പെയ്ത് പെയ്തിരിക്കെയാണ്
നിഗൂഢമായ
മറുതീരം തേടുന്ന
ചില പ്രണയങ്ങൾ
മഞ്ഞായ് ഉറഞ്ഞു
പോകുന്നത്.
ആളിപ്പടരുന്നതിനിടയിലാണ്
ചില പ്രണയങ്ങൾ
കനലായി
എരിഞ്ഞടങ്ങുന്നത്
ഇപ്പോൾ പ്രണയം
പ്രണയമല്ലാതായിരിക്കുന്നു.
ചിലപ്പോഴെങ്കിലും
പ്രണയത്തിൽ
കുടിയേറുന്നത്
സ്വാർത്ഥതയാണ്.
അപ്പോൾ പ്രണയം
പൊള്ളുന്ന കുളിരും
തീച്ചുവപ്പുള്ള
ലാവയുമാകുന്നു
കരളുരുക്കിയും
കുടൽ പൊള്ളിച്ചും
കഴുത്തു മുറിച്ചും
പ്രണയികൾ
പ്രണയികളേ
അല്ലാതാകുമ്പോൾ
പ്രണയമേ മാപ്പ്.
ആ മൂന്നക്ഷരങ്ങളോട്
എന്നോ ഹൃദയത്തിലൂടെ
ഒഴുകിപ്പരന്ന
പ്രണയത്തിന്റെ
നീലനദിയോട്.
അന്നത്തെ പ്രണയത്തെ
പൊതിഞ്ഞ നിലാവിന്റെ
വിശുദ്ധിയോട്
നീയും ഞാനും എന്നും
ഒന്നെന്ന
വിശ്വാസത്തോട്.
"ഷാരോണിൽ വിരിഞ്ഞ
സ്നേഹത്തിന്റെ
ശോശന്നപ്പൂക്കളെ "
എരിയിച്ച" ഗ്രീഷ്മ"മേ
നിനക്കവനെ
കൊല്ലാതെ വിടാമായിരുന്നില്ലേ?
നീയവന്റെ ജീവനും
ജീവിതവുമായിരുന്നില്ലേ?
വിട പറയുവോളം
വിഷക്കഷായം പോലും
വിശുദ്ധമെന്നു
വിശ്വസിച്ചവൻ.
മരിയ്ക്കും വരെ
നിന്റെ നാമം പോലും
മറച്ചു വെച്ചവൻ.