Image

അലക്സിന്റെ ഓർമ്മകളിൽ മേയുന്ന ആഫ്രിക്കൻ മലയാളികൾ ഒരായിരം (കുര്യൻ പാമ്പാടി)

കുര്യൻ പാമ്പാടി Published on 18 January, 2025
അലക്സിന്റെ ഓർമ്മകളിൽ മേയുന്ന ആഫ്രിക്കൻ  മലയാളികൾ ഒരായിരം (കുര്യൻ പാമ്പാടി)

ആഫ്രിക്കയിൽ അര നൂറ്റാണ്ടോളവും അതിലധികവും  സേവനം ചെയ്ത മലയാളികൾ കുറഞ്ഞത് ആയിരം പേരുണ്ട്. അവർ രൂപീകരിച്ച  ആഫ്രിക്കൻ  റിട്ടേനീസ്‌ അസോസിയേഷന്റെ  മൂന്നാമത് സംഗമം അടുത്തയിടെ  ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലെ കോൺടൂർ ബാക്ക്  വാട്ടർ റിസോർട്ടിൽ  നടന്നു.

അധികം പേരും അധ്യാപകർ. മിക്കവാറും ഭാര്യാഭർത്താക്കൻമാർ. സാംബിയയിലും കെനിയയിലും നൈജീരിയയിലും മൊസാംബിക്കിലും  ദക്ഷിണാഫ്രിക്കയിലും സേവനംചെയ്തവർ. മഡഗാസ്കറിൽ പോയ ഒരാളെങ്കിലും ഉണ്ടായിരുന്നു. പതിറ്റാണ്ടുകൾ മുമ്പ്  നൈജീരിയയിലെ ലാഗോസിൽ എത്തി ഈയടുത്ത ദിവസം വരെയും  അവിടെ കഴിഞ്ഞ ദമ്പതിമാരെയും കണ്ടു.

ജ്യേഷ് ട്ടാനുജന്മാരെ  കെട്ടിയ ശോഭ, ഷീല; ഇൻസെറ്റിൽ അലക്സിനെക്കുറിച്ച് മനോരമ വാർത്ത

എന്നാൽ അവരാരും ചരിത്രത്തിൽ ആദ്യമായി സൗത്താഫ്രിക്കൻ  പാർലമെന്റിൽ അംഗമായ തിരുവല്ലയിലെ അലക്സ് ജേക്കബിനെ പരാമർശിച്ചതായി കേട്ടില്ല. പക്ഷെ കാലയവനികക്കുള്ളിൽ മറഞ്ഞ അലക്സിന്റെ ഭാര്യ ശോഭയും അലക്സിന്റെ ജേഷ്ടൻ അന്തരിച്ച  രെഞ്ജിയുടെ ഭാര്യ ഷീലയും  ഒന്നിച്ച് സംഗമത്തിൽ പങ്കെടുത്തു.

'അരനാഴികനേര'ത്തിൽ  തകർത്തഭിനയിച്ച  കൊട്ടാരക്കരയുടെ കുഞ്ഞോനാച്ചനെയും 'ചെമ്മീനി'ൽ 'കടലിനക്കരെ പോണോരെ, കാണാപ്പൊന്നിനു പോണോരെ'  പാടിയ യേശുദാസിനെയും  ഇരുണ്ട ആഫ്രിക്കയിൽ സഞ്ചരിച്ച് 'കാപ്പിരികളുടെ നാട്ടിൽ' എഴുതിയ എസ്‌കെ പൊറ്റക്കാടിനെയും 'ഡാരെ സലാം' രചിച്ച എംടി യെയും ഓർമ്മിച്ചുകൊണ്ടു മടങ്ങി വന്നവർ എന്നുമെന്നും തങ്ങൾ അനുഭവിച്ച ഗൃഹാതുരത്വം പങ്കു വച്ചു.

ആഫ്രിക്കൻ കൂട്ടായ്മയിലെ  പ്രായം കൂടിയ  അംഗം കെവി ഉമ്മൻ (90), ഭാര്യ അന്നമ്മഉമ്മൻ (87)

സാംബിയയിൽ പോയി  മടങ്ങി വന്നവരെ ചേർത്ത് പത്തു വർഷം മുമ്പ്  ആരംഭിച്ച കൂട്ടായ്‌മയാണ് ഒടുവിൽ അഖില ആഫിക്ക മലയാളി സംഗമവേദിയായി വളർന്നത്. ഇക്കാലയളവിൽ അനവധി പേർ കടന്നു പോയി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ പതിനാലു  പേർ.

അദ്ധ്യാപകരായിരുന്നവരിൽ ബഹു ഭൂരിപക്ഷവും പഠിപ്പിച്ചതു  ഇംഗ്ലീഷ്. മാത്ത് സും ഫിസിക്‌സും ബയോളജിയും പഠിപ്പിച്ചവരും ഉണ്ട്. ചുരുക്കം ചിലർ  ഡോക്ടർമാരും എൻജിനിയർ മാരുമായിരുന്നു. സ്വന്തം മക്കളെ അവിടെ പഠിപ്പിച്ച്  ഡോക്ടർമാരും ടെക്കികളുമാക്കി അവിടെ തന്നെ ഉയർന്ന നിലയിൽ എത്തിച്ചവരും  ഉണ്ട്.

സീനിയർ മെമ്പർ വി.ഡി.ജി. നായരെ (87)  സുമ രാധാകൃഷ്ണൻ പൊന്നാട അണിയിക്കുന്നു.


മഹാത്മജിയെ ട്രെ യിനിൽ നിന്നു  ഇറക്കി വിട്ട പീറ്റർമാരീസ്ബർഗിൽ നിന്ന് 250  കമീ അകലെ ഈസ്റേൺകേപ്പിലെ  മറ്റാറ്റിയേലിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഒരു സഹോദരി എനിക്കുണ്ട്- ലളിത. കൂടെ പഠിപ്പിച്ച  ഭർത്താവ് കാഞ്ഞിരപ്പള്ളിയിലെ ജോർജ്  കല്ലൂർ. അവരുടെ മകൻ എബ്രഹാം കല്ലൂർ മാരീസ്ബർഗിലെ 150 വർഷം പഴക്കമുള്ള 'ദി വിറ്റ്‌നെസ്' എന്ന പത്രത്തിൽ എഡിറ്റർ ആണ്.

കൊച്ചി കാക്കനാട് കൂടിചേർന്നവർ; പ്രസിഡന്റ് തോമസ് കുഞ്ഞുമ്മൻ, സെക്രട്ടറി വർഗീസ് ഫിലിപ്പ്


'ജനിച്ച നാടിന്റെ  സൽപ്പേരു കളയാതെ ഭാരതത്തിന്റെ അമ്പാസഡർമാരായികഴിഞ്ഞവരാണ് നാമെല്ലാം. ആ നല്ല ഓർമ്മകൾ അയവിറക്കാനാണ് ഇത്തരം കൂടിക്കാഴ്ചകൾ,' ARA എന്ന ആഫിക്കൻ റിട്ടേണീസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് കുഞ്ഞുമ്മൻ ആമുഖമായി പറഞ്ഞു. സെക്രട്ടറി വർഗീസ് ഫിലിപ് റിപ്പോർട് അവതരിപ്പിച്ചു.

'Once upon a time we were young and beautiful but now we are only beautiful,' എന്നു പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ചു  സരസനായ പ്രതിനിധി ജോർജ് എബ്രഹാം.  തിരുവല്ലയിലെ APT എന്ന എബ്രഹാം പി. തോമസ് ആയിരുന്നു  സംഗമത്തിന്റെ മാസ്റ്റർ ഓഫ്  സെറിമണി അദ്ദേഹവും ഭാര്യ ആലീസും കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി നാല് പതിറ്റാണ്ടു കാലം അദ്ധ്യാപകർ ആയിരുന്നു. സംഗമ നടത്തിപ്പിൽ ജോർജ് എബ്രഹാം എപിടി യെ സഹായിച്ചു.

ലാഗോസിൽ  ദീർഘകാലം കഴിഞ്ഞ ഡോ ഫിലിപ്പ് മാത്യുവും ഭാര്യയുമായി  സംസാരിക്കുന്ന APT-എബ്രഹാം പി. തോമസ്

ആഗോളതലത്തിൽ ഇന്ത്യൻ പ്രവാസികൾ മൂന്നരക്കോടി വരുമെന്നാണ്  ഔദ്യഗികകണക്ക്. എൻആർഐ എന്ന പേരിൽ അറിയപ്പെടുന്ന നോൺ റെസിഡന്റ് ഇന്ത്യക്കാർ  1,58,50,000  പേരും ഇന്ത്യൻവംശജരായ 1,95,70,000  പേരും ചേർന്ന കണക്കാണിത്.

ഒറീസയിലെ  ഭുവനേശ്വറിൽ നടന്ന പതിനെട്ടാമത് പ്രവാസി ഭാരതിയ ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെളിപ്പെടുത്തിയ  കണക്കാണിത്.എഴുപതു രാജ്യങ്ങളിൽ നിന്ന് മൂവ്വായിരം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 27  ഭാരതീയർക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രവാസി ഭാരതീയ സമ്മാനനം വിതരണം ചെയ്തു.

ആഫിക്കൻ സന്ദർശകർ മലയാളി ആതിഥേയരോടൊപ്പം

ഗാന്ധിജി 21 വർഷം സൗത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയ 1915ജനുവരി 15 നെ ഓർമ്മിക്കാനായി 2003 ലാണ്  പ്രവാസി ഭാരതീയ ദിനം ഘോഷിച്ചു തുടങ്ങിയത്. ബ്രിട്ടൻ ഉൾപ്പെടെ മുപ്പതിലേറെ രാജ്യങ്ങളിൽ ഇന്ത്യൻ  വംശജർ ഭരണത്തത്തലവന്മാരായി കഴിഞ്ഞിട്ടുണ്ട്.

അമേരിക്കയിൽ  ജയിച്ചിരുന്നെങ്കിൽ കമല ഹാരിസ് അവരിൽ ഏറ്റവും ഒടുവിലത്തെ കണ്ണി ആകുമായിരുന്നു. എങ്കിലും ഡൊണാൾഡ് ട്രമ്പിന്റെ വൈറ്റ് ഹൗസിൽ പ്രമുഖസ്ഥാനങ്ങളിൽ ഇന്ത്യക്കാരെ  നിയമിച്ചു കഴിഞ്ഞു.

'മാണിക്യ വീണയുമായി' ഓർമ്മകൾ അയവിറക്കുന്ന കോശി ചെറിയാനും അർച്ചന ആക്സ തോമസും  

യുദ്ധകലുഷിതമായ പശ്ചിമേഷ്യയിൽ മാത്രം 90  ലക്ഷം ഭാരതീയർ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. അവിടെ സംഭവിക്കുന്നതിന്റെ പ്രതിഫലനം ഇന്ത്യയിൽ ഉണ്ടാകുമെന്നതിനു സംശയം വേണ്ട. സൗദിയിലും യൂഎഇയിലുമാണ്ഏറ്റവും  കൂടുതൽ ഭാരതീയർ.

ഇന്ത്യയുടെ പത്തിരട്ടിയോളം വലുപ്പവും ഒപ്പം ജനസംഖ്യയുമുള്ള  ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന രക്തരൂഷിതവും രക്ത രഹിതവുമായ ഏതൊരു രാഷ്ട്രീയ വംശീയ മാറ്റവും ഇന്ത്യക്കാരെ ഒന്നല്ലെങ്കിൽ മറ്റൊരു തലത്തിൽ ബാധിക്കുമെന്ന് ഉറപ്പാണല്ലോ. ആറരക്കോടി ജനമുള്ള ദക്ഷിണാഫ്രിക്കയിൽ മാത്രം 15 ലക്ഷം ഭാരതീയർ ഉണ്ട്.

നെൽസൺ മണ്ടേല നയിച്ച ആദ്യത്തെ  ആഫ്രിക്കൻ മന്ത്രിസഭയിൽ നാലുപേർ ഇന്ത്യൻ വംശജർ ആയിരുന്നു.   നാഷണൽ അസംബ്ളിയുടെ  സ്‌പീക്കർ  പൂനക്കാരിയായ പാഴ്‌സി ഫ്രനെ ജിൻവാലയും. മലയാളികളും കേരളം സമാജവും ഒക്കെയുണ്ടെങ്കിലും കേരളീയർ പൊതുവെ രാഷ്ട്രീയത്തിൽ നിന്നു മാറിനിന്നു. സ്‌കൂൾ, കോളജ, യൂണിവേഴ്‌സിറ്റി അദ്ധ്യാകരായും  ഡോക്ടർ മാരായും  എഞ്ചിനീയർമാരായും അവർ ശോഭിച്ചു.

സംഗമത്തിന്റെ ഒരു പരിസ്‌ചേദം; നടുവിൽ ലളിത ജോർജ്  കല്ലൂർ

ഉഗാണ്ടയിൽ ഒരുകാലത്തു ഒരുലക്ഷം ഭാരതീയർ ഉണ്ടായിരുന്നു. 1970കളിൽ ഇദി അമിന്റെ കാലത്ത്  എല്ലാവരെയും പുറത്താക്കി.പക്ഷെ നല്ലൊരു പങ്കു തിരികെപ്പോയി. ഇന്ന് 30,000  പേർ അവിടുണ്ട്. ആ നാടിൻറെ സമ്പദ് വ്യവസ്ഥയിൽ 60 ശതമാനവും  നിയന്ത്രിക്കുന്നത് ഇന്ത്യക്കാരാണ്. ഇദിഅമിനു ശേഷം വന്ന ഭരണകൂടത്തിൽ  അവിടെ അദ്ധ്യാപകനായിരുന്ന ശശിധരൻ നായർ മന്ത്രിയായി. ഉഗാണ്ടയിൽ പഠിപ്പിച്ചിരുന്ന  വർഗീസ് ഫിലിപ്പ് ആണ് ഇന്ന് റിട്ടേനീസ് അസോസിയേഷന്റെ സെക്രട്ടറി. അന്തരിച്ച നിരണം കണ്ടത്തിൽ കൊച്ചീപ്പൻ മാപ്പിളയും അന്ന് അദ്ദേഹത്തോടൊപ്പം കമ്പാലയിൽ ഉണ്ടായിരുന്നു.

തിരുവല്ല നെടുബ്രറത്തുനിന്നു സൗത്ത് ആഫ്രിക്കയിൽ പോയി നെൽസൺ മണ്ടേല പ്രധാനമന്ത്രിയായപ്പോൾ പാർലമെന്റ് അംഗമായ മലയാളിയാണ് അലക്സ് ജേക്കബ്. കെ എസ് യുവിൽ പ്രവർത്തിച്ച അനുഭവവുമായി ആദ്യം ലെസോത്തോയിലും പിന്നീട്  നോർത്തേൺ കേപ്പിലെ കുറുമാനിലും  എത്തി.  


മുണ്ടുടുത്ത ജോർജ് ജോസഫ് ഇന്നും സൗത്താഫ്രിക്കയിൽ; മുകളിൽ ഓർഗനൈസിംഗ്  കമ്മിറ്റി

മുണ്ടുടുത്ത ജോർജ് ജോസഫ് ഇന്നും സൗത്താഫ്രിക്കയിൽ; മുകളിൽ ഓർഗനൈസിംഗ്  കമ്മിറ്റി
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകൻ എന്ന നിലയിൽ ഒരുപാടുപേർക്കു ഒളിത്താവളം ഒരുക്കിയ ആളാണ് അലക്സ്. നോർത്തേൺ കേപ്പിൽ മത്സരിച്ച് പാർലമെന്റിൽ എത്തി. അലക്സ് എക്കണോമിക്‌സും ശോഭ ബോട്ടണിയും പഠിപ്പിച്ചു.  ശോഭ പ്രിൻസിപ്പലായി പിരിഞ്ഞു. ഏകമകൾ ഐശ്വര്യ ആംസ്ട്രറ്റർഡാമിൽ.  

അലക്‌സും ഒപ്പമുണ്ടായിരുന്ന ജ്യേഷ്ട്ടൻ  രെഞ്ജിയും ജീവിച്ചിരിപ്പില്ല. വിധവമാർ ശോഭയും ഷീലയും ചങ്ങനാശ്ശേരിയിലെ  സംഗമ വേദിയിൽ സന്നിഹിതരായിരുന്നു. അലക്‌സ്  ജീവിച്ചിരുന്നെങ്കിൽ സൗത്ത് ആഫ്രിക്കയിലെ ഏക മലയാളി പാർലമെന്റ് അംഗം എന്ന നിലയിൽ സംഘടനയുടെ തലപ്പത്തു വരുമായിരുന്നുവെന്നു തീർച്ച.

ചിത്രങ്ങൾ

1. കേപ് ടൗണിൽ സൗത്താഫ്രിക്കൻ പാർലമെന്റിലെ  ആദ്യ മലയാളി അംഗം അലക്‌സ് ജേക്കബും  ശോഭയും
 

Join WhatsApp News
Korason 2025-01-18 13:36:44
Very Interesting article as usual. There are many Malayalee Catholic Priests serving in very remote areas of Africa, which was not represented there. In some places, they hold the last word of the village. Also, the African journey of writer Paul Zacharia is unforgettable.
A.Mathew 2025-01-18 20:27:51
Alex and Renji were my cousins. I am from tiruvalla , now live in newyork. I was in nigeria with my family from 1975-1986. All my three kids are born in nigeria and at present they are in usa. Nice to see shobha and sheela .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക