ശ്രീമദ് ഹരിയെ മറന്ന
മദത്തിലും ലോഭത്തിലും
ഒരുവൻ ചീത്തക്കമ്പനികളുടെ
പെന്നി ഓഹരികൾ
അവറ്റകളുടെ നല്ല കാലത്ത് പൊന്നിൻവിലയ്ക്ക്
കണ്ണുമടച്ച് വാങ്ങിക്കൂട്ടി.
ലോവർ സർക്യൂട്ടിൽ പോലും
വിൽക്കാൻ കഴിയാതെ
പാപ്പരായ നാൾ
ശ്രീമദ് ഹരിയെ ഓർത്തു
പണപ്രാന്തൻ കണ്ണീർ വാർത്തു.
വേദനയെ
വേദാന്തമാക്കി ശീലമുള്ള
സൂചകമുനകൾ
പൊട്ടിച്ചിരിച്ചു:
മൾട്ടിബാഗറിനു പുറകെ
പോയവൻ ഇതാ
ഒരു മൾട്ടി ബെഗ്ഗറായി!
2
തെറ്റ് പറ്റിയാൽ പഠിക്കാം
ശരിയാണെങ്കിൽ നേടാം
തെറ്റിലും ശരിയിലും
ഒന്നും പഠിക്കാനാകാത്ത
മൂഢർക്ക് പുരയിലേക്ക് ഓടാം
അങ്ങാടിയിൽ തോറ്റതിന്
അച്ചിയോട് തട്ടിക്കയറാം.
3
ആദിയിൽ ദൈവം
മഹത്തായ വീതം വെപ്പ് നടത്തി:
നശിക്കുന്നതെല്ലാം
മനുഷ്യന്
നശിക്കാത്തതെല്ലാം
ദൈവത്തിനും.
നശിക്കുന്ന ഓഹരിയെല്ലാം
അങ്ങാടിയിൽ നിക്ഷേപിച്ച മനുഷ്യൻ
ദുര മൂത്ത് നശിച്ച്
നാറാണക്കല്ലായി
നശിക്കാത്തത്
നശിക്കാതെ സൂക്ഷിച്ചതിനാലും
അതൊക്കെ നാൾക്കുനാൾ നൈസ്സർഗികമായ വളർച്ച കൈവരിച്ചതിനാലും
ദൈവം ശതകോടീശ്വരന്മാരുടെ
ക്ളബ്ബിലെത്തി!
ദൈവത്തിന്റെ വിപണനമൂല്യം
നന്നായി അറിയുന്ന നരന്
തോറ്റുമടങ്ങുവാൻ മനസ്സ് വന്നില്ല.
വമ്പിച്ച നഷ്ടം നികത്തുവാൻ
അവൻ പുതിയൊരു വ്യാപാരം ആരംഭിച്ചു:
ദൈവത്തിന്റെ പ്രതിഛായാവ്യാപാരം!
4
സമ്പത്ത് കാലത്ത്
ഓഹരിയങ്ങാടിയിൽ
കാശെട്ടെറിഞ്ഞാൽ
കാശെട്ടും അമുക്കാൻ
ആപത്ത് കാലത്ത്
കരടിക്കുട്ടൻ അവതരിക്കും!
5
ദു:ഖിക്കരുത്
മാറ്റമൊഴിച്ച്
മറ്റെല്ലാം മാറിക്കൊണ്ടിരിക്കും
മനുഷ്യനായാലും
ഓഹരിവിലയായാലും
കട്ടായമായും ഒരു ദിവസം
മുകളിലേക്ക് പോകും!