തിരുവനന്തപുരം: കിളിമാനൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (52) ആണ് മരിച്ചത്. മാതാവിൻ്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിക്കുകയും മൊബൈൽ തിരിച്ചു നൽകാൻ ഹരികുമാർ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതിനിടെ ഹരികുമാറിനെ മകൻ ചവിട്ടി താഴേക്ക് വീഴ്ത്തുകയായിരുന്നു. തലയിടിച്ച് വീണാണ് ഹരികുമാറിന് ഗുരുതര പരിക്ക് പറ്റിയത് . മുഖത്തും തലയിലും പരുക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഇന്നാണ് ഹരികുമാർ മരണപ്പെടുന്നത്.
തുടർന്ന് ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതക വകുപ്പ് ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.