ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥി കെ.രവി തേജ വാഷിംഗ്ടണിൽ വെടിയേറ്റു മരിച്ചു. ഗ്യാസ് സ്റ്റേഷനിൽ വച്ചു വെടിയേറ്റ 26കാരൻ തൽക്ഷണം മരിച്ചെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം.
വിശദവിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു നോർത്ത് അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡന്റസ് പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാഷ്ട്ര തലസ്ഥാനത്തു സുരക്ഷ കടുപ്പിച്ച നേരത്താണ് ഈ അക്രമം ഉണ്ടായത്.
എം ബി എ പഠിക്കാൻ 2022ലാണ് തേജ യുഎസിൽ എത്തിയത്. പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു. കുടുംബം ഹൈദരാബാദ് ചൈതന്യപുരിയിലെ ഗ്രീൻ ഹിൽസ് കോളനിയിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ പിതാവ് കെ. ചന്ദ്രമൗലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടി.
കഴിഞ്ഞ നാലു മാസത്തിനിടയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ടാമത്തെ യുവാവാണ് യുഎസിൽ വെടിയേറ്റ് മരിക്കുന്നത്. സെപ്റ്റംബർ 29നു ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജയെ (22) അദ്ദേഹം ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തി. അദ്ദേഹവും എം ബി എ വിദ്യാർഥി ആയിരുന്നു.
Indian student shot dead in DC