Image

സാമൂഹിക മാധ്യമം വില്ലനാകുന്നോ? (റഈസ് ചെറുകുന്ന്)

Published on 15 January, 2025
സാമൂഹിക മാധ്യമം വില്ലനാകുന്നോ? (റഈസ് ചെറുകുന്ന്)

ഇന്നത്തെ കാലത്ത് നമ്മെ വളരെയധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് സാമൂഹിക മാധ്യമം. ധാരാളം ഉപകാരങ്ങൾ ഉള്ള എന്നാൽ അതിലുപരി ഒരുപാട് ഉപദ്രവങ്ങളുമുള്ള മേഖല കൂടിയാണിത്. നമ്മുടെ അകത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗാത്മകതയെ സമൂഹത്തിനു മുമ്പിൽ പ്രദർശിപ്പിക്കുകയും, ഭൂമുഖത്ത് നടക്കുന്ന സർവ്വ കാര്യങ്ങളും നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കുകയും ചെയ്യുന്നു. മൺമറഞ്ഞുപോയ പൂർവികരുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ കുറിച്ച് പഠിക്കുവാനും, രാജ്യങ്ങളുടെ ചരിത്രങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാനും അത് സഹായിക്കുന്നു.

എന്നാൽ പുതുതലമുറ മറ്റു രീതിയിലാണ് ഇതിനെ നോക്കി കാണുന്നത്. മേൽപ്പറഞ്ഞ ഉപകാരങ്ങൾ നേടിയെടുക്കുന്നതിനു പകരം എങ്ങനെയെങ്കിലും 'വൈറൽ' ആകാനുള്ള തിടുക്കത്തിലാണവർ. അതിനായി എന്ത് കടന്നുകയ് സ്വീകരിക്കാനുമവർ തയ്യാറാണ്. സർഗാത്മകത മാറിനിൽക്കുകയും സാഹസികത മുന്നിട്ടുനിൽക്കുകയും ചെയ്യുമ്പോഴാണ് ഇത് അപകടകരമാകുന്നത്. ബഹുനില കെട്ടിടത്തിനു മുകളളിൽ, ആനക്ക് മുമ്പിൽ ചീറിപ്പാൻ വരുന്ന ട്രെയിനിനു മുമ്പിൽ, കാടുകളിൽ, മലഞ്ചെരുവുകളിൽ, പാറക്കൂട്ടങ്ങളിൽ, വെള്ളച്ചാട്ടങ്ങളിൽ, പണിതീരാത്ത കെട്ടിടങ്ങളിൽ, ദുരന്തമുഖങ്ങളിൽ എല്ലാം അതിസാഹസിക ചിത്രീകരണങ്ങൾ തകൃതിയായി നടക്കുന്നു. ഇവയിൽ പലതും വൻ അപകടങ്ങൾ വരുത്തിവെക്കുന്നു, ചിലർ അത്ഭുതകരമായി രക്ഷപ്പെടുന്നു.

ഇതിന് ഉദാഹരണങ്ങൾ ഒട്ടേറെയാണ്. തെലങ്കാനയിൽ അഞ്ച് സഹോദരങ്ങൾ മുങ്ങി മരിച്ചത്, കോഴിക്കോട്ട് വാഹനം മരിച്ചത് എന്നിവയെല്ലാം സാമൂഹികമാധ്യമങ്ങളിൽ 'ട്രെൻഡ്' ആകാനുള്ള കാട്ടിക്കൂട്ടലുകൾക്കിടയിൽ സംഭവിച്ചതാണ്. ഇൻസ്റ്റാ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ചെറു വീഡിയോകളാണ് താരം. ഇത്തരം കുഞ്ഞൻ വീഡിയോകൾക്ക് പിറകെയാണ് നവതലമുറ. ഇത്തരം വീഡിയോ കണ്ടെന്റുകൾ സൃഷ്ടിക്കുന്നതിനും മുമ്പിൽ ഈ തലമുറക്കാർ തന്നെ. റീലുകൾ ട്രെൻഡ് ആയതോടെ എല്ലാ പ്രായത്തിൽ പെട്ടവരും തങ്ങളുടെ ഭാവനക്കനുസരിച്ച് പലതരം വിഷയങ്ങൾ കണ്ടെത്തി ചിത്രീകരണത്തിന് ഇറങ്ങിയിരിക്കുന്നു. ചിലരിലുകൾ കുടുംബം ഒന്നാകെയിറങ്ങുന്നു. നല്ലൊരു ശതമാനം ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലങ്ങളും കുത്തിനിറച്ചതാണ്. മറ്റു ചിലത് വിലകുറഞ്ഞ തമാശകളാണ്. പ്രചോദനാത്മക വീഡിയോകൾ എന്ന പേരിലും കുറേ റീലുകൾ ഇറങ്ങുന്നു. അടച്ചാക്ഷേപിക്കാനാ കില്ല. സദുദ്ദേശ്യപരമായി, പ്രതിഭയുടെ കൈപ്പുള്ളവയും ഇറങ്ങുന്നുണ്ട്. പ്രഭാഷണശകലങ്ങളും കവിത ഭാഗങ്ങളും ജീവിതവിജയങ്ങളും ദൈന്യങ്ങളെല്ലാം അടങ്ങിയ റീലുകളുമുണ്ട്.

വൈറലാകണമെന്ന് അടങ്ങാത്ത ആഗ്രഹം അവശേഷിക്കുമ്പോഴാണ്, നിലവിട്ട ചിത്രീകരണത്തിലേക്ക് കാര്യങ്ങൾ കൂപ്പുകുത്തുന്നത്. ഇപ്പോഴാണ് തെലുങ്കാനയിൽ കണ്ടതുപോലെ നീന്തൽ അറിയാത്തവർ കയത്തിലേക്ക് ഇറങ്ങുന്നത്. അവബോധത്തിൽ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ ഇതിന് പരിഹാരം കാണാനാകു. നിയന്ത്രണങ്ങളും വേണം. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം സൃഷ്ടിച്ച പലതരം ദൂഷ്യങ്ങളിലൊന്നായി അപകടകരമായ റീൽ ചിത്രീകരണത്തെയും കാണേണ്ടിയിരിക്കുന്നു. വൈറൽ വീഡിയോകൾ വിനോദ വാർത്തകളിൽ ആഘോഷിക്കുന്ന മാധ്യമങ്ങളും ഈ കൊലക്കുറ്റത്തിൽ പ്രതികളാണ്. ലൈക്കിനും ഷെയറിനും വേണ്ടി മരിക്കാനും കൊല്ലാനും തയ്യാറാക്കുന്ന മനുഷ്യർ വല്ലാത്തൊരു രോഗത്തിന് ആണ് അകപ്പെട്ടിരിക്കുന്നത്. സാമൂഹിക ബോധവൽക്കരണത്തിലൂടെ അവരെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.

 

Join WhatsApp News
Jayan varghese 2025-01-15 14:57:49
കുത്താൻ അറിയാത്തവന്റെ കയ്യിൽ കുന്തം കിട്ടിയാൽ അബദ്ധത്തിൽ അവൻ തന്നെ സ്വയം കുത്തിച്ചാവും. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക