അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ താൻ അധികാരമേൽക്കുന്ന ദിവസം തന്നെ ഉണ്ടാവുമെന്നു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഫീനിക്‌സിൽ അമേരിക്കഫസ്റ് സമ്മേളനത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു: "ഒന്നാം ദിവസം തന്നെ ഞാൻ ചരിത ഉത്തരവുകൾ ഒപ്പിടും. നമ്മുടെ അതിർത്തികൾ അടച്ചു അനധികൃത കുടിയേറ്റക്കാർ കടന്നു വന്നു നമ്മുടെ രാജ്യം ആക്രമിക്കുന്നത് തടയും.
"അന്നു തന്നെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആരംഭിക്കും. പ്രസിഡന്റ് ഐസനോവർ നടത്തിയതിനേക്കാൾ വലുത്."
യുവതലമുറയുടെ വമ്പിച്ച പിന്തുണ തെരഞ്ഞടുപ്പിൽ തനിക്കു ലഭിച്ചിരുന്നുവെന്നു അദ്ദേഹം അവകാശപ്പെട്ടു. അതിനു ടിക് ടോക്കിനു നന്ദിയും പറഞ്ഞു. കോടതി ഉത്തരവ് അനുസരിച്ചു ജനുവരി 19നകം ടിക് ടോക്കിന്റെ ഉടമസ്ഥത ഉപേക്ഷിച്ചു ചൈനീസ് കമ്പനി അത് വിൽക്കണം എന്നാണ് കോടതി നിർദേശം.
"ടിക് ടോക്കിനെ കുറിച്ച് നമ്മൾ ചിന്തിക്കണം എന്നാണ് എനിക്കു തോന്നുന്നത്," ട്രംപ് പറഞ്ഞു. "ഞങ്ങൾക്ക് ടിക് ടോക്കിൽ ബില്യൺ കണക്കിനു ആളുകളുടെ പ്രതികരണം ഉണ്ടായിരുന്നു. അതിമനോഹരം ആയിരുന്നു അത്. അതു കൊണ്ട് കുറേക്കാലം കൂടി അതു വേണം."
ട്രംപിന്റെ സഹായം തേടി ടിക് ടോക് സി ഇ ഒ: ഷു സി ച്യു കഴിഞ്ഞയാഴ്ച്ച ഫ്ലോറിഡ മാർ-എ-ലാഗോ വസതിയിൽ എത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ടിക് ടോക് ഉടമ ബൈറ്റ്ഡാൻസിനുള്ള ബന്ധമാണ് യുഎസിന്റെ പ്രശ്നം. കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസിൽ പ്രചാരണത്തിനു ടിക് ടോക് ഉപയോഗിക്കുന്നു എന്ന ആശങ്കയുമുണ്ട്. അതിലൊന്നും കാര്യമില്ലെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ലഹരി മരുന്ന് ഫെന്റാനിൽ തടയാൻ ബോധവത്കരണം നടത്തുമെന്നു ട്രംപ് ഉറപ്പു നൽകി. "പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലെ പടുകൂറ്റൻ പ്രചാരണം. ഒട്ടേറെ പണം അതിനു ചെലവാക്കും."
ഫെന്റാണിൽ വരുന്നത് അനധികൃത കുടിയേറ്റക്കാർ വഴിയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി എന്നും വാദിച്ചിരുന്നു.
Trump vows largest ever deportation