Image

നടൻ രതീഷ് (1954-2002) ഓർമ്മയിൽ (പ്രസാദ് എണ്ണയ്ക്കാട്)

Published on 23 December, 2024
നടൻ രതീഷ് (1954-2002) ഓർമ്മയിൽ (പ്രസാദ് എണ്ണയ്ക്കാട്)

മലയാളചലച്ചിത്ര രംഗത്ത് നായകനായും വില്ലനായും തിളങ്ങിയ പ്രശസ്ത അഭിനേതാവായിരുന്ന രതീഷ്  ഓർമ്മയായിട്ട് 22വർഷം.150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയന്റെ മരണശേഷം എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർ താരം രതീഷ് ആയിരുന്നു.

ആലപ്പുഴയിലെ കലവൂരിൽ പുത്തൻപുരയിൽ രാജഗോപാൽ- പത്മാവതിയമ്മ ദമ്പതികളുടെ മകനായി 1954 സെപ്റ്റംബർ 11ന് ജനനം. ഷേർളി, ലൈല എന്നിവർ സഹോദരിമാരാണ് . കൊല്ലം ശ്രീനാരായണ കോളേജിലും ചേർത്തല എസ്.എൻ കോളേജിലുമായിരുന്നു പഠനം.

1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, സഹസംവിധായകനാവാൻ കെ.ജി. ജോർജിനെ കാണാനെത്തിയ ആ ചെറുപ്പക്കാരനെ 1979-ൽ കെ.ജി. ജോർജ്ജ് താൻ സംവിധാനം ചെയ്ത  ഉൾക്കടൽ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അവതരിപ്പിക്കുകയും അങ്ങനെ അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 'ഉൾക്കടൽ' എന്ന ചിത്രത്തിലെ മെഡിക്കൽ റെപ്രസന്റേറ്റീവായ 'ഡേവിസ്'എന്ന കഥാപാത്രത്തെ അദ്ദേഹം തന്റെ അവിസ്മരണീയമായ അഭിനയത്തിലൂടെ അനശ്വരമാക്കി. പിന്നീട് തേരോട്ടം എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിലാണ് രതീഷ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പട്ടത്. മലയാളത്തിന്റെ ആൿഷൻ താരം ജയനു വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ മോഹൻലാലിനും മമ്മൂട്ടിയോടുമൊപ്പം ഈ നാട്, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, അബ്കാരി, ഉണരൂ, ജോൺ ജാഫർ ജനാർദ്ദനൻ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.

ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ മെഗാപരമ്പരയായ വേനൽമഴയിലെ നായകകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്‌, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. മുൻ മന്ത്രി എം.കെ. ഹേമചന്ദ്രന്റെ മകൾ പരേതയായ ഡയാനയാണ് (മരണം: ഡിസംബർ 8, 2014) രതീഷിന്റെ ഭാര്യ. ഇവരുടെ മക്കളും  സിനിമയിൽ  എത്തിയെങ്കിലും ചുവടുറപ്പിക്കാൻ കഴിഞ്ഞില്ല. 2002 ഡിസംബർ 23-ന് രാവിലെ എട്ട് മണിക്ക് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു.
രതീഷിൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.(പ്രസാദ് എണ്ണയ്ക്കാട്)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക