സബ് ഇന്‍സ്പെക്ടര്‍ രമേഷ്, എഡിജിപി സേതു സുരേഷ് ഐപിഎസ് എന്ന മേലുദ്യോഗസ്ഥനെ കാണുന്നതിന് യൂണിഫോമില്‍ എഡിജിപിയുടെ റൂമിന് പുറത്ത് സന്ദര്‍ശകര്‍ക്കുള്ള കസേരകളിലൊന്നില്‍ ഇരിക്കുകയായിരുന്നു. എഡിജിപിയെ കാണാന്‍ വേറെയും ചില സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. എപ്പോഴാണ് വിളിപ്പിക്കുക എന്നറിയില്ല . തൊപ്പി കയ്യിലെടുത്ത് എബ്ലം ശരിയാണോ എന്ന് പരിശോധിച്ചു. സന്ദര്‍ശകര്‍ക്കുള്ള റൂമിൽ അങ്ങിങ്ങ് ഒന്നോടിച്ച് നോക്കി. മുന്‍പ് ഇതേ പദവിയിലിരുന്ന എഡിജിപി മാരുടെ പേര് വിവരവും, അവര്‍ ചുമതല നിര്‍വ്വഹിച്ചിരുന്ന കാലഘട്ടവും ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിനു മുകളില്‍ ഒരു മുഴുത്ത പല്ലി എന്തിനോ വേണ്ടി വാലിളക്കികൊണ്ടിരുന്നു. എഡിജിപി വിളിപ്പിച്ചതിന്റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ വേണ്ടി "അച്ചടക്കമില്ലാത്ത പല്ലി” എന്ന് രമേഷ് മനസ്സില്‍ തമാശ പറഞ്ഞു. തുടര്‍ന്ന് കൈവിരലുകളാല്‍ താടിയിൽ സ്പര്‍ശിച്ച് ഷേവ് ചെയ്തത് ശരിയായോ എന്ന് ഒന്നുകൂടി പരിശോധിച്ചു. യൂണിഫോമിലെ എബ്ലങ്ങളും, ബെല്‍റ്റും ശരിയല്ലേ എന്ന് പരിശോധിച്ച് സമാധാനപ്പെട്ടു. എഡിജിപിയുടെ റും തുറന്ന് ചുമതലയുള്ള പോലീസുകാരന്‍ പുറത്തു വന്നു.
“രമേഷ് സാറിനോട് ചെല്ലാന്‍ പറഞ്ഞു”
രമേഷ് ചാടിയെണീറ്റ്, ദീര്‍ഘശ്വാസമെടുത്ത് മൊബൈല്‍ സൈലന്റ് അല്ലേ എന്ന് ഉറപ്പ് വരുത്തി ഫയലും കയ്യിലെടുത്ത് റൂമിലേക്ക് കടന്നു. ഇടതുകാല്‍, ഉയര്‍ത്തി വലതുകാലിനോട് ചേര്‍ത്ത് അമര്‍ത്തി ചവുട്ടി വലത് കൈ ഉയര്‍ത്തി സല്യൂട്ട് നൽകി. എഡിജിപി തലയൊന്നനക്കി, ഫയലില്‍ എന്തോ കുറിച്ച് കൊണ്ടിരുന്നു. കൃത്യം ആ സമയത്ത് മൊബൈല്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങി. സൈലന്റ് ആക്കിയത് ഭാഗ്യം അല്ലെങ്കില്‍ ഇപ്പോള്‍ ഇതിന്റെ ചീത്ത വിളി കൂടി കേള്‍ക്കാമായിരുന്നു. രമേഷ് മനസ്സിലോര്‍ത്തു. അഷറഫാണ് വിളിക്കുന്നത്. കാള്‍ കട്ട് ചെയ്തു. ഫയലില്‍ നിന്ന് തലയുയര്‍ത്തി എഡിജിപി ഫയല്‍ അടുത്തുള്ള ട്രേയിലേക്കിട്ടു. രമേഷ് മേശക്കടുത്തേക്ക് ചെന്ന് കയ്യിലുള്ള ഫയല്‍ വിനയപുരസ്സരം അദ്ദേഹത്തിന് നല്‍കി.
ഫയല്‍ തുറന്ന് പരിശോധിച്ച് കൊണ്ടിരിക്കെ വീണ്ടും അഷറഫ് വിളിക്കുന്നു.
“എന്താണാവോ ഈ ചങ്ങാതി ഇപ്പോള്‍ തന്നെ വിളിക്കുന്നത്” രമേഷ് ആലോചിച്ചു. വീണ്ടും ഫോണ്‍ കട്ട് ചെയ്തു. ഉത്തരേന്ത്യക്കാരനായ എഡിജിപിയുടെ ഇംഗ്ലീഷിലുള്ള ചീത്തവിളിയൊക്കെകേട്ട് മനസ്സ് നിറഞ്ഞ് രമേഷ് പുറത്തിറങ്ങി. റൂമിന് പുറത്ത് നിന്നിരുന്ന സെക്യൂരിറ്റിയിലെ പോലീസുകാരനോട് കണ്ണിറുക്കി, പുഞ്ചിരിച്ച്,ഒന്നാംനിലയിലെ ഓഫീസിന് താഴത്തേക്കിറങ്ങി. കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന
ഏരിയയില്‍ എത്തിയയുടന്‍ അഷറഫ് വീണ്ടും വിളിക്കുന്നു. എന്തോ അത്യാവശ്യമുണ്ടല്ലോ എന്നോര്‍ത്ത് ഇടതുകയ്യിലെ ഫയലുകള്‍ക്കൊപ്പം പിടിച്ചിരുന്ന മൊബൈല്‍ വലതു കയ്യിലെടുത്ത് അറ്റന്‍ഡ് ചെയ്തു.
“രമേഷേട്ടാ എവിടെയാണ് ? തിരക്കാണോ? ഒരത്യാവശ്യ കാര്യമുണ്ട്. അതാണ് തുടരെ വിളിച്ചത്”. അഷറഫ് ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
സാധാരണ അത്യാവശ്യം ചില കടം വാങ്ങലുകള്‍ ഒക്കെയുണ്ട് ചങ്ങാതിക്ക്. ഇനിയിപ്പോ അതിനു വേണ്ടി വല്ലതും ആകും എന്ന് പ്രതീക്ഷിച്ച് രമേഷ് മറുവാക്കുകള്‍ എയ്തു.
"എന്താ ഭായ് പ്രശ്‌നം? ഞാനിച്ചിരി തിരക്കിലാണ്"
അഷറഫ് മറുപടിക്ക് അല്‍പസമയം എടുത്തു.
"രമേഷേട്ടാ ഞാന്‍ വല്ലാത്ത ഒരു പ്രശ്‌നത്തിലാണ്. ഒന്ന് കാണാൻ കഴിയുമോ"?
അഷറഫിനും നൂർജഹാനും രണ്ട് പെണ്‍മക്കളാണ് അസ്ന രണ്ടാമത്തേത്, മൂത്തവള്‍ അഷിത. അഷിതക്ക് ഏഴു വയസ്സും, അസ്നക്ക് അഞ്ച് വയസ്സും. രണ്ട് പേരും സര്‍ക്കാര്‍ സ്ക്കൂളില്‍ രണ്ടിലും ഒന്നിലുമായി പഠിക്കുന്നു. രമേഷിനേക്കാള്‍ എട്ടുപത്ത് വയസ്സിന് ചെറുപ്പമാണ് അഷറഫ്. എന്നിരുന്നാലും ജീവിത വഴികളില്‍ എങ്ങനയോ പരിചയിച്ച് ചേട്ടാ എന്ന് വിളിച്ച് , രമേഷിന്റെ
വീടിനുള്ളില്‍ പലപ്പോഴും സന്ദര്‍ശനം നടത്താറുണ്ട് അഷറഫും, നൂർജഹാനും, പൊടികളും.
"അഷറഫേ, എനിക്കിപ്പോള്‍ കാണാന്‍ കഴിയില്ല. ഇപ്പ തന്നെ വയറുനിറയെ തെറി കേട്ടാണ് നിക്കണത്. അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ചില കുരിശുകള്‍ ഉണ്ട്, നമുക്ക് പിന്നെ കേൾക്കാം” മയമില്ലാത്ത രമേഷിന്റെ മറുപടി കേട്ട് അഷറഫ് ഒന്ന് രണ്ട് നിമിഷ നേരത്തേക്ക് അപ്പുറത്ത് നിശബ്ദനായ പോലെ
"എന്നാ ശരി ” എന്ന് പറഞ്ഞ് രമേഷ് ഫോണ്‍ കട്ട് ചെയ്യുന്നതിനു മുന്‍പ് “അയ്യോ രമേഷേട്ടാ ..” എന്ന് പറഞ്ഞ് അഷറഫ് വിതുമ്പി. വിതുമ്പല്‍ കേട്ട് അല്‍പ്പ നേരത്തേക്ക് രമേഷ് സ്തബ്ധനായി. അടുത്ത് നിന്നിരുന്ന തന്റെ ഓഫീസിലെ പോലീസുകാരനായ ജോയിയോട് പിന്നെ സംസാരിക്കാം എന്ന് കൈകൊണ്ട് കാണിച്ച് , അല്‍പ്പം മാറി നിന്ന് അഷറഫിനെ കേള്‍ക്കാന്‍ തുടങ്ങി.
“എന്തു പറ്റി അഷറഫേ"? രമേഷ് സ്വരം ഒന്ന് താഴ്ത്തി
"രമേഷേട്ടാ, അസ്‌ന ഇന്ന് സ്‌ക്കൂളില്‍ നിന്ന് വരുമ്പോള്‍ ഒരാള്‍ അവളെ ഉപദ്രവിച്ചു.”
"ഉപദ്രവിക്ക്യേ”?
"അവള്‍ക്ക് ഇന്ന് സ്ക്കൂളില്‍ യുവജനോത്സവം ആയിരുന്നു, അവളുടെ പാട്ട് പരിപാടി
നേരത്തെ കഴിഞ്ഞപ്പോ സ്ഥിരം പോയി വരാറുള്ള ലാസറേട്ടന്റെ ഓട്ടോയില്‍ വീട്ടിലേക്ക് പോന്നു.”
അഷറഫ് ശ്വാസമെടുത്തു.
"എന്നിട്ടെന്താണ്ടായേ” ? രമേഷ് വേവലാതിപ്പെട്ടു.
"ലാസറേട്ടന്‍ അവളെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോ, പരിചയമുള്ള ബാബു എന്നൊരുത്തനെ കണ്ട് ഓട്ടോ നിറുത്തിയത്രേ, അയാള്‍ പുറകില്‍ കയറിയപ്പോള്‍ മോളെ വീട്ടിലെത്തിക്കാന്‍ വേണ്ടി ലാസറേട്ടന്‍ വണ്ടിയെടുത്തു. ലാസറേട്ടന്‍ ഓട്ടോ ഓടിച്ചകൊണ്ടിരുന്നപ്പോള്‍ ആ തെണ്ടി മോളെ ഉപ്രദവിച്ചു. രമേഷേട്ടന്‍ ഒന്ന് വേഗം വാ, അവളുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കണില്ല" അഷറഫ് നിറുത്തി.
കൊച്ചസ്‌നയുടെ മുഖം രമേഷിന്റെ മനസ്സില്‍ മഞ്ഞുതുളളിവീണ റോസാപൂപോലെ തെളിഞ്ഞു നിന്നു.
യുണിഫോമില്‍ രമേഷ് വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റാഫ് ജോയിയോട് ഒരാത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് യുണിഫോം മാറി അഷറഫിന്റെ വീട്ടിലേക്ക് കുതിച്ചു. യാത്രയിലുടനീളം അസ്നയെ എങ്ങനെ സമീപിക്കും എന്ന്, ആശങ്കയായിരുന്നു.
വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അഷറഫ് മുന്‍ വാതില്‍ തുറന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രമേഷിന്റെ കൈപിടിച്ചു. അഷറഫിന്റെ തോളത്ത് മൃദുവായി തട്ടി കൊണ്ട് അയാള്‍ വീടിനകത്തേക്ക് നടന്നു. ഊണ് മേശക്കരികില്‍ ഇരുന്നിരുന്ന അഷറഫിന്റെ ഉമ്മ എണീറ്റ് കണ്ണ് തുടച്ചു.
“അസ്നയെവിടെ ? എന്താ ഉണ്ടായേ"? രമേഷ് അഷറഫിനോടും ഉമ്മയോടും ചോദിച്ചു
ഉമ്മയാണ് മറുപടി പറഞ്ഞത്.
"മോനെ.. ഓള്‍ സ്ക്കൂള്‍ വിട്ട് വന്ന് റൂമിൽ കേറിയിരിക്കാര്‍ന്നു. കുളിപ്പിച്ച് ചായേം പലഹാരോം കൊടുക്കാന്‍ വേണ്ടി ഓളെ നോക്കീപ്പോ, ഓള് കെടക്കണു, എന്താ കെടക്കണ, വാ കുളിച്ച് പാപ്പം തിന്നാന്ന് പറഞ്ഞ് ഞാന്‍ അവളെ എണീപ്പിച്ച് കുളിമുറീല്‍ കൊണ്ടോയി. മേത്ത് വെള്ളം ഒഴിച്ചപ്പോ ക്ടാവ് കെടന്ന് ചാടാര്‍ന്നു. എന്തേന്ന് ചോദിച്ചപ്പോ, ഓള് കാലിന്റിടയില്‍ പൊത്തി പിടിച്ച് നീറ്ണുന്ന് പറഞ്ഞ്
വാവിട്ടലച്ചു. വേഗം വെള്ളം തുടച്ച് കൊടുത്ത് ഞാന്‍ ചോദിച്ചപ്പോ ഓള് സ്ക്കുളീന്ന് തിരിച്ചു വരുമ്പോ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞത്". ഉമ്മ വീണ്ടും കരഞ്ഞ് കുതിരാന്‍ തുടങ്ങി. അസ്നയുടെ അമ്മ നൂര്‍ജഹാന്‍ ജോലികഴിഞ്ഞ് എത്തിയിരുന്നില്ല. അഷറഫിനോട് രമേഷ് ആശ്വാസ വാക്കുകള്‍ പറയാന്‍ നിന്നില്ല. അസ്നയെ എങ്ങിനെ സമീപിക്കും എന്ന രമേഷിന്റെ വൈഷമ്യം കൂടുതലായി
"നമുക്കൊരു കാര്യംചെയ്യാം അഷറഫേ, അസ്നയെ ഡോക്ടറെ കാണിക്കാം, നീ ഓളെ കൂട്ടി വാ ഞാന്‍ പുറത്തു നിൽക്കാം”.
ദുഖത്തേക്കാള്‍, പരിഭ്രമം കൊണ്ടും, ലജ്ജ കൊണ്ടും തല താഴ്ത്തി കൊണ്ട് അഷറഫും അസ്നയും കാറില്‍ കയറി. ജില്ലാ ആശുപതിയില്‍ ചെന്ന് കാഷ്വാലിറ്റിയിലെ ഡോക്ടറെ കാണിക്കാന്‍ പറഞ്ഞ്,രമേഷ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി പോയി. പാര്‍ക്കിങ്ങ് ഫുള്‍ ആണ്. ആശുപത്രിക്ക് വെളിയിൽ വന്ന് അല്‍പ്പം ദൂരെ പുറത്തുള്ള തണലില്‍ കാര്‍ പാര്‍ക്ക് ചെയ്തു.
അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിൽക്കുകയായിരുന്നു അഷറഫും അസ്നയും.
"കാര്യം പറഞ്ഞില്ലേ ? ഡോക്ടറേ കണ്ടില്ലേ". ?
"കാര്യം പറഞ്ഞു, ഡോക്ടര്‍ പരിശോധിച്ചില്ല - ഗൈനക്കോളജിസ്റ്റ് വരട്ടേന്ന് പറഞ്ഞു". രമേഷ് കാഷ്വാലിറ്റിയിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കയറി. മൊബൈലില്‍ തോണ്ടിക്കൊണ്ടിരിക്കുന്ന ഡോക്ടറോട് രമേഷ് സ്വരമുയര്‍ത്തി-
"നിങ്ങക്ക് നാണണ്ടോ , ഒരു കുട്ടി ഉപദ്രവിക്കപ്പെട്ട് വന്നപ്പോ ഒന്ന് നോക്കാന്‍
പോലും തോന്നണില്ലേ”?
"നിങ്ങളാരാ ?” ഡോക്ടര്‍ സാറിന്റെ മറുചോദ്യം
"ഞാനാരായാലെന്ത് ? നിങ്ങക്ക് നോക്കാന്‍ പറ്റോ?'' ഇല്ലേല്‍ എന്താ ചെയ്യണ്ടേന്ന്
എനിക്കറിയാം” .
പിറുപിറുത്ത് ഡ്യൂട്ടി ഡോക്ടര്‍ മൊബൈല്‍ഫോണ്‍ മേശപ്പുറത്ത് വെച്ച് അഷറഫിനെ വിളിച്ചു. അസ്നയെ ടേബിളില്‍ കേറ്റിക്കിടത്തി, സഹായത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനേയും വിളിച്ച് പ്രാഥമിക പരിശോധന നടത്തി. അല്‍പ്പസമയത്തിനുള്ളില്‍ അവിടെ എത്തിചേര്‍ന്ന ലേഡി ഗൈനക്കോളജിസ്റ്റിനോട് ഡ്യൂട്ടിഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു.
ഗൈനക്കോളജിസ്റ്റ് അസ്നയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. രമേഷും അഷറഫും അത്യാഹിത വിഭാഗത്തിനു പുറത്തിരുന്നു, അഷറഫ് തലയുയര്‍ത്തിയതേയില്ല . രമേഷ് അഷറഫിന്റെ തോളില്‍ കയ്യിട്ടു. നേരം സന്ധ്യയായി, പകലത്തെ ജോലി കഴിഞ്ഞ് നഴ്‌സുമാര്‍ തിടുക്കപ്പെട്ട് ആശുപ്രതിക്ക് വെളിയിലേക്ക് പായുന്നുണ്ടായിരുന്നു.
വിളിച്ചപ്പോള്‍ അഷറഫും രമേഷും കാഷ്വാലിറ്റിയിലേക്ക് ചെന്നു.
"നിങ്ങളൊക്കെ ആരാണ്”? ഗൈനക്കോളജിസ്റ്റ് ചോദിച്ചു. അവരുടെ മുഖം വല്ലാതെ ചുവന്നിട്ടുണ്ടായിരുന്നു.
"ഞാനവളുടെ ഫാദറാണ്". അഷറഫ് പറഞ്ഞു.ഡോക്ടറുടെ കണ്‍മുന നീണ്ടപ്പോള്‍
"എന്റെ സുഹൃത്താണ്". അഷറഫ് വീണ്ടും പറഞ്ഞു.
എന്തിനോ തയ്യാറെടുക്കുന്നതുപോലെ ഗൈനക്കോളജിസ്റ്റ് ദീര്‍ഘശ്വാസമെടുത്തു.
"ഏത് വൃത്തികെട്ടവനാണ് ഇങ്ങനെ ഒക്കെ ചെയ്യണത്"? ആ കുഞ്ഞിന്റെ വജൈനയില്‍ ആറ് സെന്റീമീറ്റര്‍ നീളത്തില്‍ സ്ക്രാച്ച് ഉണ്ട്." ഡോക്ടര്‍ കേസ് ഷീറ്റിലേക്ക് മുഖം പൂഴ്ത്തി എന്തൊക്കെയോ കുറിക്കാന്‍ തുടങ്ങി. അഷറഫ് വിറക്കുന്ന കൈകള്‍ കൊണ്ട് രമേഷിന്റെ വലതുകൈയ്യില്‍ മുറുകെ പിടിച്ചു.
"ഏത് സ്റ്റേഷന്‍ പരിധിയിലാണ്? സ്റ്റേഷനില്‍ അറിയിക്കണം."
ഗൈനക്കോളജിസ്റ്റ് തുടര്‍ന്നു.
അഷറഫ് നിലത്ത് മിഴികള്‍ ഊന്നി നിന്നു. രമേഷ് മൃദുവായി പറഞ്ഞു.
"അഷറഫേ സംഭവിച്ചത് സംഭവിച്ചു. ഇങ്ങനെയിനി മറ്റുള്ള പെണ്‍കുഞ്ഞുങ്ങള്‍
ക്കുണ്ടാകരുത്, നമുക്ക് സ്റ്റേഷനില്‍ പോകാം അവനെ പൊക്കട്ടെ."
പാവം നൂര്‍ജഹാന്‍ ജോലിസ്ഥലത്തുനിന്നും ഓടിക്കിതച്ച് ആശുപത്രിയിലേക്ക് വന്നു. രമേഷിന് ആശ്വാസമായി, അസ്നക്ക് നൂര്‍ജഹാന്‍ തെല്ലാശ്വാസം നല്‍കുമല്ലോ. വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വുണ്ട് സര്‍ട്ടിഫിക്കറ്റും മറ്റ് ആശുപത്രി രേഖകളും ഒപ്പം നല്‍കി
രണ്ട് ദിവസത്തിനുള്ളില്‍ അസ്നയെ ഉപദ്രവിച്ച ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്ന് ദിവസം കഴിഞ്ഞ് എസ് ഐ രമേഷ് തന്റെ ഓഫീസില്‍ മറ്റു റിപ്പോര്‍ട്ടുകള്‍ ഒപ്പിടുമ്പോള്‍ പരിചയമുള്ള ഒരു പോലീസുകാരന്റെ വിളി വന്നു. "സാറെ ഞാന്‍ രാജുവാണ് , സാറിനോടൊപ്പം മലപ്പുറം തിരൂരില്‍ ഉണ്ടാര്‍ന്നു.”
"ഓര്‍മ്മേണ്ട് രാജു ഇപ്പ എവിടെ ആണ് ലൊക്കേഷന്‍".?
"സാറെ ഞാന്‍ വെസ്റ്റ് സ്റ്റേഷനിലാ-അസ്നാന്ന് പറേണ കുട്ടീനെ ഒരുത്തന്‍ ഉപദ്രവിച്ചല്ലോ, ആ ഫയല്‍ ഞാനാണ് എഴുതണത്.സാറെ ഇത് മുന്നോട്ട് കൊണ്ട് പോണോ? ചെറിയ കുട്ടിയല്ലേ , ഭാവി കൂടി നോക്കണ്ടേ? നമുക്കിത് കോംപ്രമൈസ് ചെയ്തൂടെ?.”
രമേഷിന് പെട്ടെന്ന് ശ്വാസം മുട്ടി കണ്ണുകള്‍ നനയുവാന്‍ തുടങ്ങി. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു
രമേഷ് അലറി
"നാണംണ്ടഡ നെനക്ക് ? നെന്റെ മോള്‍ക്കാണ് ഇങ്ങനെ വന്നെതെങ്കിൽ നീ ഇതന്നെ പറയുമോടാ? നീയൊക്കെ എന്തുട്ടീനാ പോലീസില്‍ പണിയെടുക്കണേ വേറേ വല്ല പണിക്കും പൊക്കുടെ?. അവനോന്റെ പണിയെടുക്കാന്‍ നോക്കടാ.”
രമേഷ് സങ്കടവും ,നിരാശയും കൊണ്ട് കിതച്ചു.
പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രമേഷും ഭാര്യയും കൂടി അഷറഫിന്റെ വീട്ടില്‍ റംസാന്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോയി.
തീന്‍ മേശയില്‍ എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രമേഷ് അസ്നയെ അവളറിയാതെ നിരീക്ഷിച്ചു. ഇടക്കിടെ അവളുടെ മുഖത്ത് ചിരി മാഞ്ഞ് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ചില നേരങ്ങളില്‍ അവളുടെ മുഖത്ത് നിഴൽ വീഴുന്നുണ്ടായിരുന്നു. അതെ ജീവിതത്തോളം നീളുന്ന, എപ്പോഴും ഇരുണ്ടതായ നിഴല്‍.
രമേഷ് മിഴികള്‍ താഴ്ത്തി - മനസ്സില്‍ പറഞ്ഞു. പുരുഷനായി പിറന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു
മകളേ മാപ്പ്.