തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ 'സമാധി' കേസിൽ ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു എന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ അസുഖങ്ങളാണോ മരണത്തിനു കാരണമായത് എന്നത് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധനഫലം കൂടി ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.
പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. മരണത്തിലെ ദുരൂഹത നീങ്ങാൻ 3 പരിശോധനാ ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്റ്റോ പത്തോളജിക്കൽ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.