തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ വധക്കേസില്‍ കാമുകി ഗ്രീഷ്മയ്ക്ക് വധശിക്ഷ. അമ്മാവന് നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കാമുകന് ഷാരോണ്‍ രാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷാവിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി.
വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനും പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.
പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. അത് പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ജ്യൂസില്‍ പ്രശ്നമുണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു. വാവേ എന്നാണ് വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധിയില്‍ പറയുന്നു.
2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കാമുകന് നല്‍കിയെന്നാണ് കണ്ടെത്തല്‍.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ തന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദമാണ് പ്രാസിക്യൂഷന് മുന്നോട്ട് വെച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ അമ്മയ്ക്കും അമ്മാവനും ഒപ്പം കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.
തുടര്‍ന്നാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറന്‍സിക് ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച് നിര്‍വികാരതയോടെ ഗ്രീഷ്മ കേട്ടുനില്‍ക്കുകയായിരുന്നു. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരും നിര്‍വികാരതയോടെയാണ് വിധി കേട്ടത്.
കോടതി വിധി പ്രസ്താവിച്ചതോടെ, തൊഴുകൈകളോടെ ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. ജപമാലയോടെ പ്രാര്‍ത്ഥനയോടെയാണ് ഷാരോണിന്റെ അമ്മ കോടതിയില്‍ ഇരുന്നത്. പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ പ്രിയ പ്രതികരിച്ചു. നീതിപീഠത്തിനും പൊലീസിനും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരൻ പറഞ്ഞു.
തൂക്കുകയര്‍ വിധിച്ചത് കേട്ട് പ്രതി ഗ്രീഷ്മയുടെ കുടുംബം പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലുള്ള രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.