Image

എൻ്റെ കണ്ണൻ (ദീപ ബിബീഷ് നായർ)

Published on 19 January, 2025
എൻ്റെ കണ്ണൻ (ദീപ ബിബീഷ് നായർ)

കൃഷ്ണനുണ്ണി ഗുരുവായൂരമരുമെന്നുണ്ണിക്കണ്ണൻ
തിരുവോടക്കുഴലൂതും കാഴ്ച കണ്ടീടാൻ
കണ്ണടച്ചാലുള്ളിലായ് കനവിലായവനെത്തും
കാർമുകിലിൻ വർണ്ണമുള്ള ഗോപീവല്ലഭൻ
കദനങ്ങൾ കരകവിഞ്ഞൊരുപുഴയാകുന്നേരം
കരുണയാലവനൊരു മായകാട്ടീടും
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചീടുന്നേരം
കാതിനിമ്പമേകും വേണുനാദമായെത്തും
കതിരൊളിയുണരുമ്പോലഴകേറും ചിരിയാലെ
കണ്ണനെന്നിലുണർത്തീടും കാമുകീഭാവം
കൈതവങ്ങളറിയാത്ത ബാലനവൻ കേളി കാട്ടേ 
കരുണയാലുരുകി ഞാനെശോധയാകും
കൈ നിറയെ വെണ്ണയേന്തി കൂട്ടരുമായ് വരുകിലോ
കള്ളമൊന്നും ചെയ്തില്ലെന്നാ വദനാംബുജം
കുടിനീരും ചുമന്നവർ ഗോപികമാർ വരികയോ
കല്ലെടുത്തൊരേറിലല്ലോ ദാഹം തീർത്തീടും
കാളിന്ദിതൻ തീരത്തായി മേയാൻ വരും പൈക്കളെല്ലാം
കൂട്ടുകൂടുമോടക്കുഴൽ നാദവീചിയിൽ
കുളി കഴിഞ്ഞംഗനമാർ ചേല നോക്കും നേരമയ്യോ
കോലക്കുഴലൂതുമരയാലിൻ കൊമ്പത്തായ്
കൗമാരത്തിൻ പ്രണയങ്ങളേഴു വർണ്ണം തൂകുന്നേരം
കാമിനിയാൾ മുന്നിൽ പഞ്ചദേവി രാധയും 
കംസനെ വധിക്കുവാനായക്രൂരനാം ദൂതൻ വന്നു
കണ്മണിയാം വസുദേവസുതൻ യാത്രയായ്
കണ്ണുനീരാൽ കാഴ്ച മങ്ങും ദാസികളെ വിട്ടു കണ്ണൻ
കലനേമിയെ വധിക്കാൻ യാത്രയായല്ലോ
കണ്ണുനീരാൽ കാഴ്ച മങ്ങും വേളയിലാ വൃന്ദാവനം
കരിനീലവാരിദം പോലിരുണ്ടുപോയി
കൃഷ്ണനുണ്ണി ഗുരുവായൂരമരുമെന്നുണ്ണിക്കണ്ണൻ
തിരുവോടക്കുഴലൂതും കാഴ്ച കണ്ടീടാൻ
കണ്ണടച്ചാലുള്ളിലായ് കനവിലായവനെത്തും
കാർമുകിലിൻ വർണ്ണമുള്ള ഗോപീവല്ലഭൻ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക