Image

പാനമ കനാലിൽ കണ്ണുവയ്‌ക്കേണ്ടെന്നു ട്രംപിനോട് പ്രസിഡന്റ് മുളിനോ (പിപിഎം)

Published on 23 December, 2024
പാനമ കനാലിൽ കണ്ണുവയ്‌ക്കേണ്ടെന്നു ട്രംപിനോട് പ്രസിഡന്റ് മുളിനോ (പിപിഎം)

പാനമ കനാൽ പിടിച്ചെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി പാനമ പ്രസിഡന്റ് യോസ്‌ റോൾ മുളിനോ. കനാൽ നിർമിച്ചു പ്രതിഫലം വാങ്ങാതെ കൈമാറ്റം ചെയ്തു കൊടുത്ത അമേരിക്കയുടെ മേൽ ഇപ്പോൾ അവർ അമിത നിരക്കുകൾ ചുമത്തുന്നുവെന്നു ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.  

താൻ അധികാരമേറ്റാൽ 110 വർഷമെത്തിയ കനാൽ തിരിച്ചെടുക്കുമെന്നു അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തു. 
മുളിനോ പ്രതികരിച്ചു: "പാനമ കനാലിന്റെയും അതിന്റെ പരിസര ഭൂമിയുടെയും ഓരോ ചതുരശ്ര മീറ്ററും പാനമയുടേതാണ് എന്ന് കൃത്യമായി ഓർമപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

"ഞങ്ങളുടെ രാജ്യത്തിൻറെ പരമാധികാരവും സ്വാതന്ത്ര്യവും ആർക്കും വിലപേശാനുള്ളതല്ല. ഓരോ പാനമക്കാരനും അത് ഹൃദയത്തിൽ കൊണ്ടുനടക്കുന്നതാണ്. അത് ഞങ്ങളുടെ ചരിത്രത്തിന്റെ തിരുത്താൻ കഴിയാത്ത ഭാഗവുമാണ്."

അന്യരാജ്യങ്ങളുടെ ഭൂമിയിൽ ട്രംപ് കണ്ണുവയ്ക്കുന്നത് ഇതാദ്യമല്ല. കാനഡ അമേരിക്കയുടെ മഹത്തായ സംസ്ഥാനം ആണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അതിന്റെ ഗവർണർ ആണെന്നും അദ്ദേഹം അടുത്ത കാലത്തായി ആവർത്തിച്ചു പറയുന്നുണ്ട്. ഡെന്മാർക്കിന്റെ സ്വയംഭരണമുള്ള ഭൂപ്രദേശമായ ഗ്രീൻലാൻഡ് വാങ്ങിക്കളയാമെന്നു അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് കപ്പലുകൾ വർഷം തോറും കടന്നു പോകുന്ന കനാലിനു വ്യക്തമായ നിയമങ്ങളുണ്ടെന്നു മുളിനോ ചൂണ്ടിക്കാട്ടി.

മുളിനോയുടെ പ്രതികരണത്തിനു ട്രംപ് മറുപടി പറഞ്ഞത് ഇങ്ങിനെ: "നമുക്ക് നോക്കാം."

Panama president reacts to Trump threat 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക