Image

അമേരിക്കയെ വീണ്ടും മഹത്തരമാക്കും; ഏറ്റവും വലിയ നാടുകടത്തലിനും തുടക്കമിടും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 20 January, 2025
അമേരിക്കയെ വീണ്ടും മഹത്തരമാക്കും; ഏറ്റവും വലിയ നാടുകടത്തലിനും തുടക്കമിടും  (എ.എസ് ശ്രീകുമാര്‍)

അതിശയിപ്പിക്കുന്ന തിരിച്ചുവരവിലൂടെ അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഓവല്‍ ഓഫീസിലെത്തുകയാണ്. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെന്‍' എന്ന ക്രൗഡ് പുള്ളിങ് മുദ്രാവാക്യത്തടെ ലോകക്രമം തന്നെ മാറ്റിമറിക്കുന്ന പദവിയിലേയ്ക്ക് നാലര വര്‍ഷത്തെ അര്‍ത്ഥഗര്‍ഭമായ ഇടവേളയ്ക്ക് വിരാമമിട്ട് ട്രംപ് വീണ്ടുമെത്തുമ്പോള്‍ ലോകത്തിന്റെ കണ്ണും കാതും വാഷിങ്ടണില്‍ തന്നെ കേന്ദ്രീകരിക്കുന്നു.

ഗാസയിലെ യുദ്ധവിരാമം ആഘോഷിച്ച് അധികാരമേല്‍ക്കുന്ന ട്രംപിന്റെ മുന്നില്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കല്‍,  ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ടാക്സ് ചുമത്തി ഇറക്കുമതി നിയന്ത്രിച്ച് യു.എസിലെ ആഭ്യന്തര ഉത്പാദനം കൂട്ടല്‍,  ഗാസയിലെ വെടിനിര്‍ത്തല്‍ ശാശ്വതമാക്കി സമാധാനം പുനസ്ഥാപിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ കൊടും ദുരിതത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം സുപ്രദാനമായ കുടിയേറ്റ പ്രശ്നവുമുണ്ട്.

അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ രാജ്യത്തുനിന്ന് പുറത്താക്കി വിദഗ്ധരുടെ മാത്രം നിയമപരമായ വരവ് പ്രോല്‍സാഹിപ്പിക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. മോദി-ട്രംപ് സൗഹൃ ബന്ധം പുഷ്‌കലമായിത്തന്നെ തുടരുന്നുണ്ട്. പക്ഷേ, ട്രംപ് നടപ്പാക്കാന്‍ പോകുന്ന നാടുകടത്തല്‍ നടപടി അമേരിക്കയില്‍ നിയമപരമായല്ലാതെ കഴിയുന്ന ഇന്ത്യക്കാരെയും സ്വാഭാവികമായി ബാധിക്കും. 17,940 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഭീഷണിയിലാണ്. ചൊവ്വാഴ്ച ചിക്കാഗോയില്‍ അറസ്റ്റ് തുടങ്ങമെന്നാണ് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ പരിപാടിയനുസരിച്ച്, യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നാടുകടത്താന്‍ ലക്ഷ്യമിട്ടുള്ള ഏകദേശം 1.5 ദശലക്ഷം പേരുടെ പട്ടിക, അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതിനുള്ള ഇന്‍കമിംഗ് അഡ്മിനിസ്ട്രേഷന്‍ തയ്യാറാക്കിയിരിക്കുകയാണ്. യു.എസില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ലക്ഷത്തിനുമേല്‍ രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടേക്കാം. കൂട്ടനാടു കടത്തലിന്റെ ഭാഗമായി അവരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതയുണ്ട്.  

ഹോണ്ടുറാസ്, ഗ്വാട്ടിമാല, കൊളംബിയ, ഇക്വഡോര്‍, പെറു, ഈജിപ്ത്, സെനഗല്‍, ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയയ്ക്കുന്നതെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദമാക്കിയിട്ടുണ്ട്. 2024 ഒക്ടോബറില്‍, യു.എസ് സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന നിരവധി ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ സര്‍ക്കാരുമായി ഏകോപിപ്പ് നാടുകടത്തിയിരുന്നു. അവരെ ഒക്ടോബര്‍ 22-ന് ഇന്ത്യയിലേക്ക് തിരിച്ച് അയക്കാന്‍ പ്രത്യേക വിമാനവും ചാര്‍ട്ടര്‍ ചെയ്തിരുന്നു.

ഇമിഗ്രേഷന്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, യു.എസിലെ രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ നല്ലൊരു പങ്കും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മികച്ച അവസരങ്ങള്‍ തേടി യു.എസിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ പ്രാഥമിക ഉറവിടം ഈ പ്രദേശങ്ങളാണത്രേ. മെക്സിക്കോയും എല്‍സാല്‍വദോറും കഴിഞ്ഞാല്‍ ഇന്ത്യക്കാരാണ് യു.എസിലെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാര്‍.  2023-ലെ കണക്കനുസരിച്ച് 7.5 ലക്ഷം അനധികൃത ഇന്ത്യക്കാരുണ്ട്. ഇതില്‍ 90,000 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക്.

പ്രധാനമായും മെക്സികോ, കാനഡ അതിര്‍ത്തി വഴിയാണ് അനധികൃതമായി യുഎസിലേക്കുള്ള കുടിയേറ്റം നടക്കുന്നത്. 2023-'24 അമേരിക്കന്‍ സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 ലക്ഷം അനധികൃത കുടിയേറ്റക്കാരെ യു.എസ് പിടികൂടിയിരുന്നു. ഇവരില്‍ 90,415 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 50 ശതമാനവും ഗുജറാത്തികളാണെന്നാണ് റിപ്പോര്‍ട്ട്. 43,764 പേരും കാനഡ വഴിയാണ് യു.എസ് അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍ അനധികൃത കുടിയേറ്റത്തിന് യു.എസില്‍ അറസ്റ്റിലാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ട്രംപിന്റെ രാഷ്ട്രീയാടിത്തറയുടെ കേന്ദ്രബിന്ദുവെന്ന് പറയുന്നത് കുടിയേറ്റത്തെ, പ്രത്യേകിച്ച് അനധികൃത കുടിയേറ്റത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടാണ്. അടുത്തയിടെ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ കൂട്ട നാടുകടത്തല്‍ പദ്ധതികളെ പിന്തുണയ്ക്കാന്‍ യു.എസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റത്തെ 'അധിനിവേശം' എന്ന് വിമര്‍ശിച്ച ട്രംപ്, അത് തടയുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന 'മണ്ണിന്റെ മക്കള്‍' വാദിയായ അമേരിക്കന്‍ പ്രസിഡന്റാണ്.

കുടിയേറ്റത്തിനെതിരെ ട്രംപ് കച്ചകെട്ടിയിറങ്ങിയതോടെ നിരവധി കുടിയേറ്റ അവകാശ സംഘടനകളും പൗരാവകാശ ഗ്രൂപ്പുകളും അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവാളികളുടെ നാടുകടത്തല്‍ പരിപാടി' ആരംഭിക്കുമെന്ന് പ്രചാരണ വേളയില്‍ ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട ബൈഡന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍, പ്രത്യേകിച്ച് നാടുകടത്തലിന് മുന്‍ഗണന നല്‍കുന്നവ ട്രംപ് റദ്ദാക്കും.

ബൈഡന്‍ കാലഘട്ടത്തില്‍ യു.എസില്‍ ദീര്‍ഘകാലമായി കഴിയുന്നവരോ, ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരോ ആയവര്‍ക്ക് നാടുകടത്തലില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, ട്രംപ് ഇക്കാര്യത്തില്‍ അനുകമ്പ കാണിക്കാന്‍ ഒരുതരത്തിലുള്ള സാധ്യതയുമില്ല. തന്റെ ഭരണത്തിന് കീഴില്‍ ആരും നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അവരുടെയും ചരിത്രമോ കുടുംബ സാഹചര്യമോ പരിഗണിക്കാതെ തന്നെ നാടുകടത്താനുള്ള പച്ചക്കൊടി കാണിക്കാന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിനെ അനുവദിക്കുന്ന സമീപനമാണ് ട്രംപിനുള്ളത്.

രണ്ടാം വരവില്‍ ട്രംപ് കൂടുതല്‍ ഛിദ്രശേഷിയുള്ള വ്യക്തിയായിരിക്കുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കാരണം ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ളിക്കല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. 50 ലക്ഷം പോപ്പുലര്‍ വോട്ടുകളുടെ ഭൂരിപക്ഷവും ട്രംപിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ട്രംപിന്റെ ആക്രമണാത്മക നാടുകടത്തല്‍ അജണ്ടയ്ക്ക് മുന്നില്‍ ഏതുതരം ഇടപെടലുകളാണ് വിജയിക്കുകയെന്ന് കാത്തിരുന്നുകാണാം.

 

Join WhatsApp News
മത്തായി 2025-01-20 12:31:08
കള്ളൻ രാജാവാകുന്നു
Jose kavil 2025-01-20 17:08:06
അമേരിക്കയെ തീവ്രവാദികളിൽ നിന്നും രക്ഷപെടു ത്തുവാൻ അധനികൃത മായി രേഖകളില്ലാതെ നുഴഞ്ഞു കയറുന്നവരെ പുറത്താക്കുവാൻ ട്രമ്പ് കാണിക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പക്ഷെ പാകിസ്ഥാനികൾ , അവരുടെ കാര്യം പറയുന്നില്ല അവരാണ് രാജ്യദ്രോഹികൾ വേൾഡ് ട്രെയിഡ് സെൻ്റർ തകർത്തത് പാകിസ്ഥാൻ ആണ്.
What is going to happen tomorrow! 2025-01-20 18:24:27
4 years of peace is gone. America is wondering what this lier is going to do tomorrow!
Nazi Salute by Musk 2025-01-20 22:38:06
Right-wing extremists, white nationalists, and neo-Nazis are celebrating an alarming gesture made by the world's richest man. At a post-inauguration rally Monday, Elon Musk thanked Donald Trump's supporters with a gesture that resembled a Roman salute, first putting his palm to his chest and then extending a stiff right arm toward the crowd, at a slight elevation and with his palm down. It wasn't a one-off. He later repeated the gesture.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക