Image

ക്രിസ്മസിന് അവരില്ല; ശവകുടീരത്തിൽ പുൽക്കൂടൊരുക്കി അനീഷും സയനയും.

രഞ്ജിനി രാമചന്ദ്രൻ Published on 22 December, 2024
ക്രിസ്മസിന് അവരില്ല;  ശവകുടീരത്തിൽ പുൽക്കൂടൊരുക്കി അനീഷും സയനയും.

ഉരുൾ ദുരന്തം കവർന്ന മൂന്ന് പിഞ്ചോമനകൾക്കായി പുൽക്കൂടൊരുങ്ങി അവർ ഉറങ്ങുന്ന ആ ശവക്കല്ലറയിൽ. മകന്റെ ആഗ്രഹം അവൻ ഈ ലോകത്തോട് വിട പറഞ്ഞിട്ടും നിറവേറ്റിയിരിക്കുകയാണ് അച്ഛനും അമ്മയും. കാണാമറയത്തിരിക്കുന്ന തന്റെ കുരുന്നുകൾക്കായി മരിച്ചവരുടെ ഭൂമിയിലും പ്രത്യാശയുടെ പ്രതീകമായ പുൽക്കൂട് ഒരുക്കി ഉണ്ണിയേശുവിന്റെ വരവിനായി കാത്തിരിക്കുന്നു .

ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോട് ചേർന്ന് മാതാപിതാക്കളായ അനീഷും സയനയുമാണ്  പൂൽക്കൂട് ഒരുക്കിയത്. രണ്ടാമത്തെ മകൻ ധ്യാനിന്റെ, പൂൽക്കൂട് ഒരുക്കണമെന്ന ആഗ്രഹം നിറവേറ്റുകയായിരുന്നു അനീഷും സയനയും. കഴിഞ്ഞ ക്രിസ്മസിന് ധ്യാനിന്റെ ആഗ്രഹ പ്രകാരം നക്ഷത്രവും ലൈറ്റുകളുമെല്ലാം വച്ച് വീട്ടിൽ പുൽക്കൂട് ഒരുക്കിയെങ്കിലും കത്തി പോയിരുന്നു. അന്ന് ധ്യാൻ അച്ഛനോട് പറഞ്ഞിരുന്നു അടുത്ത ക്രിസ്മസിനും പൂൽക്കൂടും നക്ഷത്രങ്ങളുമെല്ലാം ഒരുക്കണമെന്ന്.

എന്നാൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും അലങ്കരിച്ച പുൽക്കൂടും കാണാൻ ഇനി അവരില്ല . ഉരുൾ ദുരന്തം മൂന്ന് മക്കളെയും കവർന്നപ്പോൾ അവരുടെ ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുകയാണ് അനീഷും സയനയും. അനീഷിന്റെ അമ്മ രാജമ്മയുടെ കൂടെയായിരുന്നു കുട്ടികൾ കിടന്നുറങ്ങിയത്. രാജമ്മയേയും ഉരുൾ കൊണ്ടുപോയി. മരണത്തിന്റെ തലേന്ന് രാത്രിയും ഇളയ മകൻ ഇഷാനെ താലോലിച്ചുറക്കിയതാണ് സയന. ഇനിയുള്ളത് ആ ഓർമകൾ മാത്രമാണ്. അനീഷും സയനയും എല്ലാദിവസവും ശവകുടീരത്തിൽ പോകും. മൂന്നു കുട്ടികളുടേയും ചിത്രം പതിപ്പിച്ച ഫലകത്തിൽ മിഠായി കൊണ്ടുവയ്ക്കും. നാലാം ക്ലാസുകാരനായ നിവേദാണ് മൂത്തയാൾ. രണ്ടാമൻ ധ്യാൻ. മൂന്നമത്തെയാൾ ഇഷാന് മൂന്നര വയസ്സ് ആയതേയുള്ളു . ദുരന്തം പലരുടെയും ജീവിതത്തിൽ വിതച്ചത് കാലം മായ്ക്കാത്ത മുറിവുകളാണ്.

English Summary:
They won't be there for Christmas; Aneesh and Sayana set up a grass hut in the cemetery for the sparrows.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക