അവളുടെ കവിളുകളിൽ ചുവന്ന സൂര്യനെ കാണാം. ചെന്താമര പോലെ വിടർന്ന വലിയ കണ്ണുകൾ. ഹെതർ എന്നാണ് അവളുടെ പേര്.
ഹെതറാണ് ആദ്യം കെയറർ നിസയെ "മാലാഖ" എന്ന് വിളിച്ചത്. ഒരു പുലരിയിൽ നിസ അവളുടെ വീട്ടിലേക്ക് പ്രവേശിക്കേ അവൾ ബദ്ധപ്പെട്ട് നിലത്ത് ചിന്നി ചിതറി വീണ ബ്ലൂബെറികൾ പെറുക്കുകയായിരുന്നു.
ഞാൻ ചെയ്യാമെന്നു പറഞ്ഞ് നിസ
അവ ഓരോന്നായി പെറുക്കി പാത്രത്തിലിട്ടു.
വേച്ച് വേച്ച് നടന്നു കൊണ്ടവൾ പറഞ്ഞു.
"യു ആർ ആൻ ഏയ്ഞ്ചൽ."
"നീ ഒരു മാലാഖയാണ്." അവൾ പിന്നെയും പിന്നെയും അതു തന്നെ പുലമ്പിക്കൊണ്ടിരുന്നു.
മദ്യപാനിയായ അമ്മ, അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയി. രോഗിയായ ഇളയ അനിയനെ നോക്കി
വളർത്തിയത് പിന്നെ ഹെതറാണ്.
അപ്പൻ ഉടൻ മറ്റൊരു വിവാഹം കഴിച്ചു.
ചിറ്റമ്മയുടെ പഴയ ബന്ധത്തിലെ കുട്ടിയെയും ഹെതർ നോക്കണം. കൂടാതെ ചിറ്റമ്മയുടെ പോരും.
നടക്കാനുള്ള ശേഷി അവൾക്ക് പതിനെട്ടാം വയസ്സിൽ നഷ്ടപ്പെട്ടു. നാഡീവ്യൂഹ തകരാറാണ്. ഇന്ന് മുപ്പതുകാരിയായ അവൾ കടുത്ത മദ്യപാനിയും മുടന്തിയും. കൂടാതെ പല വിധ രോഗങ്ങളും. രോഗിയായതോടു കൂടി കൂട്ടുകാർ അവളെ ഉപേക്ഷിച്ചു.
ഒരുവന് അവളോട് അലിവ് തോന്നി അവളുടെ കൂടെ താമസമാക്കി. സങ്കടത്തിൽ അവളെ ചേർത്തു പിടിച്ചവൻ. ഇപ്പോൾ ഒറ്റയ്ക്ക് ആ കൂട്ടുകാരനോടൊപ്പമാണ് താമസം. ലിവിംഗ് ടുഗതർ എന്ന് പറയാം.
അവളുടെ വീട്ടിലെ കുന്നു കൂടിയ വീഞ്ഞു കുപ്പികൾ കാണുമ്പോൾ നിസ ഹൃദയത്തിൽ കരയുമായിരുന്നു. പാവം കുട്ടി. തനിക്കെങ്ങനെയാണ് അവളെ രക്ഷിക്കാനാവുക?
സങ്കടങ്ങൾ മറക്കാൻ ആവണം ഒരു പാട് തമാശകൾ പറയുമായിരുന്നു അവൾ. ഒരിക്കൽ നിസ അവളോട് പറഞ്ഞു. "ഞാൻ നീ നൃത്തം ചെയ്യുന്നത് കാണും". അപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല. എനിക്ക് പറക്കാനാണ് ഇഷ്ടം. നീ ഞാൻ പറക്കുന്നത് കാണും."