Image

സാബുവിനെ കൊലയ്ക്ക്‌കൊടുത്ത കട്ടപ്പനയിലെ 'കോ-ഓപ്പറേറ്റീവ്' ശംവംതീനികള്‍...(എ.എസ് ശ്രീകുമാര്‍)

Published on 22 December, 2024
സാബുവിനെ കൊലയ്ക്ക്‌കൊടുത്ത കട്ടപ്പനയിലെ 'കോ-ഓപ്പറേറ്റീവ്' ശംവംതീനികള്‍...(എ.എസ് ശ്രീകുമാര്‍)

കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. വിദേശ മണ്ണില്‍ താന്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ നിക്ഷേപത്തുക തിരികെ ച്ചോദിച്ചപ്പോള്‍ നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് വ്യാപാരിയായ മുളങ്ങാശേരില്‍ സാബു (56) എന്ന മുന്‍ പ്രവാസി സഹകരണ സൊസൈറ്റിക്കു മുന്നില്‍ തൂങ്ങിമരിച്ചത്. സാബുവിന് 25 ലക്ഷംരൂപയോളം സൊസൈറ്റിയില്‍ നിക്ഷേപമുണ്ടായിരുന്നെന്നാണ് സൂചന.

ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് തുക ലഭിക്കാത്തതില്‍ മനംനൊന്താണ് ഇദ്ദേഹം ഈ കടുംകൈ ചെയ്തത്. നിക്ഷേപത്തുക ചോദിക്കാന്‍ ചെന്നപ്പോള്‍ സൊസൈറ്റി സെക്രട്ടറിയും രണ്ടു ജീവനക്കാരും കൈയേറ്റം ചെയ്‌തെന്നും സാബുവിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. മാത്രമല്ല, സാബുവിനെ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ സി.പി.എം ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ വി.ആര്‍ സജി യാതൊരു പ്രകോപനവുമില്ലാതെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് സാബുവും സജിയും തമ്മിലുള്ള ഫോണ്‍ വിളി പുറത്തായിട്ടുണ്ട്. ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ട് സൊസൈറ്റിയിലെത്തിയ തന്നെ ജീവനക്കാരന്‍ പിടിച്ചു തള്ളിയെന്ന് സാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നിട്ട് ജീവനക്കാരനെ താന്‍ മര്‍ദിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും സി.പി.എം കട്ടപ്പന മുന്‍ ഏരിയാ സെക്രട്ടറികൂടിയായ സജിയോട് സാബു പരാതിയായി പറയുന്നു.

ഇതിന് മറുപടിയായിട്ടാണ് സജി ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നത്. ''ഈ മാസത്തില്‍ തരേണ്ട പകുതി പൈസ നല്‍കിയിട്ട് നിങ്ങളയാളെ ഉപദ്രവിക്കേണ്ട കാര്യമെന്താ..? നിങ്ങള്‍ വിഷയം ഒന്നും മാറ്റണ്ടാ. നമ്മള്‍ ഇതറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാ. നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ. നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ. പണി മനസ്സിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാണ് നില്‍ക്കുന്നത്...'' എന്നായിരുന്നു ക്രിമിനല്‍ സ്വഭാവം വെളിപ്പെടുത്തുന്ന സജിയുടെ വെല്ലുവിളി.

നിക്ഷേപത്തുക ഗഡുക്കളായി നല്‍കാമെന്ന് സമ്മതിച്ചിരുന്നതായി വിശദീകരിക്കുന്ന സൊസൈറ്റി അധികൃതര്‍, ഇരുപതു കോടിയോളം രൂപ വായ്പക്കുടിശ്ശിക നേരിടുന്നെന്നാണ് ന്യായീകരണം പറയുന്നത്. പണം സാബുവിന്റെയോ മറ്റ് ബാങ്ക് അധികൃതരുടെയോ വീട്ടില്‍ നിന്ന് എടുത്തു കൊടുക്കോണ്ടതല്ലല്ലോ. തന്റെ നല്ല പ്രായത്തില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കിനെ വിശ്വസിച്ച് നിക്ഷേപിച്ചാതാണോ സാബു ചെയ്ത കുറ്റം..? കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളെന്ന ധാര്‍ഷ്ട്യവും നാട്ടുകാരുടെ പണം യാതൊരു ഉളുപ്പുമില്ലാതെ അടിച്ചുമാറ്റുന്ന സാമൂഹിക വിരുദ്ധതയാണ് മേല്‍പ്പറഞ്ഞ വി.ആര്‍ സജിയുടെയും മറ്റും പിതൃശൂന്യമായ പെരുമാറ്റത്തില്‍ പ്രകടമാവുന്നത്.

അതേസമയം, സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ചാണ് സൊസൈറ്റി പ്രസിഡന്റ് എം.ജെ വര്‍ഗീസ് പ്രതികരിച്ചത്. ''ആത്മഹത്യ കുറിപ്പില്‍ പേരുള്ള മൂന്ന് പേര്‍ക്കെതിരെയും നിലവില്‍ നടപടി എടുക്കേണ്ട ആവശ്യമില്ല. ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. തിങ്കളാഴ്ച ബോര്‍ഡ് മീറ്റിംഗ് കൂടിയ ശേഷമാണ് തുടര്‍നടപടി ഉണ്ടാവുക...'' എന്നാണ് മനുഷ്യത്തം ലെവലേശമില്ലാത്ത ഈ മാന്യന്‍ പറയുന്നത്.

ഇതിനിടെ, സാബുവിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണം സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. അന്വേഷണത്തിന്റെ ആദ്യ പടിയായി സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാര്‍ സി.പി.എം കട്ടപ്പന മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി വി.ആര്‍ സജി എന്നിവരില്‍ നിന്നും നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തെളിവുകള്‍ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം.

അത്യന്തം പരിതാപകരമാണ് സാബുവിന്റെ വീട്ടിലെ അവസ്ഥ. പക്ഷാഘാതത്തെത്തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സാബുവിന്റെ അമ്മ ത്രേസ്യാമ്മ. പ്രായംമൂലമുള്ള കടുത്ത രോഗാവസ്ഥയിലാണ് പിതാവ് തോമസ്. മക്കളായ അബിന്റെയും അലന്റെയും പഠനം പൂര്‍ത്തിയായിട്ടില്ല . കുടുംബത്തിന്റെ നെടുംതൂണായിരുന്ന സാബു വര്‍ഷങ്ങളായി കട്ടപ്പനയില്‍ 'വറൈറ്റി' എന്ന പേരില്‍ ലേഡീസ് സ്റ്റോര്‍ നടത്തുകയായിരുന്നു. സാബു പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്നും പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളര്‍ത്തിയതെന്നും മേരിക്കുട്ടി പറഞ്ഞു.

സാബുവിന്റെ ആത്മഹത്യയും തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ കള്ളപ്പണ ഇടപാടും തട്ടിപ്പും ഉള്‍പ്പെടെയുള്ള സംഭവങ്ങളും സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നടക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലും അഭിമാനവും സാധാരണക്കാരുടെ ആശാകേന്ദ്രവുമാണ് സഹകരണ സ്ഥാപങ്ങള്‍. ഒരു സംഘം വ്യക്തികളുടെ ഉടമസ്ഥതയില്‍ അവര്‍ തന്നെ നടത്തുന്ന ബാങ്ക്, സൊസൈറ്റി ഉള്‍പ്പെടെയുള്ള സംരംഭങ്ങളാണ് സഹകരണ സംഘം. സംഘാംഗങ്ങളുടെ പൊതുനേട്ടമാണ് സഹകരണ സംഘങ്ങളുടെ ലക്ഷ്യം. മറ്റു ബിസിനസ്സ് സംഘടനകളില്‍നിന്നും മൗലികമായിത്തന്നെ വ്യത്യസ്തമായവയാണ് സഹകരണ സംഘങ്ങള്‍.

ലാഭമുണ്ടാക്കുക എന്നതിനേക്കാള്‍ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം തന്നെ. പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണ് സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ പ്രസ്ഥനത്തിലെ അംഗങ്ങളുടെയും ചുറ്റുമുള്ള സമൂഹത്തിന്റെയും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് ഒരു സഹകരണ സംഘത്തിന്റെ ലക്ഷ്യം. സഹകരണ സംഘങ്ങള്‍ക്ക് പലപ്പോഴും അവരുടെ അംഗങ്ങളോട് ശക്തമായ പ്രതിബദ്ധതയുണ്ട്.

എന്നാല്‍ ഏതാനും ചിലരുടെ പണത്തോടുള്ള ആര്‍ത്തിയും താന്‍പോരിമയും രാഷ്ട്രീയത്തിന്റെ പിന്‍ബലവും എന്തുകാട്ടിയാലും തങ്ങളെ ചോദ്യം ചെയ്യാനാവില്ല എന്ന അങ്കാരവും ഭരണകക്ഷിക്കാരെന്ന തിണ്ണമിടുക്കും മൂലം ബഹുജനാടിത്തറയുള്ള ഒരു വലിയ പ്രസ്ഥാനം തന്നെ കളപ്പെട്ടുപോകുന്നു. ഇത്തരം പുഴുക്കുത്തുകളെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാരാണ് ആര്‍ജവം കാട്ടേണ്ടത്. കട്ടപ്പനയില്‍ സംഭവിച്ചതുപോലെ കള്ളന്‍മാര്‍ പാര്‍ട്ടിക്കപ്പലില്‍ തന്നെയുള്ളവരാണെങ്കില്‍ പിന്നെ എപ്പോ കണ്ണടച്ചെന്ന് ചോദിച്ചാല്‍ മതി.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണിത്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതല്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി.

വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. ബാങ്കിന്റെ സ്ഥിതി ഇപ്പോഴും മോശാവസ്ഥയിലാണ്. അവസാനത്തെ കണക്കെടുപ്പ് (2022-23 സാമ്പത്തിക വര്‍ഷം) പ്രകാരം ബാങ്കിന്റെ നഷ്ടം 418 കോടിയാണ്.

കരുവന്നൂര്‍ ബാങ്കിലെ ഒരു നിക്ഷേപകന്‍ കഴിഞ്ഞ ജനുവരിയില്‍ ദയാവധത്തിന് അനുമതിതേടി കേരള ഹൈക്കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. 70 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിരുന്ന അദ്ദേഹം ചികിത്സയ്ക്കും മറ്റും പണം കിട്ടാതെ വേദനിച്ചാണ് കോടതിയെ സമീപിച്ചത്. സ്വന്തം പണം മേടിച്ചെടുക്കാന്‍ കോടതികയറേണ്ട ഗതികേടിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്..? കേരളത്തിന്റെ സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ വെറും ഒന്നര ശതമാനത്തില്‍ മാത്രമേ ക്രമക്കേടു നടന്നിട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീരവാദം.

തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ കോടികളുടെ വായ്പ്പ വാരിക്കോരി നല്‍കുന്നതും ആസൂത്രിതമായ തട്ടിപ്പുമാണ് അടുത്ത കാലത്ത് ചില സഹകരണ ബാങ്കുകളില്‍ നിന്ന് കോടികള്‍ ചോര്‍ന്നു പോകാന്‍ കാരണം. ഇതാണ് കരുവന്നൂര്‍ സഹകരണ ബാങ്കിനെ കുപ്രസിദ്ധമാക്കിയത്. നിക്ഷേപകര്‍ പണം ചോദിച്ചെത്തുമ്പോള്‍ ബാങ്കുകാര്‍ കൈമലര്‍ത്തുന്നതും കായികമായി നേരിടുന്നതിനും കരണം ഇത്തരം അടിച്ചുമാറ്റലുകളാണ്. പലരും പ്രതിഷേധിച്ച് രക്ഷാവാതിലുകളില്‍ മുട്ടും. മറ്റ് ചിലര്‍ വിധിയെ പഴിച്ച് കണ്ണീരും സ്വപ്നങ്ങളുമായി ശേഷകാലം ജീവിച്ച് തീര്‍ക്കും. സാബുവിനെപ്പോലുള്ളവര്‍ ഒരു കയറിന്‍ തുമ്പിലോ ഒരുകവിള്‍ വിഷത്തിലോ ജീവിതം അവസാനിപ്പിക്കുകയും ചെയ്യും.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക