Image

ബോച്ചേ മുക്കിയ പ്രസ്‌ക്ലബ് (രാജു മൈലപ്രാ)

Published on 11 January, 2025
ബോച്ചേ മുക്കിയ പ്രസ്‌ക്ലബ് (രാജു മൈലപ്രാ)

ഇന്ത്യാ പ്രസ്‌ക്ലബ് അവാര്‍ഡ് നൈറ്റ്, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ കുലപതികളുടേയും, പൗരപ്രമുഖന്മാരുടേയും മഹനീയ സാന്നിധ്യത്തില്‍ കൊച്ചിയിലെ 'ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍' വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 'ഏഷ്യാനെറ്റ്' മുതല്‍ 'മീഡിയ  വണ്‍' വരെയുള്ള ആകമാന മലയാള വാര്‍ത്താ ചാനലുകളില്‍ നിന്നുമുള്ള പ്രതിഭകളെ തെരഞ്ഞെടുത്ത്, അവരുടെ സമഗ്ര സംഭാവനകള്‍ക്ക് മാധ്യമശ്രീ, മാധ്യമ രത്‌ന, മീഡിയ എക്‌സലന്‍സ് തുടങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ നാമത്തിലുള്ള അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

ഇന്ത്യയിലേയും ഗള്‍ഫ് നാടുകളിലേയും മാധ്യമ രംഗത്തെ പ്രമുഖര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കിയത്. അമേരിക്കയിലെ പത്രപ്രവര്‍ത്തകരെയൊന്നും പരിഗണിച്ചില്ല. അവര്‍ കുറച്ചുകൂടി മൂക്കുവാനുണ്ട്. ഒരുപക്ഷെ രണ്ടുവരി വാര്‍ത്ത തെറ്റുകൂടാതെ എഴുതുവാന്‍ അറിയാത്തവരാണ് ഈ പ്രസ്‌ക്ലബ് ഭാരവാഹികളില്‍ ഭൂരിഭാഗം പേരും എന്നതും ഒരു കാരണമായിരിക്കും.

ഇനി ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ മഹത്തായ സംഘടനകളുടെ കേരളാ കണ്‍വന്‍ഷനുകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരം പരിപാടികള്‍ അമേരിക്കയില്‍ നിന്നും കേരളത്തില്‍ പോയി നടത്തുന്നതിനോട് എനിക്ക് പൂര്‍ണ്ണ യോജിപ്പാണ്. കൂട്ടുകാരും നാട്ടുകാരും എല്ലാംകൂടി ഒന്നിച്ചടിച്ചുപൊളിച്ചു പോരാം.

സാഹചര്യം അനുകൂലമായിരുന്നെങ്കില്‍ ഞാനും പോയേനേ!

ഇത്രയധികം ചാനലുകാരെ ആദരിച്ചിട്ടും, അവരൊന്നും വേണ്ടത്ര കവറേജ് നമ്മള്‍ക്ക് നല്കിയില്ല- അതൊരുമാതിരി മറ്റേ പണി ആയിപ്പോയി.

എങ്കില്‍തന്നെയും, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖന്മാരോടൊപ്പമുള്ള നമ്മുടെ നേതാക്കന്മാരുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനു വമ്പിച്ച സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച നമ്മുടെ നേതാക്കന്മാരൊന്നും അവിടം സന്ദര്‍ശിച്ചതായുള്ള വാര്‍ത്ത കണ്ടില്ല.

ഒരുപക്ഷെ 'വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത്' എന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും.

ഏതായാലും അവാര്‍ഡ് 'ദാന' പരിപാടി ഭംഗിയായി സംഘടിപ്പിച്ച ഭാരവാഹികള്‍ക്ക്  അസൂയ കലര്‍ന്ന അഭിനന്ദനങ്ങള്‍!

മലയാളികള്‍ക്ക് ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രധാന വിഷയം. ഒരു നടിയുടെ പരാതിയെ തുടര്‍ന്ന്, പോലീസിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള 'ഒരു പ്രത്യേക ആക്ഷനും',  അതിനെത്തുടര്‍ന്നുണ്ടായ കോടതി വിധിയുമാണ്.

ഇതിന്റെ പിന്നാലെ ഇരുപത്തനാല് മണിക്കൂറും മൂടിനു തീപിച്ചപോലെ പരക്കം പായുന്ന മാപ്രാള്‍ക്ക് മറ്റ് വാര്‍ത്തകള്‍ കവറു ചെയ്യാന്‍ എവിടെ നേരം കിട്ടാനാണ്?

ചട്ടയും മുണ്ടും ഉടുത്ത് നടക്കുന്ന ഒരു സ്വര്‍ണ്ണ വ്യാപാരി, അയാളുടെ പുതുതായി തുടങ്ങുന്ന ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്താന്‍, ഉദ്ഘാടന തൊഴിലാളിയായ ഒരു പ്രമുഖ നടിയെ വിളിക്കുന്നു. അവരെ കാണാനായി ജനം തടിച്ചുകൂടുന്നു. അവരുടെ താത്വിക അവലോകനം കേള്‍ക്കാനോ, അവര്‍ നടത്തുന്ന സാരോപദേശങ്ങള്‍ കേട്ട് നല്ലവരായി ജീവിക്കണം എന്ന പ്രതിജ്ഞയെടുക്കുവാനോ ഒന്നുമല്ല ജനം കൂടുന്നത്.

നടിയുടെ ആകാരവടിവ് എടുത്തുകാട്ടിയുള്ള വസ്ത്രധാരണ രീതി കണ്ട് ആസ്വദിക്കാനാണ് അവര്‍ വണ്ടിയും വള്ളവും പിടിച്ച് അവിടെയെത്തുന്നത് എന്നുള്ളത് ഒരു സത്യമാണ്. അത് നടിക്കും അറിയാം. ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച്, വലിയ പ്രതിഫല തുക വാങ്ങി, അവര്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നു.

ഉദ്ഘാട വേദിയില്‍ വെച്ച് ചട്ടക്കാരന്‍ മുതലാളി അവരോട് മോശമായി പെരുമാറുന്നതൊന്നും ഞാന്‍ കണ്ട വീഡിയോയില്‍ ഇല്ല. എന്നാല്‍ അയാള്‍ ഒരു ദ്വയാര്‍ത്ഥ വീരനാണെന്നും, തരംകിട്ടുമ്പോഴൊക്കെ സ്ത്രീകളെ അപമാനിക്കാറുണ്ടെന്നും പറയപ്പെടുന്നു. പിന്നീട് ഈ നടിയെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ നിരന്തരം തുടര്‍ന്നുപോരുന്നു എന്നും പറയപ്പെടുന്നു.

പൊതുവേദികളില്‍ ഇത്തരം ശരീരവടിവ് പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്നത് കണ്ട് ആസ്വദിക്കുന്നവര്‍, പിന്നീട് മാറിനിന്ന്, നല്ലപിള്ള ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അവരെപ്പറ്റി മോശം കമന്റുകള്‍ ഇടുന്നത് മോശമാണ്. വിമര്‍ശനമാകാം. അത് അശ്ലീലപരമാകരുത്.

റോസാ പുഷ്പം അകലെ നിന്ന് ആസ്വദിക്കാം. പക്ഷെ തേന്‍ (ഹണി) നുകരാമെന്ന് കരുതി, വളരെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍ മുള്ളുകൊണ്ടെന്നിരിക്കും. (നമ്മുടെ ചട്ട മുതലാളിക്ക് പറ്റിയതുപോലെ).

ഇതിനെ തുടര്‍ന്ന്, സ്ത്രീകളുടെ വസ്ത്രധാരണ രീതിയെപ്പറ്റി ധാരാളം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശം ഉണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം- ആയിക്കൊള്ളട്ടെ!

പക്ഷെ പുരുഷനായാലും, സ്ത്രീയായാലും സന്ദര്‍ഭത്തിനനുസരിച്ച് മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തണം എന്നുള്ളതാണ് മര്യാദക്കാരനായ എന്റെ അഭിപ്രായം.

ജയിലില്‍ കിടന്ന് കൊതുകുകടി കൊള്ളുന്ന വേദനിക്കുന്ന കോടീശ്വരനും, മേനിയഴക് പ്രദര്‍ശിപ്പിച്ച് കോടികള്‍ കൊയ്യുന്ന മോഡലുകള്‍ക്കും ഈയുള്ളവന്റെ അഭിവാദനങ്ങള്‍!

സ്വര്‍ണ മുതലാളിയോട് ഒരു മുന്നറിയിപ്പ്: ചട്ടയും മുണ്ടുമാണിഞ്ഞ് ജയിലില്‍ കിടക്കുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്!

 

Join WhatsApp News
Reporter 2025-01-11 03:37:55
അമേരിക്കയിലെ പത്രപ്രവർത്തകരുടെ ഒരു സംഘടനയാണ് ഇന്ത്യ പ്രസ് ക്ലബ് എന്നതൊരു തെറ്റിധാരണയാണ്. ഫൊക്കാന, ഫോമാ, World Malayalee Council, കേരള ലോക സഭ, തുടങ്ങിയ സംഘടനകളിലെ ജയിച്ചതും, തോറ്റതുമായ എല്ലാ നേതാക്കൻമ്മാർക്കും, പണമുള്ള പ്രാഞ്ചികൾക്കും ഒരുമിച്ചു കൂടി അർമാദിക്കാനുള്ള ഒരു ഐക്യ വേദിയാണത്. മറ്റാർക്കും ഇത് അവകാശപ്പെടുവാൻ പറ്റില്ല. അവർ അവിടെ അടിച്ചുപൊളിച്ചു ആഘോഷിക്കട്ടെ. അമേരിക്കയിൽ എന്തെങ്കിലും അനർത്ഥങ്ങൾ ഉണ്ടായാൽ, ഒരു വെടിവയ്പോ, കൊടുംകാറ്റോ, തീപിടുത്തമോ ഉണ്ടായാൽ കേരളത്തിലെ മീഡിയ അത് വലിയ തോതിൽ ആഘോഷിക്കുകയാണ്. തീർച്ചയായും ഇവിടെ നിന്നും പറന്നെത്തി, അവരെ ആദരിച്ച ഏവർക്കും ഒരു നല്ല നമസ്ക്കാരം. ആ നടിയെക്കൊണ്ട് ഉൽക്കാടനം നടത്തിച്ചിരുന്നെകിൽ പത്രങ്ങൾ അതൊരു വലിയ വാർത്ത ആക്കുമായിരുന്നു.
OBSERVER 2025-01-11 03:59:09
YOU ARE RIGHT RAJU! THESE PRESS CLUB FOLKS EXCEPT FOR A COUPLE OF THEM, MIGHT NEVER HAVE WRITTEN A PIECE OF JOURNALISM! AN EGO TRIP AT THE EXPENSE OF ADVERTISERS FOR CHEAP PUBLICITY!
Honey Bee 2025-01-11 04:39:42
ബൊച്ചയുടേയും സംഘത്തിന്റെയും ചട്ടയും മുണ്ടും ഉടുത്ത മാർഗംകളി കൂടെ കലാപരിപാടികളുടെ കൂട്ടത്തിൽ വേണമായിരുന്നു. മുടിയും നീട്ടി, മീശയും വടിച്ചു, ചട്ടയും മുണ്ടും ഇട്ടു നടക്കുന്ന ആ പാവത്തിനെ ജയിലിൽ വെച്ച് ആരും പീഡിപ്പിക്കാതിരിന്നാൽ മതിയായിരുന്നു. മൈലപ്ര പറഞ്ഞതു പോലെ മുണ്ടു മുറുക്കി ഉടുത്തു വേണം കിടക്കാൻ.ജയിലിലെ കളി വേറെ ലെവലാ.
ജോൺ കുര്യൻ 2025-01-11 04:55:00
ഇതിലെ ഒരു വാചകം നന്നായി രസിപ്പിച്ചു . "ഇന്ത്യയിലേയും ഗള്‍ഫ് നാടുകളിലേയും മാധ്യമ രംഗത്തെ പ്രമുഖര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കിയത്. അവര്‍ കുറച്ചുകൂടി മൂക്കുവാനുണ്ട്. ഒരു പക്ഷെ രണ്ടുവരി വാര്‍ത്ത തെറ്റുകൂടാതെ എഴുതുവാന്‍ അറിയാത്തവരാണ് ഈ പ്രസ്‌ക്ലബ് ഭാരവാഹികളില്‍ ഭൂരിഭാഗം പേരും എന്നതും ഒരു കാരണമായിരിക്കും." കേരളത്തിലെ മാപ്രാക്കളെ മാത്രം തിരഞ്ഞുപിടിച്ചു അവാർഡ് കൊടുക്കുകയും, അമേരിക്കയിലെ ഒരുത്തനെ പോലും അതിൽ പരിഗണിക്കാതിരിക്കുകയും ചെയ്തതിന്റെ യുക്തി മൈലപ്രയെപോലെ എന്നെയും അലസോരപ്പെടുത്തി . കേരളത്തിലുടനീളം ഒരു മാധ്യമത്തിനുള്ളതിനേക്കാൾ പ്രാദേശിക മാധ്യമ പ്രവർത്തകർ ഓരോ ചാനലുകൾക്കും അമേരിക്കയിലെ എല്ലാ നഗരങ്ങളിലുമായി നിയോഗിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ഈ അവാർഡ് ദാനം നേരെ തിരിച്ചാണ് നടത്തണ്ടത്. കേരളത്തിലെ മാധ്യമ മുതലാളിമാർ അമേരിക്കയിൽ വന്ന് ഇവിടെയുള്ളവർക്ക് അവാർഡ് കൊടുത്ത് ആദരിക്കണം. അത് കാശുള്ളവനായിരിക്കരുത്, കഴിവുള്ളവനായിരിക്കണം. പക്ഷെ കൂടെ നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരം ആർക്കും നിഷേധിക്കരുത്.
Innocent 2025-01-11 17:38:25
There are so many behind the curtain should have gone to jail like Boche but they are safe under the protection of political party.Boche should have some control on his tongue especially to the sensitive people.
Joe Joe, FL 2025-01-12 03:43:36
I don't think any well known writers came to America for better living. Whoever came to this country in 70's-80's got jobs and now retired and unfortunately nothing to do in home become a writer in America!!! And now a days lot of online social medias to publish their stupid poems, stories, etc. Then they trying to compare their names with well known writers in Kerala! Third generations in America doesn't care about their foolish writings and even don't know what they writing and how to read!!! So, Mr. Raju nobody cares American writings and believe me or not I'm enjoying your writing even though you are not considered for an award. Thank you.
Pessimism 2025-01-12 15:11:48
It is like saying once an idiot always an idiot? Is that true? An idiot can always improve. But they usually don’t make an effort why because they are very pessimistic. So, don’t generalize Tom.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക