Image

ധീ (കവിത: അശോക് കുമാർ. കെ)

Published on 18 January, 2025
ധീ (കവിത: അശോക് കുമാർ. കെ)

കുഴിച്ചിട്ടാൽ 

ഞാൻ

കിളിച്ചു വന്നെങ്കിൽ

തടിയൊന്ന് ഇല മൂടി

വിരിഞ്ഞെങ്കിൽ

പൂത്തു പൂവുകൾ

നിറഞ്ഞെങ്കിൽ .....

മുഴുത്ത കായ്കളിൽ

പച്ച പുളിച്ചെങ്കിൽ

പിന്നെ പഴുത്തതിൽ

മധുരം കിനിഞ്ഞെങ്കിൽ

ചിന്ത മൂടിയ ഭസ്മ കിടക്കയിൽ

ശവം ഞാൻ ഇരുന്നു

ചിന്തിക്കുന്നു....

ബലികാക്കളെന്തോ

ചത്തു ചത്തുപോകുന്നെന്ന്

വാർത്തകൾ   ...

ഒരാളെങ്കിലും വന്ന്

എൻ്റെ വറ്റ് തിന്നു പോയെങ്കിൽ....

പണ്ടോർമ്മയിൽ

പത്ത് പറ്റ് കുട്ടികൾക്കു നൽകുവാൻ

നൂറ് നേരം പട്ടിണി കിടന്ന തോർമ്മയിൽ

പണ്ടെൻ്റെ സ്മൃതി പഥത്തിൽ

ദേവസന്നിധിയിലണയാൻ

നൂറ് പണമില്ലാത്തതിനാൽ

ശ്വാസംമുട്ടി

നൂറ് നൂറ് നാഴിക നിന്നവൻ

വെറും ശവമായ ഞാൻ

ഇനി എന്തു ചിന്തിച്ചാലും

ഒരു വാക്കു മാത്രം

ഇന്നെന്നെ പൊക്കി പൊക്കി

പറയുന്നയുന്നനേക സഹസ്രംപേർ....

ധീ ധീ സമ ധീ.....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക