ഒന്നാം ക്ലാസിലെ ആദ്യ ദിനങ്ങളിലൊന്നിലാണ് ആ സംഭവം നടന്നത്.
പതിവുപോലെ മഴക്കാലമാണ്.
അക്കാലത്ത് അപൂർവമായിരുന്ന ഒരു പലവർണ്ണ കുടയുമായാണ് ഞാൻ സ്കൂളിൽ എത്തിയത്.
കൗതുകം കൊണ്ടാകാം, മുതിർന്ന കുട്ടികൾ എന്റെ കയ്യിൽ നിന്നും ആ കുട പിടിച്ചു വാങ്ങാൻ നോക്കി. ഞാൻ ആ കുട കൊണ്ടു തന്നെ അവരെ അടിച്ചുകൊണ്ട് അതിനെ തടഞ്ഞു. ഇത് കണ്ടുകൊണ്ടാണ് ഹെഡ്മാസ്റ്റർ കടന്നുവരുന്നത്.
വളരെ കർക്കശക്കാരനായ ഹെഡ്മാസ്റ്റർ വരുമ്പോൾ എല്ലാ കുട്ടികളും നിശബ്ദരായി, അറ്റൻഷനായി, നിൽക്കുമായിരുന്നു.
വഴക്കടിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ കണ്ട ഉടനെ സാർ പോയി ചൂരൽ വടി എടുത്തു കൊണ്ടുവന്നു. മുതിർന്ന രണ്ട് കുട്ടികളുടെയും എന്റെയും കൈവെള്ളയിൽ അടിച്ചു.
(അന്ന് കുട്ടികളെ അടിക്കുന്നത് ക്രിമിനൽ കുറ്റം ആയിരുന്നില്ല!)
എനിക്ക് ഒരു അടി മാത്രമേ കിട്ടിയുള്ളൂ. എങ്കിലും ഞാൻ ആ പള്ളിക്കൂട വരാന്തയിൽ നിന്ന് വാവിട്ടു കരഞ്ഞു.
അധികം താമസിയാതെ എന്റെ ക്ലാസ് ടീച്ചർ ആയ അന്നക്കുട്ടി ടീച്ചർ വന്ന് എന്നെ ക്ലാസിൽ കൊണ്ടുപോയിരുത്തി.
“സാരമില്ല ഇനി ഇങ്ങനെ വഴക്കൊന്നും ഉണ്ടാക്കരുത് കേട്ടോ”
എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
അപ്പോഴും ഞാൻ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ക്ലാസിലെ ഒരു പെൺകുട്ടി എന്റെ അടുക്കൽ വന്നു. എന്റെ അടികൊണ്ട കൈവെള്ളയിൽ തടവിക്കൊണ്ട് ചോദിച്ചു:
“ഇപ്പോഴും നൊമ്പരം ഉണ്ടോ?”
ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി.
“കരയാതെ. വേദനയൊക്കെ വേഗം പോകും”.
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഞാൻ എങ്ങലടി നിർത്തി ആ മുഖത്തേക്ക് നോക്കി. ചെമ്പിച്ച തലമുടിയും നീല കണ്ണുകളും വെളുത്ത മുഖവുമുള്ള അവൾ ഒരു മാലാഖയാണെന്ന് എനിക്ക് തോന്നി. പിന്നെ ഞാൻ കരഞ്ഞില്ല…
അന്നുമുതൽ ഞങ്ങൾ കൂട്ടുകാരായി. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ അവൾ എന്റെ ‘ബെസ്റ്റി’ ആയി.
എന്നാൽ രണ്ടാം ക്ലാസ് ആയപ്പോഴേക്കും അവൾ സ്കൂളിൽ നിന്നും പോയി. അവർ വീടൊക്കെ വിറ്റ് മലബാറിന് പോവുകയാണെന്ന്, അവധിക്കാലത്തിനു മുൻപ് അവൾ എന്നോട് പറഞ്ഞിരുന്നു.
വലിയതോതിൽ മലബാർ കുടിയേറ്റം നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. പിന്നീട് ഒരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല.
ജീവിതത്തിൽ പല ‘മാലാഖ’മാരും പിന്നീട് കടന്നു വന്നെങ്കിലും ഈ ‘മാലാഖ’യുടെ തിളങ്ങുന്ന മുഖം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.