തിങ്കളാഴ്ച അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപ് അന്നു തന്നെ ഇരുനൂറിലേറെ എക്സിക്യൂട്ടീവ് നടപടികൾ എടുക്കുമെന്നു സഹായികൾ പറയുന്നു. ലക്‌ഷ്യം: "അമേരിക്കയുടെ അഴിമതി നിറഞ്ഞതും പരാജയപ്പെട്ടതുമായ രാഷ്ട്രീയ സംവിധാനത്തെ ശുദ്ധീകരിക്കുക."
നിയമപരമായി പിൻബലമുള്ള 50 എക്സിക്യൂട്ടീവ് ഓർഡറുകൾ അതിൽ ഉൾപ്പെടുന്നു. അതിൽ ചിലതു അതിർത്തിയുടെ സുരക്ഷ സംബന്ധിച്ചാണ്. ട്രംപ് പ്രഖ്യാപിക്കുന്ന നാഷനൽ ബോർഡർ എമെർജൻസി ഫലത്തിൽ തെക്കൻ അതിർത്തി അടയ്ക്കും. വടക്കൻ അതിർത്തിയിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുമോ എന്നറിയില്ല.
ആഭ്യന്തര ഊർജോല്പാദനം ആയിരിക്കും മറ്റൊരു പ്രധാന വിഷയം. ഫെഡറൽ ജീവനക്കാരുടെ നിയമനത്തിൽ യോഗ്യത തന്നെ ആയിരിക്കണം പ്രധാന മാനദണ്ഡം എന്ന് അനുശാസിക്കുന്ന ഉത്തരവും ഉണ്ടാവും.
സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞാലുടൻ ട്രംപ് ഉത്തരവുകളിൽ ഒപ്പുവയ്ക്കുമെന്നു മുതിർന്ന ഉപദേഷ്ടാവ് ജേസൺ മില്ലർ പറഞ്ഞു. അന്നു തന്നെ 25 ഉത്തരവുകൾ ഉണ്ടാവും എന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
അമേരിക്കൻ ചരിത്രത്തിൽ ഇത്രയേറെ എക്സിക്യൂട്ടീവ് നടപടികൾ ഒന്നിച്ചു വരുന്നത് ഇതാദ്യമാണെന്നു ഒരുദ്യോഗസ്ഥൻ പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. പ്രചാരണ വാഗ്‌ദാനങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങളാണിത്.
ഷിക്കാഗോയിൽ നിന്നാവും ആദ്യ ദിവസം തന്നെ കൂട്ട നാടുകടത്തൽ ആരംഭിക്കുക എന്നാണ് ട്രംപിന്റെ സഹായികൾ പറഞ്ഞിട്ടുള്ളത്. അനധികൃത കുടിയേറ്റക്കാർക്ക് ജനിച്ച കുട്ടികൾക്കു സ്വാഭാവികമായി കിട്ടുന്ന പൗരത്വം ഇനി ഉണ്ടാവില്ല.
ഈ ഉത്തരവ് 14ആം ഭേദഗതിയുടെ ലംഘനം ആണെന്നു വാദിച്ചു പലരും കോടതിയിൽ പോകാൻ ഇടയുണ്ട്.
ഹണ്ടർ ബൈഡന്റെ ലാപ്ടോപ്പ് വിവാദവുമായി ബന്ധപ്പെട്ട 51 നാഷനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ സെക്യൂരിറ്റി ക്ലിയറൻസ് മരവിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ആദ്യ ദിവസം താൻ ഏകാധിപത്യവുമെന്നും പിന്നീട് ഒരിക്കലും ആയിരിക്കില്ലെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ക്യാപിറ്റോളിൽ 2021 ജനുവരി 6നു നടന്ന കലാപത്തിൽ പ്രതികളായവർക്കെല്ലാം മാപ്പു നൽകുമെന്ന വാഗ്‌ദാനം ട്രംപ് ആദ്യദിവസം തന്നെ നിറവേറ്റും എന്നു കരുതപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലുമായി 1,625 പേരുടെ മേലെങ്കിലും കുറ്റം ചുമത്തിയിരുന്നു. 465 പേരെങ്കിലും ജയിലിൽ കഴിയുന്നുണ്ട്.
ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്ന് മാറ്റാനും ട്രംപിനു പരിപാടി ഉണ്ടത്രേ.
Trump eyes 200 executive actions on Day 1