Image

തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻ്റിലെ ഒരപൂർവ്വ കാഴ്ച - സുധീർ പരമേശ്വരൻ

Published on 20 January, 2025
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻ്റിലെ ഒരപൂർവ്വ കാഴ്ച  - സുധീർ പരമേശ്വരൻ

2025 ജനുവരി 17 ന് ഏതാണ്ട് അർദ്ധരാത്രിയായപ്പോഴാണ് ഒരു യാത്രകഴിഞ്ഞ് ഞാൻ വന്നിറങ്ങിയത്. കൗതുകമുള്ള യാത്രകളും കാഴ്ചകളും മനുഷ്യ ജീവിതവുമൊക്കെ എന്നും കാണാനും അറിയാനും ഇഷ്ടപ്പെടുന്ന എനിക്ക് ഒറ്റയ്ക്കുള്ള നീണ്ടതും ചെറുതുമായ യാത്രകൾ തരുന്ന അനുഭവം ചെറുതല്ല. കയ്യിൽ എൻ്റെ ഏതാനും പുസ്തകങ്ങളും ഉണ്ടാകും. ഓരോ യാത്രയും സുഹൃത്തുക്കളെ തരും. അനുഭവങ്ങൾ പങ്കുവെയ്ക്കും. യാത്രകളാണ് മനുഷ്യനെ കൂടുതൽ പക്വമതിയാക്കുന്നത്. ദേഷ്യം ഉൾപ്പെടെയുള്ള എല്ലാ മാനുഷികവികാരങ്ങൾക്കും ശമനം തരുന്നത് നമ്മുടെ യാത്രകളാണ്. ക്ഷമിക്കാനും സഹിക്കാനും പൊരുതാനും തളരാതിരിക്കാനും യാത്രകൾ നമ്മേ സഹായിക്കുന്നു.

പരമാവധി യാത്രകൾ ചെയ്യുകയെന്നത് ഒരു കലാകാരൻ്റെ ആദ്യആഗ്രഹങ്ങളിൽ ഒന്നാണ്. നല്ല കൂട്ട് നല്ല യാത്രകളെ കൂടുതൽ മനോഹരമാക്കും. മനോഹരമായ ജീവിതത്തിൽ എല്ലാ ദൃശ്യാദശ്യങ്ങൾക്കും മനോഹാരിതയുണ്ട്. എന്നാൽ വേദനിപ്പിക്കുന്ന ദശ്യങ്ങളിലും നമ്മുടെ കാഴ്ചകൾ സഹാനുഭൂതിക്ക് പാത്രമാകും. ലോകത്ത് പലതും നടക്കുന്നുണ്ടെന്നു നാമറിയേണ്ടതുണ്ട്. മനസുകൊണ്ട് നാമതിൽ ഭാഗഭാഗാകുന്നു.

ഇത്രയും പറയുന്നത് തിരുവനന്തപുരത്ത് രാത്രി വെളിച്ചത്തിൽ കണ്ട സ്നേഹത്തിൻ്റെ ഒരു ദൃശ്യമാണ്.

വളരെ ക്ഷീണിതനായ ഒരു മനുഷ്യൻ ബസ്കാത്തു നിൽക്കുന്ന യാത്രക്കാരുടെ ഇടയിൽ നിലത്തു കിടക്കുന്നു. അടുത്ത് അയാളുടെ ബാഗ്. ഊരിയിട്ട ചെരുപ്പുകൾ.

അയാളോട് ചേർന്നു കിടക്കുന്ന ഒരു തെരുവു നായ.

അയാളും നായയും ഉറക്കത്തിലാണ്. അർദ്ധ മയക്കത്തിൽ അയാൾ കൈകൊണ്ട് നായയെ ചേർത്തുപിടിക്കുന്നുണ്ട്. നായയും കൈ കൊണ്ട് അയാളെ തലോടുന്നുണ്ട്.......

മനുഷ്യൻ സ്നേഹിക്കാനാണ് പിറക്കുന്നത്.

മനുഷ്യരെ മാത്രമല്ല,

ജന്തുക്കളെയും ജീവികളേയും സസ്യലതാതികളേയും പൂക്കളേയും പൂമ്പാറ്റകളെയും കടലിനെയും മലകളേയും സർവ്വചരാചരങ്ങളേയും!

സ്നേഹിക്കാനുള്ള ഒരു പഴുതും നാം അടയ്ക്കാതിരിക്കുക.

സ്നേഹം തെറ്റിദ്ധരിക്കാതെയുമിരിക്കുക.

ഇവിടെ നായയിൽ അയാൾക്ക് ഒന്നും കിട്ടാനില്ല. ഒന്നും പ്രതീക്ഷിക്കാതെ ആ മനുഷ്യൻ ഒരു പാവം ജീവിയെ സ്നേഹിക്കുന്നു.

തിരിച്ച് ,ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹമല്ലേ സ്നേഹം!

ഈ ചിത്രം കാണു.

- സുധീർ പരമേശ്വരൻ

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക