ന്യൂ യോർക്കിലെ കോണി ഐലൻഡിൽ ഞായറാഴ്ച അതിരാവിലെ സബ്‍വെ യാത്രക്കാരിയെ തീവച്ചു കൊന്നു. ഭീകരമായ മരണം കണ്ടു നിന്ന ശേഷം പലായനം ചെയ്ത പ്രതിയെ പോലീസ് പിന്നീട് പിടികൂടി.
നിശ്ചലമായി കിടന്ന എഫ് ട്രെയ്‌നിൽ ഉറങ്ങിക്കൊണ്ടിരുന്ന സ്ത്രീയുടെ നേരെ തീപ്പെട്ടി ഉരച്ചു വലിച്ചെറിയുകയായിരുന്നു അക്രമി ചെയ്തത്. ഗോട്ടിമാലയിൽ നിന്നുള്ള അഭയാർഥിയാണ് 20 വയസോളം പ്രായമുള്ള പ്രതിയെന്നു പോലീസ് സ്ഥിരീകരിച്ചു.
"ഏറ്റവും അധാർമികമായ കൊലപാതകം" എന്നാണ് ന്യൂ യോർക്ക് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് പറഞ്ഞത്.
ട്രെയ്ൻ കോണി ഐലൻഡ്-സ്റ്റിൽവെൽ അവന്യൂ സ്റ്റേഷനിൽ കിടക്കുമ്പോഴാണ് രാവിലെ 7:30നു ആക്രമണം ഉണ്ടായതെന്നു അവർ പറഞ്ഞു. "കൊല്ലപ്പെട്ടത് ഒരു നിരപരാധി ആയിരുന്നു. തീ കൊളുത്തി നിമിഷങ്ങൾക്കുള്ളിൽ അവരുടെ വസ്ത്രങ്ങൾ മുഴുവൻ ആളിക്കത്തി."
അക്രമി എതിർവശത്തുള്ള സീറ്റിൽ
അക്രമി സ്ത്രീ ഇരുന്നതിനു എതിർവശത്തുള്ള സീറ്റിൽ ഇരിക്കയായിരുന്നു എന്നും ട്രെയിൻ നിന്നപ്പോൾ പെട്ടെന്നു എഴുന്നേറ്റു തീ കൊളുത്തുകയായിരുന്നു എന്നും പോലീസും എം ടി എ ജീവനക്കാരും പറയുന്നു. സ്ത്രീയുടെ ചുറ്റിലും മദ്യ കുപ്പികൾ കണ്ടു. തീ ആളിപ്പിടിക്കാൻ അത് കാരണമായി എന്ന സംശയം ഉണ്ട്.
ആളിക്കത്തുന്ന വസ്ത്രങ്ങളുമായി സ്ത്രീ റെയിൽ കാറിന്റെ വാതിൽക്കൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അവർക്കു അഭിമുഖമായി പ്രതിയെന്നു കരുതപ്പെടുന്നയാൾ പ്ലാറ്റ്‌ഫോമിൽ ബെഞ്ചിൽ ഇരിപ്പുണ്ട്.
"സ്റ്റേഷന് മുകളിലത്തെ നിലയിൽ പട്രോളിംഗ് നടത്തിയിരുന്ന ഓഫിസർമാർ പുക മണം പിടിച്ചാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. അപ്പോൾ ആളിക്കത്തുന്ന നിലയിൽ യാത്രക്കാരിയെ കണ്ടെത്തി," കമ്മീഷണർ ടിഷ് പറഞ്ഞു.
"എം ടി എ ജീവനക്കാർ അഗ്നിശമന ഉപകരണം കൊണ്ട് തീ കെടുത്തി. അപ്പോഴേക്കും പക്ഷെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
"ഓഫിസർമാർ ധരിക്കുന്ന ക്യാമറകളിൽ നിന്ന് കൊലയാളിയുടെ വ്യക്തമായ ചിത്രങ്ങൾ കിട്ടി."
പിന്നീട് എഫ് ലൈനിൽ ജെയ്-യോർക്ക് സ്റ്റേഷനിൽ മൂന്ന് ഹൈസ്കൂൾ വിദ്യാർഥികളാണ് അയാളെ തിരിച്ചറിഞ്ഞു പോലീസിൽ അറിയിച്ചതെന്നു ടിഷ് വെളിപ്പെടുത്തി. മറ്റൊരു ട്രെയിനിൽ കയറി സ്ഥലം വിടാൻ ശ്രമിക്കുമ്പോൾ അയാളെ അറസ്റ്റ് ചെയ്തു.
അന്വേഷണം നടന്നു കൊണ്ടിരിക്കെ എഫ് ലൈനിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞും സർവീസ് നിർത്തിവച്ചിരുന്നു.
ഒഴിവുകാലം പരിഗണിച്ചു ഗവർണർ കാത്തി ഹോക്കൽ 250 നാഷനൽ ഗാർഡുകളെ കൂടി വിന്യസിച്ച് സബ്വേകളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. എട്ടു മില്യൺ യാത്രക്കാരെയാണ് വാരാന്ത്യത്തിൽ പ്രതീക്ഷിക്കുന്നത്.
Woman burnt alive on New York subway