ എട്ടും ഇടവകകള്‍. ഒപ്പം ബോസ്റ്റണിലും കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡിലും ഒരോ ഇടവകകളും. വിശ്വാസികളുമായി ആറുപ്രാവശ്യം വിശുദ്ധനാട് സന്ദര്‍ശനത്തിനും നേതൃത്വം വഹിച്ചു.
സഹോദരങ്ങൾ : ഡൊമിനിക്, ഫിലോമിന , പരേതനായ ജോൺ.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നിര്യാണത്തിൽ ചിക്കാഗോ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ അഗാധമായ ദുഃഖം
രേഖപ്പെടുത്തി. ജോസച്ചൻറെ സേവനങ്ങളെ ചിക്കാഗോ രൂപത എന്നും സ്മരിക്കുമെന്നു മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
സംസ്‌കാര ശുശ്രുഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും
2020
ജോസച്ചന്‍ മുന്നേ നടന്നു വഴി തെളിച്ചു....സഭ വളര്‍ന്നു; ചാരിതാര്‍ഥ്യത്തോടെ പടിയിറക്കം (ടാജ് മാത്യു)
https://emalayalee.com/vartha/216746
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സീറോ മലബാര്‍ സഭാ ചരിത്രത്തില്‍ ഫാ. ജോസ് കണ്ടത്തിക്കുടി വരച്ചിട്ടതൊരു നേര്‍രേഖയാണ്. ഒന്നുമില്ലാതിരുന്ന സംവിധാനത്തില്‍ നിന്നും ഇന്നത്തെ നിലയിലേക്ക് സീറോ മലബാര്‍ സഭ വളര്‍ന്നതിന്റെ വിജയരേഖ. ജീവിതരേഖ എഴുപത്തഞ്ചാണ്ടും പൗരോഹിത്യ സമര്‍പ്പണം അരനൂറ്റാണ്ടും പിന്നിടുമ്പോള്‍ കുടിയേറ്റ നാട്ടിലെ വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ച ഫാ. ജോസ് കണ്ടത്തിക്കുടിയുടെ അജപാലന ദൗത്യത്തിലെ സുവര്‍ണരേഖയുമാവുന്നുണ്ട്.
ചരിത്രം രചിച്ചും ചമച്ചുമാണ് ജോസച്ചന്‍ കാനോനിക നിയമപ്രകാരം അജപാലന ദൗത്യത്തില്‍ നിന്നും വിരമിക്കുന്നത്. എഴുപത്തഞ്ച് വയസ് പിന്നിട്ടാല്‍ ഇടവക ഭരണവും മറ്റ് സഭാ ചുമതലകളും വിട്ടൊഴിയണമെന്നാണ് സഭാ നിയമം അനുശാസിക്കുന്നത്. 2020 മെയ് 30 നായിരുന്നു ഫാ. കണ്ടത്തിക്കുടിയുടെ 75ാം ജന്മദിനം. സഭയുടെ കണക്കനുസരിച്ച് വി ശ്രമജീവിതം. അതിന്റെ തുടച്ചയായാണ് ന്യൂയോര്‍ക്ക് ബ്രോങ്ക്‌സിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ വികാരി എന്ന പദവിയില്‍ നിന്നും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിരമിച്ച് വിര്‍ജീനിയയിലെ ക്രോസെറ്റിലുളള ഔവര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് സന്യാസിനി സമൂഹത്തിന്റെ ചാപ്ലെയ്‌നായി അദ്ദേഹം ന്യൂയോര്‍ക്ക് വിടുന്നത്.
ട്രാപ്പിസ്റ്റ് മൊണാസ്ട്രിയായ ഈ സന്യാസിനീ സമൂഹം നാട്ടിലെ മിണ്ടാമഠത്തിനു സമാനമാണ്. പ്രാര്‍ത്ഥനയും ധ്യാനവുമായി ജീവിതം നയിക്കുന്ന കന്യാസ്ത്രീകളുടെ കൂട്ടായ്മ. മദറിനും മറ്റൊരു കന്യാസ്ത്രീക്കും മാത്രമേ പുറം സമൂഹവുമായി സംസാരിക്കാന്‍ അനുവാദമുളളൂ. അതും മഠത്തിലെ മറ്റു കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിനു വേണ്ടി മാത്രം. അല്ലാത്തപ്പോള്‍ അവരും മൗനത്തില്‍. കൃത്യമായ ടൈംടേബിളാണ് ഒന്നും മിണ്ടാതെ ദിനചര്യങ്ങള്‍ പൂര്‍ത്തിയാക്കി പ്രാര്‍ത്ഥനയും ധ്യാനവുമായി ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്.
ക്രോസെറ്റിലെ ഒരു കുന്നിന്‍ മുകളിലാണ് മഠം. ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന ഭൂമി സ്വന്തമായുണ്ടിവര്‍ക്ക്. അടിവാരത്തുളള ചെറുവീട്ടിലാണ് ജോസച്ചന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മഠത്തില്‍ ദിവസവും കുര്‍ബാനയര്‍പ്പിക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയുമാണ് ചാപ്ലെയ്‌ന്റെ ചുമതല. ഉച്ചഭക്ഷണം മഠത്തില്‍ നിന്നാണ്. രാവിലെയും വൈകുന്നേരവും വേണ്ടത് തന്നെയുണ്ടാക്കണം.
മോഹിച്ചത് മാനന്തവാടിയില്‍ വിശ്രമ ജീവിതം
മാതൃരൂപതയായ മാനന്തവാടിയിലെ പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ തുടരുകയായിരുന്നുവെന്ന് ജോസച്ചന്‍ പറഞ്ഞു. കൊറോണ സൃഷ്ടിച്ച സാമൂഹികാരോഗ്യ പ്രതിബന്ധങ്ങളും സ്വന്തം ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്.
പിതാവിന്റെ സഹോദരീ പുത്രി റോച്ചസ്റ്ററിലുളള മേരിയാണ് മഠത്തിലേക്കുളള വഴി തുറന്നത്. അമേരിക്കന്‍ വംശജനായ ഗ്രേഗ് ആണ് മേരിയുടെ ഭര്‍ത്താവ്. തികഞ്ഞ ക്രൈസ്തവ വിശ്വാസവും പ്രാര്‍ത്ഥനയും പിന്തുടരുന്ന ഗ്രേഗും മേരിയും അമേരിക്കയിലെ പല ധ്യാന കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. വിര്‍ജീനിയയിലെ ഔവര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് മൊണാസ്ട്രയിലും പോകാറുളള അവര്‍ക്ക് മദറുമായി അടുത്ത ബന്ധമുണ്ട്. നമ്മുടെ ധ്യാനരീതികളില്‍ നിന്നും വ്യത്യസ്തമാണ് അമേരിക്കന്‍ വംശജരുടേത്. അവര്‍ക്ക് പ്രഭാഷണങ്ങളും ശബ്ദാനമായമായ അന്തരീക്ഷവുമൊന്നുമില്ല. നിശബ്ദമായി ധ്യാനത്തില്‍ മുഴുകി പ്രാര്‍ത്ഥിക്കുകയാണ് അവരുടെ രീതി. വിര്‍ജീനയയില്‍ മഠത്തിന്റെ കെട്ടുവളപ്പില്‍ നിരവധി കോട്ടേജുകളുണ്ട്. അവിടെ കുടുംബമായി എത്തുന്നവര്‍ക്ക് താമസിക്കാം. ഭക്ഷണമൊക്കെ സ്വയം പാകം ചെയ്ത് കഴിക്കണം. അല്ലാതെ സമൂഹ ഊട്ടുപുരയൊന്നും ഇല്ല.
മഠത്തിലെ ചാപ്ലെയ്ന്‍ കുറച്ചുകാലം മുമ്പ് നിര്യാതനായിരുന്നു. തുടര്‍ന്ന് പല വൈദികര്‍ മാറിമാറി സേവനം ചെയ്യുകയായിരുന്നു. സ്ഥിരം വൈദികനായുളള ശ്രമം മദര്‍ തുടരുന്നതിനിടക്കാണ് മേരി ബന്ധപ്പെടുന്നതും ജോസച്ചന്റെ കാര്യം അവതരിപ്പിക്കുന്നതും. ഓഗസ്റ്റ് മൂന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
തലശേരി രൂപതയിലെ മണിമൂളി ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ അസിസ്റ്റന്റ് വികാരിയായി തുടങ്ങി വിവിധ ഇടവകകളില്‍ വികാരിയായും മാനന്തവാടി രൂപതാ ചാന്‍സലറും ഒക്കെയായി നാട്ടില്‍ കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ച ശേഷം അമേരിക്കയിലെത്തിയ എനിക്ക് പലയിടങ്ങളില്‍ നിന്നും യാത്രയയപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും വിര്‍ജീനിയയിലേക്കുളള നിയോഗം വലിയൊരു യാത്രയയപ്പിന്റെ തുടക്കമായി കാണാന്‍ കഴിയുന്നുവെന്ന് ജോസച്ചന്‍ ചൂണ്ടിക്കാട്ടുന്നു.
ആ യാത്രക്ക് തയാറെടുക്കാനുളള പരിശീലന കളരി ഒരുക്കിയിരിക്കുന്നത് വിര്‍ജീനിയ മഠത്തിലായിരിക്കും. അല്ലെങ്കിലെന്തിനാണ് ഇടവക ഭരണവും സഭാ ചുമതലകളുമായി നടന്ന എന്നെ ധ്യാനത്തിന്റെയും പ്രാര്‍ത്ഥനാ ജീവിതത്തിന്റെയും ഭൂമികയിലേക്ക് സ്വര്‍ഗസ്ഥനായ പിതാവ് എത്തിക്കുന്നത്. അവിടുത്തെ തീരുമാനത്തിന്റെ മധുരം ഈ ഭൂമിയില്‍ നമുക്ക് തിരിച്ചറിയാനാവില്ലല്ലോ. ചിലപ്പോള്‍ അത് എന്നിലെ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനാവാം. അല്ലെങ്കില്‍ ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കാന്‍ ഉന്നതങ്ങളില്‍ നിന്നും കല്‍പ്പിച്ച നിയോഗമാവാം..
നിയോഗം പോലെ കുടിയേറ്റം
നിയോഗങ്ങളില്‍ കൂടിത്തന്നെയായിരുന്നു എന്റെ ജീവിത പ്രയാണവും. മൂവാറ്റുപുഴക്കടുത്ത് കല്ലൂര്‍ക്കാട് സ്വദേശിയായ കണ്ടത്തിക്കുടി ജോണിന്റെയും ത്രേസ്യാക്കുട്ടിയുടെയും മൂത്തമകനായ എന്റെ കുടുംബം പാലക്കാട് മണ്ണാര്‍ക്കാടിനടുത്തുളള കാഞ്ഞിരപ്പുഴയില്‍ എത്തിയതും കേട്ടറിവില്ലാത്ത ഒരു കുടിയേറ്റത്തിന്റെ നിയോഗവുമായാണ്. അക്കാലത്ത് ജന്മ നാട്ടില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുവരായിരുന്നു മലബാര്‍ കുടിയേറ്റക്കാര്‍.
ഞങ്ങളാവട്ടെ ഏക്കറ് കണക്കിനുളള തോട്ടങ്ങള്‍ വിറ്റിട്ടാണ് വയലേലകള്‍ നിറഞ്ഞ പാലക്കാട്ടെത്തിയത്. പാരമ്പര്യമായി കൃഷിക്കാരായിരുന്നു കണ്ടത്തിക്കുടി കുടുംബം. കുരുമുളകും കവുങ്ങും തെരുവപ്പുല്ലും തെങ്ങുമൊക്കെയായി സുഭിക്ഷമായി കഴിഞ്ഞിരുന്ന കാലത്താണ് നാണ്യവിളള്‍ക്കു പകരം ഭക്ഷ്യ വിളകള്‍ വിളയുന്ന നെല്‍പ്പാടം വേണമെന്ന് വല്യപ്പച്ചന് മോഹമുദിക്കുന്നത്. അദ്ദേഹമാണ് തന്റെ എട്ടു മക്കളെയും കൂട്ടി പാലക്കാട്ടേക്കു പോയത്.
പൊന്നു വിളയുന്ന വയലേലകളായിരുന്നു അന്നു പാലക്കാട്ട്. കാഞ്ഞിരപ്പുഴ ഡാമിനടുത്ത് വയലുകള്‍ സ്വന്തമാക്കാന്‍ വല്യപ്പച്ചന്‍ നല്‍കിയത് അക്കാലത്ത് ഏക്കറിന് ആയിരം രൂപ കണക്കിലാണ്. വയലില്ലാത്ത മറ്റു കുടിയേറ്റ മേഖലകളില്‍ ഏക്കറിന് നൂറ് രൂപ മതിയായിരുന്നു.
തീഷ്ണമായ വിശ്വാസവും ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതവും കുടുംബത്തിന്റെ കൈമുതലായിരുന്നു. വൈദികനാവാനുളള ആഗ്രഹം എന്നില്‍ മൊട്ടിട്ടതും ഈ വിശ്വാസ പാരമ്പര്യത്തില്‍ നിന്നു തന്നെ. ചാച്ചന്റെയും അമ്മയുടെയും കുടുംബത്തില്‍ അഭിഷിക്തര്‍ ഉണ്ടായിരുന്നു.
പല അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു അക്കാലത്ത് പാലക്കാടിന്റെ ആരാധനാ പാരമ്പര്യം. ഒപ്പം കമ്മ്യൂണിസം കൊടുകുത്തി വാഴുന്ന കാലവും. കറതീര്‍ന്ന കത്തോലിക്കന് ഉള്‍ക്കൊളളാന്‍ കഴിയാത്ത വൈരുധ്യങ്ങളുടെ നാട്. എന്നിരിക്കിലും മതസൗഹാര്‍ദ്ദം പാലക്കാടിന്റെ മുഖമുദ്രയായിരുന്നു. സകല മതസ്ഥരും ഒത്തൊരുമയോടെ ജീവിച്ചിരുന്ന കാലം. ക്ഷേത്രങ്ങളിലെ ഉത്സവത്തിനും മുസ്‌ലിം പളളികളിലെ ആഘോഷങ്ങങ്ങള്‍ക്കും ക്രൈസ്തവ ദേവാലയങ്ങളിലെ പെരുന്നാളുകള്‍ക്കും എല്ലാവരും ഒത്തുകൂടിയിരുന്ന സുന്ദരനാളുകള്‍. ഇന്നതൊക്കെ മാറി. എവിടെയും വര്‍ഗീയ ചിന്താഗ തികള്‍..വിഭാഗീയതയുടെ താണ്ഡവങ്ങള്‍...
ദൈവമില്ല എന്നു പഠിപ്പിച്ച അധ്യാപകന്‍
വൈദികനാവണമെന്ന ആഗ്രഹം പരിചയത്തിലുളള ഫാ. എബ്രഹാം പടയാറ്റിലിനോട് സ്വകാര്യമായി പറഞ്ഞിരുന്നെങ്കിലും അതിന് വിലങ്ങുതടിയാവാന്‍ ഒരുപാട് സാഹചര്യങ്ങള്‍ സമൂഹത്തിലുണ്ടായിരുന്നു.
മണ്ണാര്‍ക്കാട് ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു പിന്നീട് മന്ത്രിയായ ടി. ശിവദാസ മേനോന്‍. ജന്മനാ നിരീശ്വരവാദി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. പിന്നെ തികഞ്ഞ കമ്മ്യൂണിസ്റ്റും. സയന്‍സ് അധ്യാപകനായിരുന്ന അദ്ദേഹം ക്ലാസിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മുഖത്തു പോലും നോക്കാതെ രണ്ടു വാചകങ്ങള്‍ ബോര്‍ഡില്‍ കുറിക്കും..There is no God, Religion is opium (ദൈവം ഇല്ല, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്)..എന്നിട്ടേ അദ്ദേഹം ക്ലാസ് തുടങ്ങൂ.
ഇത്തരം നിരീശ്വര വാദങ്ങളൊന്നും എന്റെ മനസിനെ ഉലയ്ക്കാന്‍ പോന്നതായിരുന്നില്ല. അത്രത്തോളം ശക്തമായിരുന്നു കുടുംബത്തിന്റെ വിശ്വാസ തീഷ്ണത. എണ്‍പതു പേരുളള ക്ലാസില്‍ അന്ന് നാലുപേരേ ക്രിസ്ത്യാനികളായുളളൂ. അതില്‍ മൂന്നുപേര്‍ മാത്രമാണ് കത്തോലിക്കര്‍. ഒരാള്‍ പ്രോട്ടസ്റ്റന്റ് വിശ്വാസിയും.
ദൈവത്തിന്റെ തീരുമാനം കൊണ്ടോ മനസിന്റെ ആഗ്രഹം കൊണ്ടോ ഹൈസ്‌കൂള്‍ പാസായ ശേഷം തലശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് തുടക്കമായി. പഠനത്തിലെ മികവു കൊണ്ടാവാം തുടര്‍ന്ന് ഉപരി പഠനത്തിനായി റോമിലെ അര്‍ബന്‍ യൂണി വേഴ്‌സിറ്റിയിലേക്കയച്ചു.
തിയോളജിലും ഫിലോസഫിയിലും റോമില്‍ നിന്ന് ബിരുദം നേടിയത് ഡിസ്റ്റിംഗ്ഷനോടെയാണ്. വൈദിക പട്ടം സ്വീകരിച്ചതും റോമില്‍ തന്നെയാണ്. 1971 മാര്‍ച്ച് 27 ന് കര്‍ദ്ദിനാള്‍ ആന്‍ജലോ റോസിയില്‍ നിന്നും.
ഒന്‍പത് ഇടവകകള്‍ സ്ഥാപിച്ചു
തലലേശരിയില്‍ നിന്നും പുതുതായി രൂപീകരിച്ച മാനന്തവാടി രൂപതയിലെത്തിയ ഞാന്‍ രൂപതയില്‍ ഒമ്പത് ഇടവകകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്ഥാപിച്ചു. എല്ലാം സ്വയം പര്യാപ്തവുമായി.
ഈ പ്രവര്‍ത്തനങ്ങള്‍ സിനഡില്‍ ചര്‍ച്ചയായിട്ടുണ്ടാവാം. വിദേശത്ത് സഭാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു തീരുമാനിക്കാന്‍ കൂടിയ സിനഡ് കുടിയേറ്റക്കാരായ സീറോ മലബാര്‍ സമൂഹം ഇന്ത്യയിലെ സഭാംഗങ്ങള്‍ക്കായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അവരുടെ വിദേശത്തേക്കു കുടിയേറിയ രണ്ടാം തലമുറക്കായി എന്തു ചെയ്തു എന്ന അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം കാട്ടുമന പിതാവിന്റെ ചോദ്യത്തില്‍ നിന്നാണ് ഇന്ന് വിദേശങ്ങളില്‍ കാണുന്ന സീറോ മലബാര്‍ സഭാ വളര്‍ച്ചയുടെ തുടക്കം.
അമേരിക്കന്‍ ദൗത്യം
കാട്ടുമന പിതാവിന്റെ സമ്മര്‍ദ്ദത്താല്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് തൂങ്കുഴിയാണ് അമേരിക്കന്‍ ദൗത്യത്തിന് അനുമതി നല്‍കുന്നത്. ന്യൂയോര്‍ക്കിലേക്കായിരുന്നു നിയമനം. എന്നാല്‍ ആ നിയമന ഉത്തരവ് അറിയിച്ചു കൊണ്ടുളള കത്ത് മാനന്തവാടി രൂപതയിലെത്തിയില്ല.
അന്ന് ട്രൈസ്‌റ്റേറ്റ് ന്യൂയോര്‍ക്കില്‍ ശക്തമായിരുന്ന ഇന്ത്യ കാത്തലിക് അസോ സിയേഷന്‍ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഒേക്കാണറില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് പിന്നീടറിഞ്ഞു. ഏകതാ സ്വഭാവമുളള ഇന്ത്യന്‍ കത്തോലിക്കര്‍ക്കിടയില്‍ എന്തിനാണ് സീറോ മലബാര്‍ എന്ന വേര്‍തിരവ് എന്ന അസോസിയേഷന്‍ പ്രതിനിധികളുടെ ചോദ്യം പൗരസ്ത്യ സഭകളെക്കുറിച്ച് അത്രയേറെ അവഗാഹമില്ലാത്ത കര്‍ദ്ദിനാള്‍ ഒേക്കാണര്‍ അംഗീകരിക്കുകയായിരുന്നു.
ഒരുവര്‍ഷത്തിനു ശേഷമാണ് ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് എന്നെ അമേരിക്കയിലേക്കു ക്ഷണിക്കുന്നത്. കര്‍ദ്ദിനാളിന്റെ കത്തുമായി മദ്രാസിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെത്തി വിസ ശരിയാക്കി കിട്ടാന്‍ ഒരാഴ്ചയേ വേണ്ടിവന്നുളളൂ. 1995 സെപ്റ്റംബര്‍ ഏഴിനാണ് ചിക്കാഗോയില്‍ എത്തുന്നത്.
ചിക്കാഗോയിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിച്ച നാളുകളായിരുന്നു പിന്നീട്. ചിക്കാഗോയില്‍ ഇപ്പോഴത്തെ മാര്‍ത്തോമ്മാ ശ്‌ളീഹാ കത്തീഡ്രല്‍ ആസ്ഥാനമാക്കി തുടങ്ങിയ പ്രവര്‍ത്തനത്തിലൂടെ സീറോ മലബാര്‍ കുര്‍ബാനയും സണ്‍ഡേ സ്‌കൂളും, വിന്‍സന്റ്ഡിപോള്‍, മാത്യസംഘം തുടങ്ങിയ സേവന സംഘടനകള്‍ക്കും രൂപം നല്‍കി. അമേരിക്കയില്‍ സീറോ മലബാര്‍ രൂപത വേണമെന്ന ആവശ്യം സജീവമാവുന്നതും അക്കാലത്താണ്. അപ്പസ്‌തോലിക് വിസിറ്റായി അമേരിക്കയില്‍ നിയോഗിക്കപ്പെട്ട മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ ചിക്കാഗോ ആസ്ഥാനമാക്കി സീറോ മലബാര്‍ രൂപത സ്ഥാപിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയതും ചിക്കാഗോയിലെ സഭാ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്.
ന്യു യോര്‍ക്കില്‍ 1999-ല്‍
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തലിന്റെ തീരുമാന പ്രകാരമാണ് ന്യൂയോര്‍ക്കിലേക്ക് 1999 ല്‍ എത്തുന്നത്. ചിക്കാഗോയില്‍ ചെയ്യാനുളളതെല്ലാം ചെയ്തു ഇനി അച്ചന്റെ സേവനം ന്യൂയോര്‍ക്ക് മേഖലയിലാണ് വേണ്ടതെന്നാണ് മാര്‍ വിതയത്തിലിന്റെ അഭിപ്രായം.
ന്യൂജേഴ്‌സി ന്യൂമില്‍ഫോര്‍ഡും ന്യൂയോര്‍ക്കിലെ റോക്‌ലന്‍ഡും കേന്ദ്രീക രിച്ചായിരുന്നു പ്രവര്‍ത്തനം. 2002 ലാണ് ബ്രോങ്ക്‌സില്‍ ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും പളളി സ്വന്തമാക്കുന്നതും സെന്റ്‌തോമസ് സീറോ മലബാര്‍ ചര്‍ച്ച ് എന്ന പേരില്‍ പളളി സ്ഥാപിക്കുന്നതും അവിടെ വികാരിയായി നിയമിക്കപ്പെടുന്നതും. സെന്റ് വാലന്റൈന്റെ പേരിലുളള പളളിയായിരുന്നു അത്. സെന്റ് തോമസ് എന്ന് പുനര്‍ നാമകരണം ചെ യ്തുവെങ്കിലും റെക്ടറിയുടെ പേര് ഇന്നും സെന്റ് വാലന്റൈന്‍സ് എന്ന് നിലനിര്‍ത്തിയിരിക്കുന്നു.
ചിക്കാഗോയിലെയും ന്യൂയോര്‍ക്കിലെയും പ്രവര്‍ത്തനത്തിലൂടെ പതിനാല് ഇടവകകളാണ് പുതുതായി സ്ഥാപിക്കാനായത്. ചിക്കാഗോയില്‍ മൂന്നും അറ്റ്‌ലാന്റയില്‍ ഒന്നും ന്യൂ യോര്‍ക്ക് ന്യൂജേഴ്‌സി മേഖലകളില്‍ എട്ടും ഇടവകകള്‍. ഒപ്പം ബോസ്റ്റണിലും കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡിലും ഒരോ ഇടവകകളും. വിശ്വാസികളുമായി ആറുപ്രാവശ്യം വിശുദ്ധനാട് സന്ദര്‍ശനത്തിനും നേതൃത്വം വഹിച്ചു.
ബൈബിള്‍ ക്ലാസുകളിലൂടെയാണ് ഓരോ സ്ഥലത്തെയും വിശ്വാസികളെ ഏകോപിപ്പിച്ചിരുന്നത്. ഉപരിപ്ലവമായ ആഘോഷങ്ങള്‍ക്കപ്പുറം വിശ്വാസ തീഷ്ണത വര്‍ധിപ്പിക്കുന്ന വചനക്ലാസുകള്‍ സഭാംഗങ്ങളില്‍ ചെലുത്തിയ സ്വാധീനം ആഴമേറിയതായിരുന്നു.
അമേരിക്കയിലെ പ്രവര്‍ത്തനത്തില്‍ ഏറെ പ്രതിസന്ധികളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ജോസച്ചന്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍പ്പസ്വല്‍പ്പം എതിര്‍പ്പുകളൊഴിച്ചാല്‍ എല്ലായിടത്തു നിന്നും സഹകരണമായിരുന്നു. സഭാ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിച്ചാല്‍ ഇവിടുടെത്ത വിശ്വാസികളുടെ സഹകരണത്തിനും ഉയര്‍ന്ന നിലയുണ്ടാവുമെന്ന് ഫാ. കണ്ടത്തിക്കുടി ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയില്‍ സഭക്കു നല്ല ഭാവി
അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ഭാവിയിലും അദ്ദേഹത്തിന് ശുഭാപ്തി വിശ്വാസമാണുളളത്. ഇവിടെ ജനിച്ചു വളര്‍ന്ന യുവാക്കള്‍ വൈദികരാവാന്‍ താല്‍പ്പര്യം കാണിക്കുന്നത് ആശാവഹമാണ്. യുവജനങ്ങള്‍ക്കിടയിലെ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നു എന്നതിന് തെളിവാണത്. വളര്‍ന്നു വരുന്ന കുട്ടികളെ സ്വാധീനിക്കാനും യുവാക്കളുടെ സഭാജീവിതം കാരണമാവും.
സഭയുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ അതനുസരിച്ചുളള നേതൃത്വവും വേണ്ടതുണ്ട്, കടുംപിടുത്തം ഒഴിവാക്കി മാറുന്ന സാഹചര്യങ്ങളോട് സമരസപ്പെടുന്ന ബിഷപ്പുമാര്‍ ഉണ്ടാവണം. അത് നാട്ടില്‍ നിന്നായാലും ഇവിടെ നിന്നുളളവരായാലും കുഴപ്പമില്ല. ഫളക്‌സിബിലിറ്റി വേണമെന്നു മാത്രം.
മൂന്നു രൂപത വേണം
അതുപോല ചിക്കാഗോ മാത്രം കേന്ദ്രീകരിച്ചുളള സെന്‍ട്രലൈസ്്ഡ് രീതിയും നന്നല്ല. ഇന്നത്തെ സാഹചര്യത്തില്‍ മൂന്ന് രൂപതകള്‍ ആവശ്യമായിട്ടുണ്ട്. ചിക്കാഗോ ആസ്ഥാനമാക്കി സെന്‍ട്രല്‍ അമേരിക്കന്‍ രൂപതയും ഹൂസ്റ്റണ്‍, ഡാളസ്, കാലിഫോര്‍ണിയ ഉള്‍പ്പെടുത്തി സൗത്തവേസ്‌റ്റേണ്‍ രൂപതയും, ഫിലഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുളള നോര്‍ത്ത് ഈ സ്‌റ്റേണ്‍ രൂപതയും.
ഇതൊക്കെ കാലം കഴിയുമ്പോള്‍ സംഭവിക്കുമായിരുക്കും. അന്ന് കാലത്തിന് മുമ്പേ നടന്നവരുടെ കണക്കു പുസ്തകം തുറക്കുമ്പോള്‍ ഫാ. ജോസ് കണ്ടത്തിക്കുടിയുടെ കൈയൊപ്പും പതിഞ്ഞിരിക്കാം....ഇല്ലായിരിക്കാം.. നിയോഗവഴികളില്‍ കൈയൊപ്പുകള്‍ക്കല്ലല്ലോ പ്രാധാന്യം, ദൈവത്തിന്റെ കൈവയ്പ്പിനല്ലേ....
2021
ഫാ. ജോസ് കണ്ടത്തിക്കുടി പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍
ഷോളി കുമ്പിളുവേലി
https://emalayalee.com/vartha/233127
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ റവ.ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം മാര്‍ച്ച് 27-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂം മീറ്റിംഗിലൂടെ ആഘോഷിക്കുന്നു. കഴിഞ്ഞ മെയ് മാസം 75 വയസ് തികഞ്ഞ ജോസ് അച്ചന്‍ ഇടവക സേവനങ്ങളില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ്.
1945 മെയ് 30-ന് കണ്ടത്തിക്കുടി ജോണ്‍ - ത്രേസ്യക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ച ജോസച്ചന്‍, 1962-ല്‍ തലശേരി മൈനര്‍ സെമിനാരിയില്‍ ചേരുകയും, തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെമിനാരിയിലും, റോമിലെ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലും പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1971 മാര്‍ച്ച് 27-നു വത്തിക്കാനില്‍ വച്ചു കര്‍ദിനാള്‍ ആഗ്നെലോ റോസ്സിയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ച് വൈദീകനായി.
1973-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശേരി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച ജോസച്ചന്‍, കല്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടവകകള്‍ ആരംഭിക്കുകയും, വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ തമിഴ്‌നാട്ടിലെ കൂനൂര്‍, ബര്‍ളിയാര്‍, അറുവന്‍കാട് തുടങ്ങിയ സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിക്കുകയും, വികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
തലശേരി രൂപതയിലെ വിവിധ ആദ്ധ്യാത്മിക മേഖലകളിലും ജോസച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ് പ്രസിന്റെ മാനേജര്‍, മാനന്തവാടി രൂപതാ ചാന്‍സിലര്‍, രൂപതയുടെ സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, തൂങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് 1995-ല്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുക എന്ന ദൗത്യവുമായി, സീറോ മലബാര്‍ ബിഷപ്‌സ് സിനഡിന്റെ തീരുമാന പ്രകാരം അമേരിക്കയിലെത്തുന്നത്. ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ജോസച്ചന്‍ തുടര്‍ന്ന് ന്യൂജഴേസിയിലേയും, ന്യൂയോര്‍ക്കിലേയും വിവിധ സ്ഥലങ്ങളില്‍ താമസിച്ച് സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുകയും വിവിധ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു.
2002 മാര്‍ച്ച് 24-ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സ്ഥാപിക്കുകയും, വികാരിയായി നിയമിതനാകുകയും ചെയ്തു. അന്നു മുതല്‍ ഇടവക ഭരണത്തില്‍ നിന്നും വിരമിച്ച 2020 മെയ് മാസം വരെയും ജോസച്ചന്‍ തന്നെയായിരുന്നു ബ്രോങ്ക്‌സ് ഫൊറോന ഇടവകയുടെ വികാരിയായി സേവനം ചെയ്തുവന്നത്. ഇതിനിടയില്‍ ന്യൂയോര്‍ക്കിലും കണക്ടിക്കട്ടിലും വിവിധ സ്ഥലങ്ങളില്‍ സീറോ മലബാര്‍ ഇടവകകളും മിഷനുകളും സ്ഥാപിക്കാനും ജോസച്ചന് കഴിഞ്ഞു.
ഈ മാസം 27-ന് ശനിയാഴ്ച പൗരോഹിത്യത്തില്‍ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സുവര്‍ണ ജൂബിലി, അച്ചന്‍ ഏതാണ്ട് പത്തൊമ്പത് വര്‍ഷത്തോളം സേവനം ചെയ്ത ബ്രോങ്ക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിക്കുന്നു. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സൂം മീറ്റിംഗ് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. നിരവധി വൈദീകരും അത്മായരും ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.