നിക്ഷേപത്തിന് അമിതലാഭം വാഗ്ദാനം ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ വൈദികന് ഒരു കോടി 41 ലക്ഷം രൂപ നഷ്ടമായി. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആദ്യം പണം നിക്ഷേപിച്ച വൈദികന് 50 ലക്ഷവും പിന്നീട് 17 ലക്ഷവും തിരികെ ലഭിച്ചു. ഇതോടെ വൈദികന്‍ പലരില്‍ നിന്നായി സ്വരൂപിച്ച 1.41 കോടി രൂപ കൂടി നിക്ഷേപിച്ചു. ലാഭം ലഭിക്കാതായതോടെ ട്രേഡിങ് ആപ്പ് സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് വൈദികനു മനസ്സിലായത്. പിന്നാലെ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ നോര്‍ത്ത് ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. അക്കൗണ്ടില്‍ നിന്ന് മറ്റു പല അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി. പരാതി ലഭിച്ച ഉടന്‍തന്നെ ഇടപെട്ടതിനാല്‍ 28 ലക്ഷം രൂപ ബാങ്കില്‍ ഫ്രീസ് ചെയ്യിക്കാന്‍ പോലീസിന് സാധിച്ചു. കാസര്‍കോട് സ്വദേശിയായ വൈദികന്‍ കോതനല്ലൂറിലെ പള്ളിയിലാണ് വൈദികനായി സേവനമനുഷ്ഠിക്കുന്നത്.