ഉമ്മറച്ചുമരിലെ
നിറം മാഞ്ഞ ചിത്രത്തിൽ
കരുതലിൻ കനലായി
അച്ഛനിരിക്കുന്നു
ചില്ലിട്ട കൂട്ടിലെ
കാവൽവെളിച്ചമായ്
കാലിളകുന്നൊരു
ചാരുകസേരയും
പകൽ കൊഴിയുന്നൊരു
സന്ധ്യാമ്പരവും
മൂകമായ് തേങ്ങുന്നു
വേർപാടിൻ നോവിനാൽ
കൈ പിടിച്ചന്നച്ഛൻ
നടന്നൊരീ വഴികളിൽ
പൊടികൊണ്ടു മൂടിയ
കാലടിപ്പാടുകൾ
കണ്ണീർ പൊഴിക്കുന്ന
കറുകയും തുമ്പയും
എല്ലുന്തി ദൃശ്യമാം
നെഞ്ചിന്റെ കൂട്ടിലെ
സ്വപ്നങ്ങളൊക്കെയും
ചിതലരിച്ചെങ്ങു പോയ്
ഒറ്റയാൾ യാത്രയിൽ
മോഹം കരിഞ്ഞുപോയ്
കൂമ്പിക്കുഴിഞ്ഞുള്ള
മിഴികളിലപ്പോഴും
സ്നേഹം തുളുമ്പുന്നു
മായാത്ത ചിത്രമായ്
ഉയരുന്നു വിയർപ്പിന്റെ
എരിയുന്ന നീറ്റലും
ഉമ്മറക്കോലായ
മൂകമായ് തേങ്ങുന്നു
മുറിവേറ്റ ബന്ധങ്ങൾ
നീറിയൊടുങ്ങുന്നു
അച്ഛനില്ലാത്തൊരു
വീട് വിതുമ്പുന്നു.....