പാനമ കനാലിൽ അമിതമായ നിരക്കുകൾ ചുമത്തുന്നു എന്നാരോപിച്ചു പാനമയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്. കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മടിക്കില്ലെന്നു നിയുക്ത പ്രസിഡന്റ് വ്യക്തമാക്കി.
കനാൽ രാജ്യത്തിന്റെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് സുപ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു. അതനുസരിച്ചുള്ള മര്യാദകൾ ആ രാജ്യം പാലിച്ചില്ലെങ്കിൽ കനാലിന്റെ നിയന്ത്രണം തിരിച്ചു തരണമെന്ന് ആവശ്യപ്പെടും.
"പാനമ കനാൽ യുഎസിന്റെ സുപ്രധാന ദേശീയ മുതലാണ്," ട്രംപ് ട്രൂത് സോഷ്യലിൽ എഴുതി. "അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യരക്ഷയ്ക്കും അത് നിർണായകമാണ്. യുഎസ് വ്യാപാരത്തിനും അറ്റ്ലാന്റിക് മുതൽ പാസിഫിക് വരെ വേഗത്തിൽ നാവിക സേനയെ വിന്യസിക്കാനും യുഎസ് തുറമുഖങ്ങളിലേക്കുള്ള സമയം കുറയ്ക്കാനും സുരക്ഷിതമായ പാനമ കനാൽ ആവശ്യമാണ്."
യുഎസ് വമ്പിച്ച നിക്ഷേപം നടത്തിയാണ് 110 വർഷം മുൻപ് പാനമ കനാൽ തീർത്തതെന്നു ട്രംപ് ഓർമിച്ചു. "പ്രസിഡന്റ് കാർട്ടർ ഒരു വിഢിയെപ്പോലെയാണ് ഒരു ഡോളറിനു അത് വിട്ടുകൊടുത്തത്. അന്നത്തെ വ്യവസ്ഥ പാനമ തന്നെ അത് നടത്തണം എന്നായിരുന്നു. ചൈനയോ മറ്റേതെങ്കിലും രാജ്യമോ അല്ല."
കനാലിൽ യുഎസ് സൈന്യത്തിനും കോർപറേഷനുകൾക്കും പാനമ അമിത നിരക്കുകൾ ചുമത്തുന്നുവെന്നു ട്രംപ് പറഞ്ഞു. "ഇത്തരം പിടിച്ചുപറി ഉടൻ നിർത്തണം."
Trump threatens to retake Panama Canal