Image

കമലയുടെ കഥ - ഭാഗം -1 / അന്നമ്മ പോൾ 

Published on 19 January, 2025
കമലയുടെ കഥ - ഭാഗം -1 /  അന്നമ്മ പോൾ 

ചില സായാഹ്നങ്ങളിൽ വീടിനടുത്തുള്ള പാടശേഖരങ്ങളുടെ ചിറയിറമ്പുകളിൽ വല വീശാനിറങ്ങും കമല ചേച്ചി.
അതിനും മുൻപേ തേങ്ങാപ്പിണ്ണാക്കിന്റെ ചെറിയ ഉരുളുകൾ അവിടവിടെയായ് വെള്ളത്തിലെറിയും.
ഓലക്കാലോ ചുള്ളിക്കമ്പോ കുത്തി അടയാളം വെക്കും. സായാഹ്നത്തിലെ ഈ മീൻപിടുത്തത്തിനു അന്തിക്കൊത്തെന്നാണു ചേച്ചി പറയുന്നതു
ശരിയാണു.... സായാഹ്നത്തിൽ മീനുകൾക്കു മദമിളകുമെന്നു തോന്നുന്നു.... അൽപ്പം മുമ്പ് കിട്ടിയ തീറ്റ അവയുടെ കൊതി ഇളക്കിയിട്ടുണ്ടാവും. ആ സമയത്താണ് ധാരാളം മീനുകൾ വലയിൽ കുടുങ്ങുന്നതു
   സൂര്യൻ പടിഞ്ഞാറേയ്ക്കു ചാഞ്ഞു തുടങ്ങി.
വയലിറമ്പുകളിലും തോട്ടിലും വലവീശുന്നവർ വേറേയുമുണ്ടു. 
പെണ്ണായിട്ടു കമല ചേച്ചി മാത്രം.....
മീനുകൾക്കു തീറ്റ വിതറിയ ശേഷം അൽപ്പനേരം ചിറയിലിരിക്കും. ആ സമയത്താണു വെറ്റില മുറുക്കുന്നതും കഥകൾ പറഞ്ഞു തരുന്നതും. പുകയിലയുടെ രൂക്ഷ ഗന്ധം പരക്കുന്നതോടൊപ്പം പ്രേതാനുഭവ കഥകൾ ഒന്നൊന്നായ് പറഞ്ഞു തുടങ്ങും... പേടിയുണ്ടെങ്കിലും കേൾക്കാനാഗ്രഹവുമുണ്ട്.... അക്കാലത്തു അത്തരം കഥകൾക്കു ഒരു പഞ്ഞവും ഇല്ലായിരുന്നു. ആകാശം മുട്ടെ പൊക്കമുള്ള കരിഞ്ചാത്തൻ .... ഒറ്റ മുലച്ചി,കൊല്ലന്തറ മല്ലൻ തുടങ്ങിയവരുടെ കഥകൾ പറയും... ഇടയ്ക്കു ചോദിക്കും. കൊച്ചു പേടിച്ചോ.... പേടിയ്ക്കണ്ടാ... ഞാനില്ലേകൂടെ... ഒരിക്കൽ ഞാനു o വെറ്റില ചവച്ചു. എത്ര ശാഠ്യം പിടിച്ചിട്ടും പുകയില തന്നില്ല... ദേഷ്യപ്പെട്ടുകൊണ്ടു പറഞ്ഞു" കിറുങ്ങും കൊച്ചേ"...   കിറുങ്ങുവോ ? എന്താദ്::.. തലകറങ്ങുവെന്ന്...

മീൻ പിടിക്കുന്നതിനേക്കാൾ എനിയ്ക്കിഷ്ടം ചക്രവാളമാകെ
ചുവപ്പ് പടരുന്നതും കൂടണയാൻ തിടുക്കപ്പെട്ട് പറന്നകലുന്ന ആറ്റക്കിളികളുടെ പിന്നിൽ അസ്തമയ സൂര്യൻ ഒരു തീഗോളമായ് മാറുന്നതും പിന്നെ മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നതും... ഓലത്തലപ്പുകളിലേയ്ക്കു ഇരുളുർന്നിറങ്ങുന്നതും... കാലടിപ്പാതകൾ മാഞ്ഞു പോകുന്നതും നോക്കി ഇരിക്കുന്നതാണ്.
... കുളക്കോഴികളും.. പെന്മാനുകളും... നിറയെ വിരിഞ്ഞു നിൽക്കുന്ന ആമ്പലുകളും..വയൽ പൂക്കളും... ഈ ചാരുതകളൊക്കെക്കാണാനുള്ള മോഹം കൊണ്ടാണു അടികിട്ടുമെന്നു ഉറപ്പാണെങ്കിലും അമ്മ കാണാതെ ഞാനൊളിച്ചു നടത്തുന്ന ഈ സായാഹ്ന യാത്ര...

വല കുടഞ്ഞിടുമ്പോൾ, വെള്ളിയിൽ തീർത്ത പോലുള്ള പരൽ മീനുകൾ ചാടിച്ചാടി പിടയുമ്പോൾ, അവയുടെ തിളങ്ങുന്ന സ്ഫടികക്കണ്ണുകളിലെ നിസഹായതയും നോക്കി വിഷണ്ണയായ് ഞാൻ നിൽക്കും.
മഴക്കാലത്തു തുളുമ്പി നിൽക്കുന്ന പാടശേഖരങ്ങൾ വേദ പാം ക്ലാസ്സിൽ പഠിച്ച ഗലീലാക്കടലായി ഞാൻ സങ്കല്പിക്കുമായിരുന്നു,അതിന്റെ കാരണം എനിയ്ക്കിപ്പോഴു o അറിയില്ല.
ഞാൻ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ കമല ചേച്ചി വലയെറിയുകയും വല വലിച്ചു കയറ്റി കുടഞ്ഞ് മീനുകളെ പെറുക്കി കൂട നിറയ്ക്കുകയും ചെയ്യും.

പകലിന്റെ അവസാന തുള്ളി വെളിച്ചത്തിൽ ഒരു മരക്കുറ്റിയിലിരുന്നുമീൻ വൃത്തിയാക്കുന്ന ചേച്ചിയെ നോക്കിയിരിക്കുമ്പോൾ വിളിയെത്തും.
കുരിശുവര തുടങ്ങുന്നതിനു മുൻപേയുള്ള വിളി. വിളിക്കു മുൻപേ എത്തിയാലും ശേഷം എത്തിയാലും അടിയോ ശകാരമോ ഉറപ്പാണു... ഒന്നുരണ്ടു വീടുകൾക്കപ്പുറമുള്ള എന്റെ വീട്ടിലേയ്ക്കു ഒരു പറക്കലാണു... നീണ്ടു മെലിഞ്ഞ പെറ്റിക്കോട്ടുകാരിയുടെ പറക്കൽ ചില അമ്മച്ചിമാരൊക്കെ പറഞ്ഞു ചിരിക്കും..." ഓടിയ്ക്കോ... തല്ലു മേടിയ്ക്കാനുള്ള സമയമായി.... "
 
കുരിശു വരയും കഴിഞ്ഞ് എല്ലാവരും അത്താഴമുണ്ടാലും
ഞാൻ വായിച്ചും എഴുതിയും ഇരിക്കും. അടുത്തടുത്തു വരുന്ന റാന്തൽ വിളക്കിന്റെ സൗമ്യ വെളിച്ചവും കാൽപ്പെരുമാറ്റവും കാതോർത്തു ഞാനിരിക്കും....
ഹോം വർക്കും തീർത്തു വായനയും പകർത്തിയെഴുത്തും കഴിയുമ്പോൾ ഒരു റാന്തൽ വിളക്കും തൂക്കി മീൻ കറിയുമായി കമല ചേച്ചി എത്തും. ചുറ്റും വാസന പരത്തുന്ന കിടിലൻ മീൻ കറി!!
രണ്ടു മൂന്നു വറുത്ത മീനുകൾ വാഴയിലയിൽ പൊതിഞ്ഞ് വേറേയും കാണും. ചക്കപ്പുഴുക്കോ കപ്പപ്പുഴുക്കോ ഒക്കെ അമ്മ അവർക്കു കൊടുത്തു വിടും..
വേനൽക്കാലത്തു സഞ്ചി നിറയെ പലതരം മാമ്പഴങ്ങൾ കൊണ്ടുവരും. ഞാനിരുന്നു പഠിക്കുമ്പോൾ മാമ്പഴം മുറിച്ചു കഷണങ്ങളാക്കി എൻറെ മുന്നിൽ വെയ്ക്കും.... കശുവണ്ടി ചൂട്ടു തല്ലി പരിപ്പു എടുത്തു തരും... അവരുടെ സഞ്ചിയിൽ എപ്പോഴും എനിയ്ക്കായ് എന്തെങ്കിലും കരുതിവെയ്ക്കും...

ഏറ്റവും ഇളയതായതു കൊണ്ടാവാം എന്നോടിത്ര വാത്സല്യം.... ഓർമ്മകൾ അണ മുറിഞ്ഞു ഒഴുകിവരുന്നതു പോലെ....ഒപ്പം കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു....
ഏതു ജന്മബന്ധമാണ് ഞങ്ങൾ തമ്മിൽ?
സ്നേഹിക്കാൻ ഒരുദരത്തിൽ പിറക്കണമെന്നില്ല....
രക്തബന്ധമെന്നും കൂടെപ്പിപ്പു സ്നേഹമെന്നു പറയുന്നതു കേവലം സങ്കല്പമാണോ? നിരർത്ഥകമായ വാക്കുകളോ?.....
ഒരപകടത്തിൽ അഛനുമമ്മയും മരിക്കുമ്പോൾ കമല ചേച്ചി ക്കു പ്രായം പതിനൊന്ന് മാത്രം !! താഴെ രണ്ടു സഹോദരങ്ങൾ... പതിനൊന്നാം വയസ്സിൽ അമ്മയാ വേണ്ടി വന്ന പാവം കമലചേച്ചി രണ്ടാളേയും ചിറകു മുളപ്പിച്ചു പറക്കാറാക്കി....
അവരുടെ ആകാശങ്ങൾ കണ്ടെത്തി അവർ ചിറകുവിരിച്ചു പറന്നു പോയി.... 
അവരൊക്കെ ജീവിതം ആസ്വദിക്കുമ്പോൾ തൊടികളായ തൊടികളിലെല്ലാം അലഞ്ഞു നടന്നു വീണു കിട്ടുന്നതൊക്കെ ചെറുക്കിത്തിന്നും മീൻ പിടിച്ചു വിറ്റും അവർ പരസഹായമില്ലാതെ ജീവിതത്തെ നേരിട്ടു.
ആവുന്ന നാളിൽ പറമ്പിൽപ്പണിയ്ക്കും കൊയ്യാനും പോകുമായിരുന്നു. അവരുടെ യൗവ്വനകാലം ഞാനോർക്കുന്നുണ്ട്     സമൃദ്ധമായ മുടിയും മാറിടങ്ങളും ഉയരം കുറഞ്ഞ് ഇരുനിറത്തിൽ കാണാൻ മോശമല്ലാത്ത ഒരു രൂപം    സഹോദരങ്ങളുടെ വിവാഹശേഷവും അവർ ക്കു ചിലആലോചനകൾ വന്നിരുന്നു...
ഒന്നിനും അവർ സമ്മതിച്ചില്ല കൈക്കുടന്നയിലെ ജലം പോലെ ജീവിതംതൂകിപ്പോയതു അവർ അറിഞ്ഞില്ല..... സഹോദരങ്ങളുടെ സന്ദർശനങ്ങളുടെ ഇടവേ ളകൾക്കു ദൈർഘ്യമേറിയേറിവന്നു പിന്നെ വരാതായി... പക്ഷേ കമല ചേച്ചി ജീവിതത്തോടു പൊരുതിനിന്നു .
ഇടിഞ്ഞു പൊളിയാറായ ആ വീട്ടിൽഒറ്റയ്ക്ക്..രാത്രിയിൽ ഉറക്കം വരുവോളം ഉമ്മറത്തിരുന്നു ഇരുട്ടിനോടു സംസാരിക്കും. 
ചില ദിവസങ്ങളിൽ വേദനിപ്പിക്കുന്ന ഓർമ്മകളുടെ നീറ്റൽ സഹനത്തിനുമപ്പുറമാവുമ്പോൾ . ജന്മം കൊടുത്തവരേയും നന്ദിയും സ്റ്റേ ഹവുമില്ലാത്ത സഹോദരങ്ങളേയും പുലഭ്യം പറഞ്ഞു തുടങ്ങും.
മൂന്നു നാലു വീടുകൾക്കപ്പുറം കേൾക്കാവുന്ന പുലയാട്ട് വെളുക്കുവോളം തുടരും . ചിലപ്പോൾ ആ തണുത്ത തറയിൽത്തന്നെ കിടന്നുറങ്ങും....
അവരുടെ സ്വഭാവത്തിലെ കാർക്കശ്യവും തന്റേടവും അവരെ അനഭിമതയാക്കി.. നാട്ടുoപുറത്തുകാരുടെ ഒരു പതിവുചോദ്യമുണ്ടല്ലോ ... എങ്ങോട്ടാഎന്തിനാ? വെറും വെറുതേയുള്ള ആ ചോദ്യങ്ങൾക്കു അവർ പൊട്ടിത്തെറിക്കും. അറിഞ്ഞിട്ടെന്താടാ... നിന്റപ്പന്റെ പിണ്ഡം വെക്കാൻ... ക്രമേണ ആരും മിണ്ടാതെയായി... അവർക്കു ഭ്രാന്താണെന്നു എല്ലാവരും മനസ്സിൽ പറയുകയും കുശുകുശുക്കുകയും ചെയ്തു..
അത്ര തീക്ഷ്ണമായ വേദനകളും പട്ടിണിയും ഏകാന്തതയും മാത്രംകൂട്ടിനുള്ള അവർക്കു ഊഷ്മളമായ വാക്കുകൾ പറയാനും ചിരിച്ചു സൗഹൃദം കാട്ടാനും എങ്ങനെ കഴിയും.

ഒറ്റയ്ക്കു ജീവിയ്ക്കാനുള്ള തന്റേടം അവർ എങ്ങനെ നേടി? ഞാൻ വിസ്മയത്തോടെ ചിന്തിച്ചിട്ടുണ്ടു.
വൈദ്യുതിയില്ലാതിരുന്ന ആ കാലത്തു ഇരുട്ടിനൊപ്പം ഭയവും നമ്മെ മൂടും ഒരു പലചരക്ക കടയും രണ്ടു മുറുക്കാൻ കടകളും മാത്രമുണ്ടായിരുന്ന കാലം!!
അവരെല്ലാം എട്ടു മണിയ്ക്കുമുൻപേ കടയടച്ചു വീട്ടിലേയ്ക്കു പോവും.... പെട്രോമാക്സിന്റെ വെളിച്ചത്തിന്റെ ആ പാൽ തുരുത്തും അവർക്കൊപ്പം നടന്നു മറയുമ്പോൾ വീടുകളും പരിസരവും ഇളിലമരും... ഉമ്മറത്തു കത്തുന്ന നിലവിളക്കിന്റെ യോ മണ്ണെണ്ണ വിളക്കിന്റെ യോ നേർത്ത വെളിച്ചങ്ങളും ഇരുട്ടിനു വഴിമാറും.
ഒച്ചയനക്കങ്ങളും വെളിച്ചവുമില്ലാത്ത ഒരു വീട്ടിൽ ഒറ്റയ്ക്കു ഒരു സ്ത്രീ... അതും പേടിപ്പെടുത്തുന്ന കഥകളും അന്ധവിശ്വാസങ്ങളും ധാരാളം പറഞ്ഞു കേട്ടിരുന്ന ആ കാലത്തു...... അവരുടെ തന്റേടവും കൂസലില്ലായ്മയും ഒരു മുഖം മൂടി ആയിരുന്നോ? ജീവിതം കൈമോശം വന്നവൾ ആരെ എന്തിനെ ഭയപ്പെടണം :
അവരുടെ ആ തന്റേടവുംധൈര്യംവും എന്റെ കഞ്ഞു മനസസിനെ ഹരം കൊള്ളിച്ചിരുന്നു... ഉള്ളിലെ ക്ഷോഭം ശമിയ്ക്കാനായി ചിലപ്പോൾ വീണ്ടുവിചാരമില്ലാതെ എന്തെങ്കിലും കാട്ടിക്കുട്ടും അങ്ങനെ ഭ്രാന്തിയെന്ന പേരും കിട്ടി. ഒരിക്കൽ വീട്ടുമുറ്റത്തു തീ ആളുന്നതു കണ്ടു ഓടിയെത്തിയവർ ശകാരങ്ങളോ ചീത്ത പറച്ചിലോ ഇല്ലാതെ ആളിപ്പടരുന്ന തീനാളങ്ങളെ നോക്കി നിസംഗയായ് ഇരിക്കുന്ന കമല ചേച്ചിയെക്കണ്ടമ്പരന്നു... ആങ്ങളമാരുടെ മക്കൾ ഉപേക്ഷിച്ച കുഞ്ഞുടുപ്പുകളും ആരുടെയൊക്കെയോ ഫോട്ടോകളും കലണ്ടറുകളും പഴയ കടലാസുകെട്ടുകളും വാരിയിട്ടു കത്തിച്ചു സ്വയം ശമന പ്പെട്ടു.
ആ പഴയ വീടിന്റെ ജീർണ്ണിച്ച ചുവരുകളിൽ കാലങ്ങളായി കിടന്നിരുന്ന ദൈവങ്ങളുടെ ചിത്രക്കലണ്ടറുകളുൾപ്പെടെ എന്തൊക്കെയോ നിമിഷങ്ങൾക്കകം ഒരു പിടി ചാരമായി...... രാത്രിയിലെ മഞ്ഞുവീണു നനഞ്ഞു കുതിർന്നു മുറ്റത്താകെ കറുത്ത പാടുകൾ അവശേഷിച്ചു.അവരുടെ ജീവിതമാകെ പടർന്ന കറുപ്പു പോലെ... രാച്ചിയമ്മയേയും കുട്ട്യേടത്തിയേയും വായിക്കുന്നതിനും എത്രയോ മുൻപ് ഞാൻ കണ്ട തന്റേടിയായ
സ്ത്രീയായിരുന്നു കമലചേച്ചി.... ആണിനു പോന്ന തന്റേടം "..... അയലത്തെ പെണ്ണുങ്ങൾ മൂക്കത്തു വിരൽ വെച്ചു പറയും... അപ്പോഴെല്ലാം അവർ വീട്ടിൽ എന്റെയരികിൽ ക്കിടന്ന് തേങ്ങി തേങ്ങിക്കരഞ്ഞ ആ രാത്രി ഞാനോർക്കും..... എത്ര നിയന്ത്രിച്ചിട്ടും ഞാനും കരഞ്ഞു പോയ ആ രാത്രി ..…
 

തുടരും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക