അടുത്ത ശനിയാഴ്ച്ച താൻ വിവാഹിതനാകും എന്ന വാർത്ത ശതകോടീശ്വരനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് നിഷേധിച്ചു. 60 വയസുള്ള ബെസോസും മാധ്യമ പ്രവർത്തകയായ ലോറൻ സാഞ്ചസും (54) തമ്മിലുള്ള വിവാഹം $600 മില്യൺ ചെലവിൽ കൊളോറാഡോയിലെ ആസ്പെനിൽ ശനിയാഴ്ച നടക്കും എന്നായിരുന്നു റിപ്പോർട്ട്.
ന്യൂ യോർക്ക് പോസ്റ്റ് പത്രത്തിൽ വന്ന വാർത്ത ചേർത്തു വച്ചു പെറിഷിങ് സ്‌ക്വയർ സി ഇ ഓ: ബിൽ ആക്മാൻ സാമൂഹ്യമാധ്യമത്തിൽ വിളംബരം നടത്തിയപ്പോൾ ബെസോസ് പ്രതികരിച്ചു: "ഇത് സത്യമല്ല. ഓരോ അതിഥിക്കും ഓരോ വീട് സമ്മാനിച്ചാൽ മാത്രമാണ് ആ തുകയിൽ എത്തുക. മാത്രമല്ല, അതിൽ പറയുന്ന കാര്യങ്ങളെല്ലാം പൂർണമായും അസത്യമാണ്. അതൊന്നും സംഭവിക്കുന്നില്ല.
"വായിക്കുന്നതെല്ലാം സത്യമായി വിശ്വസിക്കരുതെന്ന പഴഞ്ചൊല്ല് എന്നെത്തെയും അധികമായി ഇപ്പോൾ സത്യമാവുന്നു. സത്യം ഒരുങ്ങും മുൻപ് നുണകൾ ലോകത്തു എവിടെയും എത്തിച്ചേരും. അതൊന്നും വിഴുങ്ങാതിരിക്കുക."
റിപ്പോർട്ട് ചെയ്ത പ്രസിദ്ധീകരണങ്ങൾ തിരുത്തു കൊടുക്കുമോ എന്നാണ് ഇനി കാണേണ്ടതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
2018 മുതലാണ് ബെസോസ് മാധ്യമ പ്രവർത്തകയായ സാഞ്ചെസിനൊപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 2023ൽ ആയിരുന്നു ബെസോസിന്റെയും സാഞ്ചസിന്റെയും വിവാഹ നിശ്ചയം.
മുൻ ഭാര്യ മക്കിൻസി സ്കോട്ടിൽ ബെസോസിന് മൂന്നു മക്കൾ ഉണ്ടായിരുന്നു. പ്രൊഡ്യൂസർ പാട്രിക് വൈറ്റ്ഷെല്ലിൽ നിന്നു വിവാഹമോചനം നേടിയ സാഞ്ചെസിനു അദ്ദേഹത്തിൽ നിന്നുള്ള രണ്ടു മക്കളുണ്ട്: എല്ല (16), ഇവാൻ (18). മുൻ എൻ എൽ എഫ് കളിക്കാരൻ ടോണി ഗോൺസാൽവാസുമായുള്ള ബന്ധത്തിൽ നിന്ന് നിക്കോ എന്ന 23 വയസുള്ള മകനും.