തിരുവനന്തപുരം: കഷായത്തില്‍ കളനാശിനി ചേര്‍ത്ത് കാമുകി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് വിധി പുറപ്പെടുവിക്കും മുമ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ കോടതി ചൂണ്ടിക്കാട്ടി . പ്രായത്തിന്റെ പരിഗണന പ്രതി അര്‍ഹിക്കുന്നില്ല. അത്രയ്ക്കും ഹീനമായ കൃത്യമാണ് പ്രതി നടത്തിയത്. ആന്തരികാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. പ്രകോപനമില്ലാത്ത കൊലപാതകമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മ ഇന്റലിജന്റ് ക്രിമിനലെന്ന് കോടതി അഭിപ്രായപ്പെട്ടതായി പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രീഷ്മ കൊലപ്പെടുത്തിയ ഷാരോണ്‍ രാജ് പ്രണയത്തിന്റെ അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി .
മറ്റൊരു വിവാഹം ഉറപ്പിച്ചതിനാല്‍ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചണ് ഗ്രീഷ്മ ഷാരോണിന് വിഷം നല്‍കിയത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും കോടതി വ്യക്തമാക്കി.
ഇരുവരും പ്രണയത്തിലായിരിക്കെ കൊലപാതകത്തിന് ശ്രമിച്ചു. ഗ്രീഷ്മ നൽകിയ ജ്യൂസില്‍ എന്തോ ഉണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതുകൊണ്ടാണ് വേണ്ട എന്ന് പറഞ്ഞിട്ടും ഷാരോണ്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോണ്‍ 11 ദിവസം ആശുപത്രിയില്‍ കിടന്നു. ഷാരോണുമായ് സംസാരിക്കുന്ന സമയം തന്നെ വിവാഹമുറപ്പിച്ച ആളുമായി ഗ്രീഷ്മ സംസാരിക്കുന്നുണ്ടായിരുന്നു.
ദിവസങ്ങളോളം ഗൂഗിള്‍ സെര്‍ച്ച് ചെയ്താണ് പാരസെറ്റ് എന്ന കീടനാശിനി ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിഷാംശം കണ്ടെത്താന്‍ സാധിക്കില്ലെന്നു ഗ്രീഷ്മ കണ്ടെത്തിയത്. തുടര്‍ന്നാണ് കഷായ ചലഞ്ച് എന്ന പദ്ധതി ഗ്രീഷ്മ തയാറാക്കിയത്. സംഭവദിവസത്തിനു തലേദിവസം രാത്രി മണിക്കൂറുകളോളം ഷാരോണിനോട് ലൈംഗിക കാര്യങ്ങള്‍ അടക്കം സംസാരിച്ച് അടുത്ത ദിവസം ശാരീരിക ബന്ധത്തിനായി വീട്ടിലേക്ക് വരാന്‍ ക്ഷണിക്കുകയും ചെയ്തത്. എന്നാല്‍, ബൈക്ക് ഇല്ലെന്നും മറ്റൊരു ദിവസം വരാമെന്നും ഷാരോണ്‍ പറഞ്ഞപ്പോള്‍ ആരുടെ എങ്കിലും ബൈക്ക് സംഘടിപ്പിച്ച് വരാന്‍ ഗ്രീഷ്മ നിര്‍ബന്ധിക്കുയായിരുന്നു. തുടര്‍ന്നാണ് സംഭവദിവസം താന്‍ കഴിക്കുന്ന കഷായത്തിന് വലിയ കയ്പാണെന്നും പറ്റുമെങ്കില്‍ കഴിച്ചു നോക്കാനുമുള്ള ചലഞ്ച് ഗ്രീഷ്മ ഷാരോണിന് മുന്നില്‍ വയ്ക്കുന്നത്. പ്രണയത്തിന്റെ പേരില്‍ ഗ്രീഷ്മ നല്‍കുന്നത് വിഷം ആണെന്നറിയാതെ ഷാരോണ്‍ ഇതു കഴിക്കുകായിരുന്നു. ഇതാണ് ഷാരോണിന്റെ മരണത്തിന് കാരണമായത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് കോടതി വിലയിരുത്തി. ബ്രൂട്ടല്‍ ആന്‍ഡ് ബ്രില്യന്റ് ക്രൈം എന്നാണ് ഈ കേസിനെ കോടതി വിശേഷിപ്പിച്ചത്. സ്‌നേഹത്തിന്റെ മറവില്‍ കൊടുംക്രൂരതയാണ് ഗ്രീഷ്മ നടത്തിയത്. ആ യുവാവ് മരിച്ചത് നരകിച്ചാണ്. ആന്തരികാവയവങ്ങള്‍ ഉരുകി തീര്‍ന്നതിലൂടെ 11 ദിവസം ജലപാനമില്ലാതെ കിടന്നു. ഗ്രീഷ്മയെ ഷാരോണ്‍ അമിതമായി പ്രണയിച്ചിതുകൊണ്ടാണ് നരകിച്ച് മരണക്കിടക്കയില്‍ കിടക്കുമ്ബോള്‍ പോലും ഗ്രീഷ്മയുടെ പേര് പറയാതിരുന്നത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് മരണമൊഴിയില്‍ ഗ്രീഷ്മയുടെ പേര് പറയാതിരുന്നതെന്നും കോടതി.
ജൂസ് ചലഞ്ചിലൂടെ ഗ്രീഷ്മ നടത്തിയ് വധശ്രമമായിരുന്നെന്നും കോടതി വിലയിരുത്തി. വലിയ വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്.
പ്രായത്തിന്റെ ഇളവ് പ്രതിക്ക് ലഭിക്കില്ലെന്നും ഷാരോണിനും ഇതേ പ്രായമായിരുന്നെന്നും കോടതി വിധിയില്‍ പറഞ്ഞു. സംഭവ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ മര്‍ദിച്ചതിന് തെളിവില്ലെന്നും ഷാരോണ്‍ നിഷ്‌കളങ്കനായിരുന്നെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. 48 സാഹചര്യത്തെളിവുകള്‍ ഗ്രീഷ്മയ്‌ക്കെതിരേ ഉണ്ടെന്നും കോടതിപറഞ്ഞു. കേസിലെ അന്വേഷണ മികവിന് പോലീസ് സംഘത്തെ കോടതി അഭിനന്ദിച്ചു. 586 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ നടത്തിയത്.
പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി പറഞ്ഞു.
ഗ്രീഷ്മയെ അന്ധമായി വിശ്വസിച്ച ഷാരോണ്‍ കൊലപ്പെടുത്താനാണ് തന്നെ വിളിക്കുന്നതെന്ന് അറിഞ്ഞില്ല. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കിയത്. പ്രതിയുടെ പ്രായം കോടതി കണക്കില്‍ എടുക്കുന്നില്ല. തനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. അതുകൊണ്ടാണ് ഷാരോണിന്റെ കുടുംബത്തെ കോടതിക്ക് അകത്തേക്ക് വിളിച്ചത്. നേരത്തെ കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് വാദവും തെറ്റാണ്. വധശ്രമം ഇതില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസില്‍ നിന്ന് വഴി തിരിച്ചുവിടാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.